• തെളിവുകൾ നശിപ്പിക്കാതിരിക്കാനാണ് ഡോക്ടറുടെ ഫോൺ തിരികെ നൽകാതിരുന്നതെന്ന് നടി

യുവനടിയുടെ ബന്ധുവിനെ ബലാത്സംഗം ചെയ്തന്നെ കേസിൽ ഡോ.ജോൺസൺ കെ.വർഗീസിനെതിരെ നടിയുടെ മൊഴി. പീഡന പരാതി ഒതുക്കി തീർക്കാൻ ഡോക്ടർ ജോൺസൺ കെ. വർഗീസ് ഒരു കോടി രൂപ വാഗ്ദാനം ചെയ്തെന്നാണ് ഡോക്ടറെ മർദിച്ച കേസിൽ പിടിയിലായ യുവനടിയുടെ മൊഴി.

വാഗ്ദാനം നിരസിച്ചതോടെയാണ് ഡോക്ടർ പൊലീസിൽ മർദന പരാതി നൽകിയത്. ഡോക്ടറുടെ ഫോൺ തിരികെ നൽകാതിരുന്നത് തെളിവുകൾ നശിപ്പിക്കാതിരിക്കാനാണെന്നും ബന്ധുവായ പരാതിക്കാരി വഴി ഫോൺ പൊലീസിനു കൈമാറാനായിരുന്നു ലക്ഷ്യമെന്നും യുവനടി ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളുമായി കടവന്ത്ര പൊലീസ് മർദ്ദനം നടന്നതായി ഡോക്ടറുടെ പരാതിയിൽ പറയുന്ന അപ്പാർട്ട്മെന്റിലെത്തി തെളിവെടുപ്പ് നടത്തും.

കേസില്‍ ഒളിവിൽ കഴിയുന്ന ഡോ.ജോൺസൺ കെ.വർഗീസ് കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. പരാതിക്കാരിയുടെ കുടുംബ ഡോക്ടറാണ് താനെന്നും ദീർഘകാലമായി തനിക്ക് കീഴിൽ അവര്‍ ചികിത്സ തേടുന്നുണ്ട്. പരാതിക്കാരിയുമായി നല്ല ബന്ധമെന്നും, യുവനടി മൂന്ന് കോടി ആവശ്യപ്പെട്ട് നഗ്നനാക്കി മർദ്ദിച്ചു എന്നുമാണ് മുൻകൂർ ജാമ്യാപേക്ഷയിലുള്ളത്. താൻ നൽകിയ ആക്രമണ പരാതിയുടെ പ്രതികാര നടപടിയാണ് തനിക്കെതിരായ പീഡനപരാതിയെന്നും ഡോ.ജോൺസൺ കെ.വർഗീസ് ആരോപിക്കുന്നു.

ഒക്ടോബർ പത്തിന് നടന്നതായി പറയുന്ന സംഭവത്തിൽ നവംബർ നാലിന് ശേഷമാണ് പരാതിക്കാരി പൊലീസിനെ സമീപിച്ചത്. നവംബർ നാലിന് കടവന്ത്ര പൊലീസ് സ്റ്റേഷനിൽ താൻ നൽകിയ പരാതിയിൽ കേസെടുത്തതിന് ശേഷമാണ് പീഡന പരാതി ഉയർന്നത്. തനിക്കെതിരായ കേസ് പ്രതികാര നടപടിയാണോയെന്ന് പരിശോധിക്കണമെന്നും മുൻകൂർ ജാമ്യ ഹർജിയിൽ ഡോ.ജോൺസൺ ആവശ്യപ്പെട്ടു.

ഡോക്‌ടറെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി മർദിച്ച കേസിൽ യുവനടി ഉൾപ്പെടെ മൂന്നു പേര്‍ അറസ്റ്റിലായതോടെയാണ് കേസിന്‍റെ തുടക്കം. പിന്നാലെ യുവനടിയുടെ ബന്ധു ഡോക്ടര്‍ക്കെതിരെ പീഡന പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ക്കെതിരെയും കേസെടുത്തതോടെ ഡോ.ജോൺസൺ കെ.വർഗീസ് ഒളിവിലാണ്.

ENGLISH SUMMARY:

Dr. Johnson K. Varghese allegedly offered ₹1 crore to hush up a sexual harassment complaint, according to a statement given during interrogation by a young actress arrested for assaulting the doctor. The actress claimed that the doctor filed the assault complaint with the police only after his monetary offer was rejected. She further clarified that they retained the doctor's phone to prevent evidence tampering, intending to hand it over to the police through the victimized relative.