അഹാനകൃഷ്ണയുടെയും നിമിഷ് രവിയുടെയും വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍ നടനും നിര്‍മ്മാതാവുമായ ഋഷബ് ഷെട്ടിയും ഭാര്യ പ്രഗതി ഷെട്ടിയും തിരുവനന്തപുരത്ത് എത്തിയതായി റിപ്പോര്‍ട്ടുകള്‍. ഇരുവരും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന ചിത്രങ്ങള്‍ സമൂഹമാധ്യങ്ങളില്‍ ശ്രദ്ധേയമായി.
നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘കാന്താര’യിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച റിഷഭ് ഷെട്ടിയെയും ഭാര്യ പ്രഗതിയെയും ശ്രീപത്മനാഭ സ്വാമി ക്ഷേത്രസന്നിധിയിൽ കാണാൻ കഴിഞ്ഞത് ഏറെ സന്തോഷമുളവാക്കിയ അനുഭവമായി’ എന്ന കാപ്ഷനോടെ മന്ത്രി പി.സി. വിഷ്ണുനാഥ് പങ്കുവെച്ച ചിത്രങ്ങളും ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖർക്കായി സുബ്രഹ്ണ്യം ഹാൾ, ട്രിവാൻഡ്രം ക്ലബ്ബിൽ വച്ച് വൈകീട്ട് 6:30 മുതലാണ് റിസപ്ഷൻ സംഘടിപ്പിച്ചിരിക്കുന്നത്. താജ് കോവളത്തു വച്ച് സെപ്റ്റംബര്‍ 13 മുതല്‍ തുടങ്ങിയ മൂന്നു ദിവസം നീളുന്ന വിവാഹച്ചടങ്ങളും ഉണ്ടായിരുന്നു.
2014ൽ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമാരംഗത്തേക്ക് വരുന്നത്. ലൂക്ക, റോഷാക്ക്, ലോക ചാപ്റ്റർ വൺ: ചന്ദ്ര തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് നിമിഷ് രവി. കൂടാതെ അഹാന സംവിധാനം ചെയ്ത തോന്നല്‍, പൂക്കള്‍ എന്നീ മ്യൂസിക്കല്‍ വിഡിയോകള്‍ക്കായി കാമറ ചലിപ്പിച്ചതും നിമിഷ് രവിയായിരുന്നു.
അഹാനയുടെ വീട്ടിലെ എല്ലാ വിശേഷങ്ങളിലും നിമിഷ് രവിയുടെയും കുടുംബത്തിന്റെയും സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും, ഇരുവരും തങ്ങളുടെ വ്യക്തിപരമായ ബന്ധത്തെക്കുറിച്ച് പൊതുവെ മൗനം പാലിക്കുകയായിരുന്നു. വിവാഹത്തോടനുബന്ധിച്ചുള്ള ചിത്രങ്ങളും വിഡിയോകളും ഉടൻതന്നെ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.