മലയാള സിനിമയിൽ ഏറെ വൈകി എത്തിയെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ അഭിനേത്രിയായിരുന്നു സാവിത്രി ശ്രീധരൻ. നാടകവേദിയിൽ അഞ്ച് പതിറ്റാണ്ടോളം സജീവമായിരുന്ന അവർ, എഴുപതാം വയസ്സിനോടടുത്താണ് സിനിമയിൽ ശ്രദ്ധേയമായൊരു സാന്നിധ്യമായി മാറുന്നത്. ‘സുഡാനി ഫ്രം നൈജീരിയ’യിലെ ജമീല എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട ‘ഉമ്മ’യായി മാറി സാവിത്രി ശ്രീധരൻ.

നാടകത്തിലൂടെയായിരുന്നു കലാജീവിതത്തിന്റെ ആരംഭം. 1961-ൽ വളയനാട് കലാസമിതിയുടെ ‘കറുത്ത വെളിച്ചം’ എന്ന നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്കുള്ള പ്രവേശനം. മാങ്കാവ്, തിരുവണ്ണൂർ, മീഞ്ചന്ത എന്നിവിടങ്ങളിലെ നിരവധി അമേച്വർ നാടകസംഘങ്ങളുടെയും ഭാഗമായിരുന്നു.

read more: നടി സാവിത്രി ശ്രീധരന്‍ അന്തരിച്ചു ...

തുടർന്ന് പ്രഫഷനൽ നാടകവേദിയിലും സജീവമായി. കെ.ടി. മുഹമ്മദിന്റെ നാടകങ്ങളിലൂടെയും ഇബ്രാഹിം വെങ്ങരയുടെ ചിരന്തന തിയറ്റേഴ്സിലൂടെയും വിക്രമൻ നായരുടെ സ്റ്റേജ് ഇന്ത്യയിലൂടെയും നിരവധി ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു. ‘മാളികവീട്’, ‘പകിട പന്ത്രണ്ട്’, ‘ഉപഹാരം’, ‘ഒടിയൻ’, ‘രാജസഭ’, ‘ജപമാല’, ‘അഗ്രഹാരം’, ‘ആൾമാറാട്ടം’, ‘അക്കരപ്പച്ച’ തുടങ്ങിയ നാടകങ്ങൾ അവരുടെ അഭിനയജീവിതത്തിലെ എടുത്തുപറയേണ്ട വേഷങ്ങളാണ്.

നാടകത്തിലെ അഭിനയത്തിന് സാവിത്രി ശ്രീധരന് നിരവധി അംഗീകാരങ്ങൾ ലഭിച്ചു. ‘അണിയറ’ എന്ന നാടകത്തിലെ അഭിനയത്തിന് സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. ‘രാജസഭ’യിലെ ഐഷക്കുട്ടി എന്ന കഥാപാത്രത്തിനാണ് 1993-ൽ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്. നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കും അവർ ആദരിക്കപ്പെട്ടു.

1991-ൽ എം.ടി. വാസുദേവൻ നായരുടെ ‘കടവ്’ എന്ന ചിത്രത്തിലൂടെയാണ് സാവിത്രി ശ്രീധരൻ ആദ്യമായി സിനിമയിലെത്തിയത്. എന്നാൽ സിനിമയിൽ തുടർച്ചയായ സാന്നിധ്യമായി മാറാൻ പിന്നീട് വർഷങ്ങളെടുത്തു. 2018-ൽ പുറത്തിറങ്ങിയ ‘സുഡാനി ഫ്രം നൈജീരിയ’യാണ് അവരുടെ സിനിമാജീവിതത്തിന് വലിയ വഴിത്തിരിവാകുന്നത്.

സാവിത്രി അവതരിപ്പിച്ച ജമീല എന്ന കഥാപാത്രം സിനിമയുടെ പ്രധാന വൈകാരിക സാന്നിധ്യങ്ങളിലൊന്നായി മാറി. ലാളിത്യവും സ്വാഭാവികതയും നിറഞ്ഞ അഭിനയത്തിലൂടെ ജമീല മലയാളികളുടെ മനസ്സിൽ ഇടം നേടി. പതിറ്റാണ്ടുകളായി നാടകവേദിയിൽ നേടിയ അനുഭവത്തിന്റെ കരുത്ത് ആ കഥാപാത്രത്തിൽ പ്രകടമായിരുന്നു.  സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിന് ദേശീയ ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമര്‍ശവും മികച്ച  സ്വഭാവനടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരവും ലഭിച്ചു.

