ബാലതാരമായി സിനിമയിലെത്തിയ ജോമോൻ ജോഷിയുടെ വിവാഹ ചിത്രങ്ങളും വിഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പള്ളിയിലെ താലികെട്ടിന്‍റെ  വിഡിയോ പ്രചരിച്ചതിന് പിന്നാലെ വധുവിന്‍റെ താല്പര്യത്തെയും മാനസികാവസ്ഥയെയും ചോദ്യം ചെയ്ത് നിരവധി പേരാണ് പരിഹാസ കമന്റുകളുമായി എത്തിയത്. ജോമോന്‍റെ വധു ആഷ്‌ന ആൻഡ്രിയ ചടങ്ങുകളിൽ സന്തോഷവതിയായിരുന്നില്ല എന്ന തരത്തിലായിരുന്നു പോസ്റ്റുകളിലെ അനാവശ്യ കമന്റുകൾ. 

വിവാഹത്തിന് താത്പര്യമില്ലാത്തയിരുന്നോ, വധുവിന്‍റെ മുഖം എന്താ ഇങ്ങനെ.. തുടങ്ങിയ കമന്റുകൾക്ക് പിന്നാലെ ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ കുറിപ്പുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു നിമിഷത്തെ മുഖഭാവം കണ്ട് ഒരാളുടെ ജീവിതത്തെയും മനസിനെയും വിധി എഴുതാൻ നമുക്ക് എന്ത് അവകാശമാണുള്ളത്. വിവാഹദിവസത്തെ ടെൻഷൻ, ക്ഷീണം. ഉത്കണ്ഠ, മാതാപിതാക്കളെ പിരിയുന്ന വിഷമം തുടങ്ങിയവയൊന്നും മനസിലാക്കാതെ എന്തിനാണ് ഇത്തരം പ്രതികരണങ്ങളെന്നും നിരവധി പേർ ചോദിച്ചു. 

ഇതിന് പിന്നാലെയാണ് യാഥാർഥ്യം വെളിപ്പെടുത്തി വധുവിന്‍റെ സഹോദരി ആഞ്ജലീന തന്നെ രംഗത്തെത്തിയത്.   ആഷ്‌ന വിഷമിച്ചു നിൽക്കുന്നതിന്റെ യഥാർഥ കാരണം ആഞ്ജലീന വ്യക്തമാക്കി. ‘‘അമ്മ യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ വിഷമിച്ചു നിൽക്കുന്ന ചേച്ചി’’ എന്ന അടിക്കുറിപ്പോടെയാണ് ആഞ്ജലീന വിഡിയോ പങ്കുവെച്ചത്. 

‘‘ഗയ്‌സ്.. ചേച്ചി ചിരിക്കുന്ന വിഡിയോസ് ഇട്ടിട്ടുണ്ട് കേട്ടോ. അതുകൂടെ ഒന്ന് കണ്ടിട്ട് വേണം ഓരോ കമന്റ് ഇടാൻ’’ എന്നും ആഞ്ജലീന കുറിച്ചു. വിവാഹം കഴിഞ്ഞ് സ്വന്തം വീട്ടിൽ നിന്ന് പോകുമ്പോൾ ഏതൊരു പെൺകുട്ടിക്കുമുണ്ടാകുന്ന സഹജമായ വിഷമത്തെയും വൈകാരിക മുഹൂർത്തത്തെയുമാണ് ‘വിവാഹം ഇഷ്ടപ്പെടാത്തതുകൊണ്ട്’ എന്ന രീതിയിൽ ചിലർ വളച്ചൊടിച്ചതെന്ന് സഹോദരി ചൂണ്ടിക്കാണിക്കുന്നു.

'ക്രോണിക് ബാച്ച്‌ലർ', 'രാക്ഷസരാജാവ്' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബാലതാരമാണ്‌ ജോമോൻ ജോഷി. കഴിഞ്ഞ ദിവസമായിരുന്നു കോട്ടയം സ്വദേശിനിയും സൗദിയിൽ നഴ്‌സുമായ ആഷ്‌ന ആൻഡ്രിയയും ജോമോനും തമ്മിലുള്ള വിവാഹം. 1999-ൽ 'പുരസ്കാരം' എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി 'സഹയാത്രികയ്ക്ക് സ്നേഹപൂർവം', 'കവർ സ്റ്റോറി', 'ഫാന്റം' തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള താരമാണ് ജോമോൻ. ജേർണലിസത്തിൽ ബിരുദധാരി കൂടിയാണ് എറണാകുളം സ്വദേശിയായ ജോമോൻ.

ENGLISH SUMMARY:

Jomon Joshi wedding photos and videos have gone viral on social media, sparking a debate about the bride's emotional state. The controversy surrounding his marriage to Ashna Andrea highlights the complexities of public perception and online commentary.