• അന്ന് മമിതയെ ഒഴിവാക്കിയതിൽ നിർമാതാവിനും നായകനും ഇപ്പോൾ തീർച്ചയായും ഖേദം തോന്നുന്നുണ്ടാകുമെന്ന് കമൽ

തെന്നിന്ത്യൻ സിനിമയിലെ സെൻസേഷണൽ താരമാണ് മലയാളത്തിന്റെ സ്വന്തം മമിത ബൈജു. 'പ്രേമലു', 'ബത്‌ലഹേം കുടുംബ യൂണിറ്റ്' എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിൽ വലിയ വിജയങ്ങൾ നേടിയ താരം, വിജയ്ക്കൊപ്പം 'ജനനായകനിലും' സൂര്യയ്ക്കൊപ്പം 'വിശ്വനാഥൻ ആൻഡ് സൺസിലും' ധനുഷിനൊപ്പം 'കാര'യിലും അഭിനയിച്ച് കോളിവുഡിലും ശ്രദ്ധ നേടി. എന്നാൽ, സൂപ്പർഹിറ്റുകളിലൂടെ താരപദവിയിലേക്ക് ഉയരുന്നതിന് മുൻപ് മമിതയ്ക്ക് സിനിമാലോകത്ത് നേരിടേണ്ടിവന്ന അവഗണനയെക്കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ കമൽ.

തിരക്കഥയെഴുതി സംവിധാനം ചെയ്യാനിരുന്ന പുതിയ ചിത്രത്തിൽ നായികയായി മമിതയെ നിശ്ചയിച്ചിരുന്നു. എന്നാൽ, പുതുമുഖമായതിന്റെ പേരിൽ മാത്രം നായകനും നിർമാതാവും ചേർന്ന് മമിതയെ ചിത്രത്തിൽനിന്ന് ഒഴിവാക്കുകയായിരുന്നുവെന്ന് കമൽ പറഞ്ഞു. "പുതിയ തലമുറയിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആർട്ടിസ്റ്റുകളിൽ ഒരാളാണ് മമിത. മമിത അഭിനയിച്ച 'ഖോ ഖോ' എന്ന സിനിമ കണ്ടതുമുതൽ ആ കുട്ടിയുടെ പ്രകടനം എനിക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നു. ആ ചിത്രത്തിലെ വേഷം മമിത വളരെ നന്നായി ചെയ്തിട്ടുണ്ട്. അങ്ങനെയാണ് എന്റെ പുതിയ സിനിമയിലെ നായികയായി മമിതയെ നിശ്ചയിക്കുന്നത്. പിന്നീട് 'സൂപ്പർ ശരണ്യ' കണ്ടതോടെ ആ തീരുമാനം ഉറപ്പിച്ചു."

എന്നാൽ, കഥാപാത്രത്തിന്റെ പ്രാധാന്യമോ മമിതയുടെ അഭിനയമികവോ പരിഗണിക്കാൻ അന്ന് നായകനും നിർമാതാവും തയ്യാറായില്ലെന്ന് കമൽ വ്യക്തമാക്കി."കുറച്ച് നെഗറ്റീവ് ഷേഡുള്ള,  നായകനേക്കാൾ സ്ക്രീൻ സ്പേസും പ്രാധാന്യവുമുള്ള കഥാപാത്രമായിരുന്നു അത്. ഞാൻ മമിതയെ വിളിച്ച് കഥ പറഞ്ഞപ്പോൾ വളരെ കൗതുകത്തോടെയാണ് ആ കുട്ടി കേട്ടിരുന്നത്. കഥാപാത്രം മമിതയ്ക്ക് ഇഷ്ടപ്പെടുകയും ചെയ്തു. 

പുതുമുഖ നായിക പോരെന്നും കുറച്ചുകൂടി അറിയപ്പെടുന്ന ഒരു നായിക വേണമെന്നും നായകൻ തീർത്തുപറഞ്ഞു. പിന്നീട് നിർമാതാവും ഇതേ നിലപാടെടുത്തതോടെ ആ പ്രോജക്ടിൽനിന്ന് മമിതയെ ഒഴിവാക്കേണ്ടിവന്നു. എന്റെ കരിയറിൽ ഇതുപോലൊരു അനുഭവം മുമ്പുണ്ടായിട്ടില്ലാത്തതിനാൽ എനിക്ക് വലിയ വിഷമം തോന്നി", കമൽ പറഞ്ഞു.

ആ സംഭവം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിലാണ് 'പ്രേമലു' റിലീസ് ചെയ്യുന്നതും മമിത മലയാളത്തിലെ മുൻനിര നായികയായി മാറുന്നതും. ഇന്ന് സിനിമാലോകത്ത് ഏറെ തിരക്കുള്ള താരമാണ് മമിത. അന്ന് മമിതയെ ഒഴിവാക്കിയതിൽ ആ നിർമാതാവിനും നായകനും ഇപ്പോൾ തീർച്ചയായും ഖേദം തോന്നുന്നുണ്ടാകുമെന്നും കമൽ കൂട്ടിച്ചേർത്തു. ആ കഥാപാത്രം മറ്റൊരു താരത്തെക്കൊണ്ട് ചെയ്യിക്കാൻ കഴിയാത്തതിനാൽ സിനിമ തൽക്കാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണെന്ന് യൂട്യൂബ് ചാനലായ 'പോർട്രെയ്റ്റ്സ് ബൈ ഗദ്ദാഫി'ക്ക് നൽകിയ അഭിമുഖത്തിൽ കമൽ വെളിപ്പെടുത്തി.

ENGLISH SUMMARY:

Director Kamal recently revealed in an interview that rising South Indian star Mamitha Baiju was once dropped from his upcoming project by the lead actor and producer solely because she was a newcomer. Despite Kamal casting her due to her impressive performances in Kho Kho and Super Sharanya, the makers demanded a more established actress for the role, which featured substantial screen time and negative shades. Shortly after this incident, Mamitha achieved massive stardom through the blockbuster Premalu, leaving the makers reportedly regretting their decision. Kamal added that the film has been temporarily shelved since that specific character cannot be replaced by anyone else.