മലയാളികളുടെ പ്രിയപ്പെട്ട സോഷ്യൽ മീഡിയ താരവും നടിയുമായ അഹാന കൃഷ്ണയും നിമിഷ് രവിയും തമ്മിലുള്ള വിവാഹം അടുത്തിടെയാണ് നടന്നത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. കഴിഞ്ഞ ദിവസമാണ് വിവാഹ ചിത്രങ്ങൾ അഹാന പങ്കിട്ടത്. ചിത്രങ്ങളിൽ റോയൽ റെഡ് കളർ സാരിയിൽ അതിസുന്ദരിയായാണ് അഹാന തിളങ്ങുന്നത്. ഒപ്പം ഓഫ് വൈറ്റ് വസ്ത്രമാണ് വരനായ നിമിഷ് രവി ധരിച്ചിരിക്കുന്നത്. 

എന്നാല്‍ ഈ വിവാഹത്തിനൊപ്പം ദുല്‍ഖര്‍ സല്‍മാനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ഇരുവരുടേയും വിവാഹത്തിന് സാക്ഷിയായി ദുല്‍ഖര്‍ വേദിയില്‍ തന്നെയുണ്ടായിരുന്നു. വിവാഹത്തിൽ അവതാരകനായി എത്തിയത് ദുൽഖർ സൽമാൻ ആയിരുന്നുവെന്നാണ് സൂചന. അഹാനയും നിമിഷും തമ്മില്‍ ചുംബിക്കുമ്പോള്‍ വേദിയില്‍ നില്‍ക്കുന്ന ദുല്‍ഖറിന്‍റെ ചിത്രമാണ് ഏറ്റവുമധികം ചര്‍ച്ചയായത്. ഈ ചിത്രം ഒരു മീം മെറ്റീരിയല്‍ കൂടിയായി മാറിയിരിക്കുകയാണ്. 

ഇതിനൊപ്പം തന്നെ ഗ്രൂപ്പ് ഫോട്ടോയിലെ ദുല്‍ഖറും വൈറലായി. അഹാനയുടേയും നിമിഷിന്‍റേയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമള്ള ഗ്രൂപ്പ് ഫോട്ടോയില്‍ ഏറ്റവും പിന്നിലായി ആഹ്ലാദ പ്രകടനങ്ങളുമായി ദുല്‍ഖറുമുണ്ടായിരുന്നു. വിവാഹത്തിന്‍റെ വിഡിയോകള്‍ ഇനിയും പുറത്തുവന്നിട്ടില്ല. അതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 

രാജീവ് രവി സംവിധാനം ചെയ്ത ‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയാണ് അഹാന അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ഈ ചിത്രത്തിൽ അസിസ്റ്റന്റ് ക്യാമറാമാനായി പ്രവർത്തിച്ചാണ് നിമിഷ് രവിയും കരിയർ ആരംഭിക്കുന്നത്. ഈ സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നതും സൗഹൃദത്തിലാകുന്നതും. അഹാനയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായ 'ലൂക്ക'യുടെ ഛായാഗ്രഹണം നിർവഹിച്ചത് നിമിഷ് രവിയായിരുന്നു. ടൊവിനോ തോമസും അഹാനയും തകർത്തഭിനയിച്ച ചിത്രത്തിലെ മനോഹരമായ ഫ്രെയിമുകൾ ഏറെ പ്രേക്ഷകപ്രശംസ നേടി.

പിന്നീട് മലയാളത്തിലും മറ്റ് ഭാഷകളിലുമായി കൈനിറയെ പ്രോജക്ടുകളോടെ മുൻനിര ഛായാഗ്രാഹകനായി നിമിഷ് മാറിയപ്പോഴും ഇരുവരും തമ്മിലുള്ള സൗഹൃദം തുടർന്നു. അഹാനയുടെ വീട്ടിലെ എല്ലാ സ്വകാര്യ ചടങ്ങുകളിലും നിമിഷ് രവിയും കുടുംബവും എന്നും നിറസാന്നിധ്യമായിരുന്നു.

ENGLISH SUMMARY:

Dulquer Salmaan stole the spotlight at actress Ahaana Krishna and cinematographer Nimish Ravi's wedding after a candid photo of him standing awkwardly while the couple shared a kiss went viral, instantly turning into popular meme material. In addition to his amusing pose during the ceremony, Dulquer was also seen joyfully cheering in the background of the official group photo. The wedding celebrated a years-long bond between Ahaana and Nimish, whose friendship originally blossomed on the sets of Njan Steve Lopez, where Nimish worked as an assistant cameraman.