നടി അഹാന കൃഷ്ണയും നിമിഷ് രവിയും തമ്മിലുള്ള വിവാഹത്തിന് മുന്നോടിയായി നടന്ന സംഗീത് ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തിരുവനന്തപുരത്തെ കോവളത്ത് വെച്ച് സെപ്റ്റംബർ 13-നാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിൽ ഇരുവരും വിവാഹിതരായത്. വിവാഹത്തിന് തൊട്ടുമുൻപ് 'ബോയ്ഫ്രണ്ടും ഗേൾഫ്രണ്ടും' ആയിരുന്ന സമയത്ത് നടന്ന സംഗീത് ആഘോഷങ്ങളുടെ മനോഹര നിമിഷങ്ങളാണ് അഹാന തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. താരദമ്പതികളുടെ ചിത്രങ്ങൾ ആരാധകർ നിമിഷങ്ങൾക്കകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.

ജീവിതത്തിൽ വീണ്ടും വീണ്ടും ഓർത്തെടുക്കാൻ ആഗ്രഹിക്കുന്ന സുന്ദരമായ രാത്രിയെന്നാണ് സംഗീത് ആഘോഷങ്ങളെ അഹാന വിശേഷിപ്പിച്ചത്. ഹോളിവുഡ് സിനിമകളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ചുവന്ന അലങ്കാരങ്ങളും ചാൻഡിലിയറുകളും അപൂർവ്വ വിദേശ പുഷ്പങ്ങളും കൊണ്ടാണ് ചടങ്ങിന്റെ വേദി ഒരുക്കിയിരുന്നത്. ചടങ്ങിനായി തങ്ങളെ അണിയിച്ചൊരുക്കിയ ഡിസൈനർമാർ, ആഭരണ ഡിസൈനർമാർ, മേക്കപ്പ് ആർട്ടിസ്റ്റുകൾ, ഫ്ലോറൽ ഡിസൈനർമാർ എന്നിവരുൾപ്പെടെ വിവാഹത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ സംഘത്തിനും നന്ദി രേഖപ്പെടുത്തിയാണ് അഹാന ചിത്രങ്ങൾ പങ്കുവെച്ചത്.

ഏകദേശം പത്ത് വർഷത്തെ നീണ്ട സൗഹൃദത്തിനും പ്രണയത്തിനുമൊടുവിലാണ് അഹാനയും നിമിഷ് രവിയും വിവാഹിതരായത്. തനിക്ക് 20 വയസ്സുള്ളപ്പോഴാണ് നിമിഷിനെ ആദ്യമായി പരിചയപ്പെടുന്നതെന്നും 30-ാം വയസ്സിൽ പങ്കാളിയായി ജീവിതത്തിലേക്ക് ക്ഷണിക്കുകയാണെന്നും അഹാന വിവാഹചിത്രങ്ങള്‍ പങ്കുവച്ചുള്ള പോസ്റ്റില്‍ കുറിച്ചിരുന്നു. സെപ്റ്റംബർ 12-ന് നടന്ന പ്രീ-വെഡ്ഡിങ് ചടങ്ങുകൾക്ക് ശേഷം സെപ്റ്റംബർ 15-ന് ചലച്ചിത്ര രംഗത്തെ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായി പ്രത്യേക റിസപ്ഷനും സംഘടിപ്പിച്ചിരുന്നു. 

ENGLISH SUMMARY:

Actress Ahaana Krishna has shared stunning throwback pictures from her Hollywood-style sangeet ceremony with cinematographer Nimish Ravi on Instagram. Held as a grand celebration prior to their wedding, the event featured lavish red decorations, elegant chandeliers, and rare foreign floral arrangements in Kovalam, Thiruvananthapuram. The couple tied the knot in an intimate ceremony on September 13 in the presence of close family and friends after ten years of friendship and love. Ahaana expressed her heartfelt gratitude to the entire creative team behind the event while describing it as an unforgettable night she wishes to relive continuously.