Image Credit: Instagram/jewelmary

  • 'ഇനിയെങ്കിലും ഇതൊന്ന് നിർത്തിക്കൂടേ? വണ്ണമുള്ള മനുഷ്യർക്ക്, വണ്ണമില്ലാത്ത മനുഷ്യർക്ക്, തൊലി ഇച്ചിരി ഇരുണ്ടുപോയ മനുഷ്യർക്ക്, മുഖക്കുരു ഉള്ള മനുഷ്യര്‍ക്ക് പല്ല് പൊന്തിയ മനുഷ്യർക്ക്... ഇവർക്കൊന്നും ജീവിക്കണ്ടേ?'

സ്നേഹത്തിന്റെ പേരിലുള്ള കുശലാന്വേഷണമെന്ന പേരിൽ ആളുകൾ നടത്തുന്ന ബോഡി ഷെയ്മിങ് പരാമർശങ്ങൾക്കെതിരെ നടിയും അവതാരകയുമായ ജ്യുവൽ മേരി. മറ്റ് മനുഷ്യരുടെ ശരീരത്തെക്കുറിച്ചുള്ള ആകുലതകൾ എന്നാണ് അവസാനിപ്പിക്കുകയെന്നും, എത്രപേരുടെ നിലനിൽപ്പിനെയാണ് ഇത്തരം ചോദ്യങ്ങളിലൂടെ സമൂഹം ഇല്ലാതാക്കിയതെന്നും അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെ ചോദിക്കുന്നു. ‘ശരീരമൊന്നും നോക്കാറില്ല അല്ലേ, വണ്ണം വച്ചത് കണ്ടപ്പോൾ മനസ്സിലായി’ എന്ന് ചിലരൊക്കെ തീർത്തും സാധാരണരൂപത്തിൽ തന്നോട് പറഞ്ഞിട്ടുണ്ടെന്നും, ഒരാളോട് കാണിക്കുന്ന സ്നേഹവും ശരീരത്തെക്കുറിച്ച് നടത്തുന്ന അഭിപ്രായ പ്രകടനവും രണ്ടും രണ്ടാണെന്നും അവർ പറയുന്നു. വണ്ണമുള്ള മനുഷ്യർക്കും വണ്ണമില്ലാത്ത മനുഷ്യർക്കും തൊലി ഇരുണ്ടവർക്കും പല്ല് പൊന്തിയവർക്കും മുഖക്കുരുവുള്ളവർക്കുമെല്ലാം ജീവിക്കണമെന്നും, ഇതൊന്നുമല്ല ഒരു മനുഷ്യനെ വിലയിരുത്താനുള്ള മാനദണ്ഡമെന്നും അവർ കൂട്ടിച്ചേർത്തു.

ജ്യുവലിന്റെ വാക്കുകൾ ഇങ്ങനെ: ‘വീ ആസ് ഹ്യൂമൻസ്, വൈ ആർ വീ സോ ഒബ്സെസ്ഡ് എബൗട്ട് അദർ പീപ്പിൾസ് ബോഡി? വേറെ ആൾക്കാരുടെ ദേഹത്ത്, അവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിലെന്താണ് നിങ്ങൾ എടുത്തുവച്ചിരിക്കുന്നത്? എന്നെ കാണുന്ന എത്ര മനുഷ്യരാണ് വളരെ കാഷ്വലായി ഇങ്ങനെ പറയുന്നത്; ‘ശരീരമൊന്നും നോക്കാറില്ല അല്ലേ, വണ്ണം വച്ചത് കണ്ടപ്പോൾ ഞങ്ങൾക്ക് മനസ്സിലായി’ എന്ന്.

നിങ്ങളുടെ സ്നേഹം എനിക്ക് മനസ്സിലാകും. പക്ഷേ അത് എന്റെ ശരീരത്തെക്കുറിച്ച് എന്തും പറയാനുള്ള സ്വാതന്ത്ര്യമാണെന്ന് കരുതരുത്. ഇത് എന്റെ ശരീരമാണ്, എന്റെ ഇടമാണ്. ഇതിൽ അഭിപ്രായം പറയാൻ നിങ്ങൾക്കെന്താണ് ഇത്ര ധൈര്യം? നമ്മൾ എത്ര സ്ത്രീകളെയാണ്, എത്ര മനുഷ്യരെയാണ്, കുട്ടികളെയാണ്, നിറത്തിന്റെ പേരിലും വണ്ണത്തിന്റെ പേരിലും അവരുടെ നിലനിൽപ്പിനെത്തന്നെ നശിപ്പിച്ചുകളയുന്ന രീതിയിൽ സംസാരിക്കുന്നത്?

ഇനിയെങ്കിലും ഇതൊന്ന് നിർത്തിക്കൂടേ? വണ്ണമുള്ള മനുഷ്യർക്ക്, വണ്ണമില്ലാത്ത മനുഷ്യർക്ക്, തൊലി ഇച്ചിരി ഇരുണ്ടുപോയ മനുഷ്യർക്ക്, മുഖക്കുരുവുള്ള മനുഷ്യർക്ക്, പല്ല് പൊന്തിയ മനുഷ്യർക്ക്... ഇവർക്കൊന്നും ജീവിക്കണ്ടേ? ഇവർക്കൊന്നും അവസരങ്ങൾ വേണ്ടേ? ഈ തൊലിപ്പുറത്തും, ഈ പറയുന്ന നിലവാരങ്ങളിലും മാത്രമാണോ ഒരാളുടെ കഴിവ് ഇരിക്കുന്നത്? അല്ല, കഴിവ് എന്ന് പറയുന്നത് അവരിൽനിന്ന് പുറത്തുവരുന്ന ഒന്നാണ്. അവർ നിങ്ങളെ എങ്ങനെ വിനോദിപ്പിക്കുന്നു, അവർ നിങ്ങൾക്കായി എന്ത് നിർമിക്കുന്നു, എന്ത് സൃഷ്ടിക്കുന്നു എന്നതിലാണ് കഴിവ് ഇരിക്കുന്നത്. കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ.

ഒരു മനുഷ്യന്റെ വില എന്താണെന്ന് അറിയാമോ? അത് അവരുടെ തൊലിക്കടിയിലെ ഇത്ര വണ്ണം കൊഴുപ്പിലല്ല ഇരിക്കുന്നത്. അത് മനസ്സിലാക്കുക. എനിക്ക് നിങ്ങളെക്കൊണ്ട് മതിയായി. ഇനി എന്നോട് കാഷ്വലായി ഇങ്ങനെ പറയാൻ വരുന്നവരോട് എനിക്ക് തിരിച്ചുപറയാനുണ്ടാകും.’

ENGLISH SUMMARY:

Malayalam actress and TV host Jewel Mary lashed out against body-shaming remarks made under the guise of casual concern and affection. In a video shared on her Instagram account, Jewel called out society's obsession with other people's bodies and physical appearances, questioning why casual comments about weight, skin tone, acne, or facial structure are so normalized. She emphasized that a person's worth, capability, and talent are defined by what they create and contribute, not by the layer of fat under their skin. Jewel urged people to show basic respect and body neutrality, warning that she will no longer stay silent against unsolicited remarks about her body.