TAGS

മകൾ മറ്റൊരാളുടെ വീട്ടിൽ ചെന്ന് ജീവിക്കേണ്ടവളാണെന്ന പരമ്പരാഗത ബോധ്യത്തിലാണ് തങ്ങളുടെ തലമുറയിലെ പെൺകുട്ടികൾ വളർന്നതെന്ന് നടി ഉർവശി. വളരുന്ന സാഹചര്യത്തിൽ തന്നെ സ്വന്തം വീട് അന്യമായിത്തീരുമെന്നൊരു തോന്നലുണ്ടാക്കിയെടുക്കുകയായിരുന്നു. വേറൊരു വീട്ടിൽ പോയി ജീവിക്കേണ്ടിവരുമെന്ന ചിന്ത ആ തലമുറയിലെ പെൺകുട്ടികൾക്ക് ഉണ്ടാക്കിയ മാനസിക സമ്മർദം ചെറുതല്ലെന്നും, ഇത്തരം വിഷയങ്ങളെക്കുറിച്ച് ഇനി കൂടുതൽ കേൾക്കാൻ തനിക്ക് താല്പര്യമില്ലെന്നും സൈന സൗത്തിന് നല്‍കിയ അഭിമുഖത്തില്‍ ഉര്‍വശി പറഞ്ഞു. 

'അന്യവീട്ടില്‍ പോയി നില്‍ക്കേണ്ട പെണ്‍കുട്ടി എന്ന നിലയിലാണ് നമ്മളെ വളര്‍ത്തിയിരിക്കുന്നത്. എന്ത് പറയുമ്പോഴും കംപാരിസണ്‍ അതാണ്. ഇങ്ങനെ കിടന്ന് ഉറങ്ങല്ലേ, രാവിലെ എത്ര മണിക്കാണ് എഴുന്നേല്‍ക്കുന്നത്? ഇത് ശരിയാകുമോ? ആണൊരുത്തന്‍റെ കൂടെ പോയി ജീവിക്കേണ്ടതല്ലേ? ഇതാണ് പറയുന്നത്. വീട് അന്യമാവും എന്നൊരു ബോധത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. വേറൊരു വീട്ടില്‍ പോയി ജീവിക്കണം, ആ തലമുറ നേരിട്ട വല്ലാത്തൊരു പ്രഷറാണ്. കൂടുതല്‍ അതിനെ കുറിച്ച് കേള്‍ക്കാന്‍ എനിക്ക് താല്‍പര്യമില്ല,' ഉര്‍വശി പറഞ്ഞു. 

'ആശ'യാണ് പുതുതായി റിലീസ് ചെയ്ത ഉര്‍വശിയുടെ ചിത്രം. ഉർവശി, ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സഫർ സനൽ സംവിധാനം ചെയ്ത 'ആശ' തിയേറ്ററുകളിൽ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടി മുന്നേറുകയാണ്. സഫർ സനൽ, ജോജു ജോർജ്, രമേഷ് ഗിരിജ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രം അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് നിർമിച്ചിരിക്കുന്നത്. വിജയരാഘവൻ, ശാരി, ജോയ് മാത്യു, പ്രശാന്ത് അലക്‌സാണ്ടർ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ENGLISH SUMMARY:

Veteran actress Urvashi reflected on the societal pressures faced by women of her generation, highlighting how girls were systematically raised with the mindset that their natal home was temporary and that they were destined to live in another family's household. Speaking in an interview with Saina South, Urvashi explained how routine comparisons, early morning expectations, and constant reminders about marriage created immense mental stress for young women at the time. Meanwhile, Urvashi's latest film Aasha, directed by debutant Safar Sanal and co-starring Joju George and Aishwarya Lekshmi, has opened to strong audience and critical acclaim in theaters.