ഇതുവരെ അറിയാത്ത പുരുഷന്‍മാര്‍ വന്ന് കവിളില്‍ പിടിച്ച് വലിക്കുന്നു, ചുംബിക്കുന്നു, കവിളില്‍ പിച്ചി വിരല്‍ ചുംബിക്കുന്നു. ഒരു സ്ത്രീയെ സംബന്ധിച്ച് അത്യന്തം അസഹനീയമായ അവസ്ഥയായിരിക്കും അത്. ഇതാണ് കന്നഡ നടി രചിതാ റാമിന് സംഭവിച്ചത്. കാണുന്നവര്‍ക്ക് വരെ അസഹ്യമായ തോന്നിയേക്കാവുന്ന രംഗം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഈയടുത്താണ് നടി തന്‍റെ 34ാം പിറന്നാള്‍ ആഘോഷിച്ചത്. ഇതിന് പിന്നാലെ തന്‍റെ ആരാധകരുമായി അടുത്തിടപഴകാന്‍ നടി ഒരവസരം കണ്ടെത്തി. രണ്ട് ദിവസങ്ങളിലായി നടി ഒരു ഫാന്‍ ഇന്ററാക്ഷന്‍ പരിപാടി സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ നടത്തിയ പരിപാടിയില്‍ ഒരാള്‍ നടിയുടെ അടുത്തെത്തിയതും തോളിലൂടെ കയ്യിട്ട് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നത് കാണാം. എന്നാല്‍ നടി ചിരിച്ചുകൊണ്ട് കൈ തട്ടിമാറ്റുകയും ഇയാളുടെ ഫോണ്‍ വാങ്ങി സെല്‍ഫി എടുത്ത് കൊടുക്കുന്നതും കാണാം.
എന്നാല്‍ അതേ ദിവസം വൈകീട്ട് നടന്ന പരിപാടിയില്‍ ഒരു യുവാവ് നടിക്കടുത്തെത്തുകയും കവിളില്‍ പിടിച്ച് വലിക്കുകയും ചെയ്യുന്നത് കാണാം. പെട്ടന്ന് സ്തംഭിച്ച് പോകുന്ന നടി മറുപടി പറയാനാകാതെ നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
എന്നാല്‍ തൊട്ടടുത്ത ദിവസം നടക്കുന്ന പരിപാടിയിലും സമാനമായ സംഭവം നടക്കുന്നു. നടിയുടെ അടുത്ത് നിന്ന് ഫോട്ടോയെടുക്കുന്ന ആള്‍ നടിയുടെ കവിളില്‍ നുള്ളുകയും ചുംബിക്കുകയും ചെയ്യുന്നു. നടിക്ക് ചുറ്റും നില്‍ക്കുന്ന സുരക്ഷാ ജീവനക്കാര്‍ ഇയാളെ തള്ളിമാറ്റുന്നത് കാണാം. അവസാന വിഡിയോയില്‍ നടിയുടെ മുഖത്ത് വ്യക്തമായി ദേഷ്യം വരുന്നത് കാണാം. നടി ആരാധകനോട് ഇത് പ്രകടിപ്പിക്കുന്നുമുണ്ട്. ഇതോടെ നടിയുടെ വശത്തുണ്ടായിരുന്ന ആളുകള്‍ ഇയാളെ പിടിച്ചുമാറ്റുന്നു.
എന്നാല്‍ തന്നോട് ആരാധകര്‍ സ്നേഹത്തില്‍ ആണ് പെരുമാറിയതെന്നായിരുന്നു നടിയുടെ പ്രതികരണം. തുടര്‍ച്ചയായി നടിക്കെതിരെ ഇത്തരം അതിക്രമങ്ങളുണ്ടായിട്ടും സംഘാടകര്‍ വേണ്ടത്ര സുരക്ഷാ നടപടികള്‍ സ്വീകരിക്കാത്തതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.