‘സുഡാനി ഫ്രം നൈജീരിയ’യ്ക്ക് ശേഷം സാവിത്രി നിരവധി മലയാള സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. ‘ഡാകിനി’, ‘വൈറസ്’, ‘മേരാ നാം ഷാജി’, ‘മൊഹബ്ബത്തിന്റെ കുഞ്ഞബ്ദുള്ള’, ‘ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന’, ‘ഒരു കടത്ത് കഥ’, ‘ഐസ് ഒരതി’, ‘പട’, ‘മഡപ്പള്ളി യുണൈറ്റഡ്’, ‘പാപ്പൻ’, ‘മീ ഹൂം മൂസ’, ‘ക്രിസ്റ്റി’, ‘വയസ്സെത്രയായി? മുപ്പത്തീ..!!’ എന്നിവ അവയിൽപ്പെടുന്നു.

സിനിമയിൽ അഭിനയിച്ച കാലയളവ് താരതമ്യേന ചെറുതായിരുന്നെങ്കിലും കഥാപാത്രങ്ങളുടെ സ്വാഭാവിക അവതരണത്തിലൂടെ സാവിത്രി ശ്രദ്ധേയയാകുകയായിരുന്നു. നാടകത്തിൽനിന്ന് നേടിയ അനുഭവസമ്പത്ത് സിനിമയിലെ ഓരോ കഥാപാത്രങ്ങളിലും പ്രകടമായിരുന്നു. സാവിത്രി ശ്രീധരന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നാണ് ‘സുഡാനി ഫ്രം നൈജീരിയ’യുമായി ബന്ധപ്പെട്ടത്.

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം – മികച്ച സ്വഭാവനടി – ‘സുഡാനി ഫ്രം നൈജീരിയ’

ദേശീയ ചലച്ചിത്ര പുരസ്കാരം – പ്രത്യേക ജൂറി പരാമർശം – ‘സുഡാനി ഫ്രം നൈജീരിയ’

ഫിലിംഫെയർ അവാർഡ് – മികച്ച സഹനടി – മലയാളം

ഏഷ്യാനെറ്റ് ഫിലിം അവാർഡ് – മികച്ച സഹനടി

നാടക രംഗത്തെ സംസ്ഥാന പുരസ്കാരങ്ങൾ

കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരങ്ങൾ

സിനിമയിൽ വൈകിയെത്തിയ ഒരു അഭിനേത്രിക്ക് മലയാള സിനിമയിൽ സ്വന്തമായൊരു ഇടം നേടാനാകുമെന്നതിന്റെ ശ്രദ്ധേയമായ ഉദാഹരണമാണ് സാവിത്രി ശ്രീധരന്റെ യാത്ര. പതിറ്റാണ്ടുകൾ നാടകവേദിയിൽ ചെലവഴിച്ചശേഷം ‘സുഡാനി ഫ്രം നൈജീരിയ’യിലെ ജമീലയിലൂടെ അവർ പുതിയ തലമുറ പ്രേക്ഷകരിലേക്കും എത്തി.

നാടകത്തിന്റെ കരുത്തും ജീവിതാനുഭവങ്ങളുടെ ആഴവും സ്വാഭാവിക അഭിനയശൈലിയും ചേർന്നതായിരുന്നു അവരുടെ പ്രത്യേകത. സിനിമയിൽ ലഭിച്ച അവസരങ്ങൾ കുറവായിരുന്നെങ്കിലും അവയിൽ പലതും പ്രേക്ഷകർ ഓർത്തുവയ്ക്കുന്ന കഥാപാത്രങ്ങളായി മാറി.

മലയാള സിനിമയിലെ ‘ഉമ്മ’ കഥാപാത്രങ്ങൾക്ക് ഒരു പുതിയ സ്വാഭാവികത സമ്മാനിച്ച ജമീലയും, വേദിയിൽ തുടങ്ങി വെള്ളിത്തിരയിലെത്തി പ്രേക്ഷകമനസ്സിൽ ഇടം നേടിയ ആ അഭിനേത്രിയുടെ ഓർമകളും മലയാള കലാലോകത്ത് തുടരുക തന്നെ ചെയ്യും.

Savitri Sreedharan: A Late Bloomer Who Captured Hearts:

Savitri Sreedharan was a beloved actress who made a significant impact on Malayalam cinema, especially through her role as Jameela in 'Sudani From Nigeria'. Despite a late entry into films after decades on the stage, her natural acting and deep emotional portrayal resonated with audiences, cementing her place in Malayalam cinema.