ക്ഷേത്രത്തിലെ അർധരാത്രിയിലെ ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ പൊലീസിൽ പരാതി നൽകി നടനും അല്ലു അർജുന്റെ സഹോദരനുമായ അല്ലു സിരീഷ്. ഹൈദരാബാദിലെ വിനോബ നഗറിലെ തന്റെ വസതിയ്ക്കടുത്തുള്ള ഹനുമാൻ ക്ഷേത്രത്തിൽ നിന്ന് പുലർച്ചെ വരെ അമിത ശബ്ദത്തിൽ പാട്ട് വെയ്ക്കുന്നതിനെതിരെയാണ് നടന്റെ പരാതി.
ശബ്ദശല്യം തെളിയിക്കുന്ന ഒൻപത് സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ എക്‌സിൽ പങ്കുവെച്ച് ഹൈദരാബാദ് സിറ്റി പൊലീസിനെ നടൻ ടാഗ് ചെയ്തു. ഷെയ്ക്ക്‌പേട്ടിലെ അപർണ വൺ റെസിഡൻഷ്യൽ സൊസൈറ്റിയിലാണ് അല്ലു സിരീഷ് താമസിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടുത്തെ മുതിർന്ന പൗരന്മാരും കുട്ടികളും ജോലി ചെയ്യുന്നവരും ഉൾപ്പെടെയുള്ളവർ ഈ ശബ്ദമലിനീകരണം മൂലം ബുദ്ധിമുട്ടുകയാണെന്നും പോസ്റ്റിൽ പറയുന്നു.
വിനായക ചതുർഥി ആഘോഷങ്ങൾ ചൂണ്ടിക്കാട്ടി സെപ്റ്റംബർ 25 വരെ സഹകരിക്കണമെന്ന് ഫിലിം നഗർ പൊലീസ് സ്റ്റേഷനിൽ നിന്ന് അറിയിച്ചിരുന്നതായി അദ്ദേഹം കുറിച്ചു. എന്നാൽ ആഘോഷങ്ങൾ അവസാനിച്ചിട്ടും ഉച്ചഭാഷിണി പ്രയോഗം തുടരുകയാണെന്ന് നടൻ ചൂണ്ടിക്കാട്ടി. മുൻപ് പലതവണ പരാതിപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും നടൻ പോസ്റ്റിൽ വ്യക്തമാക്കി.
അനുവദിനീയമായ ശബ്ദപരിധിയും സമയവും ലംഘിച്ച് പുലർച്ചെ മൂന്ന് മണി വരെ ഉച്ചഭാഷിണി പ്രവർത്തിക്കുന്നത് തടയണമെന്നാണ് പരാതിയിലെ ആവശ്യം. പരാതി ഫിലിം നഗർ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് കൈമാറിയതായി ഹൈദരാബാദ് സിറ്റി പൊലീസിന്റെ എക്‌സ് ഹാൻഡിലിൽ നിന്ന് നടന് മറുപടി ലഭിച്ചു.