'ആശ' എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയില്‍ അവതാരക ഇംഗ്ലിഷില്‍ സംസാരിച്ചതിനെ വിമര്‍ശിച്ച നടി ഉർവശിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. കേരളത്തിൽ നടക്കുന്ന ചടങ്ങിൽ മലയാളികളോട് അവതാരക ഇംഗ്ലീഷിൽ സംസാരിച്ചതിനെയാണ് ഉര്‍വശി വിമര്‍ശിച്ചത്. കാണികള്‍ ഇതിനെ കയ്യടികളോടെ സ്വീകരിച്ചെങ്കിലും പൊതുവേദിയിൽ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന തരത്തില്‍ വിമർശനവും ശക്തമായിട്ടുണ്ട്. ഈ നിലപാടിലാണ് നിര്‍മാതാവും നടന്‍ പൃഥ്വിരാജിന്‍റെ ഭാര്യയുമായ സുപ്രിയ മേനോന്‍.

‘കേരളത്തിൽ നിന്നുകൊണ്ട് മലയാളികൾ അത്ര വലിയ ആൾക്കാരാണ് എന്നു കരുതി ഇംഗ്ലീഷിൽ എന്തിനാണ് ഈ കടുകു വറുക്കുന്നത്? മലയാളികളല്ലേ ഈ നിൽക്കുന്നവരെല്ലാം. ഐശ്വര്യ ലക്ഷ്മി ചെന്നൈയിൽ നിന്ന് ബിസിയായി വന്നതുകൊണ്ട് അവളോട് ഇംഗ്ലീഷിൽ സംസാരിക്കുന്നതായിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്. എന്നെയും ഇംഗ്ലീഷിൽ പറഞ്ഞ് അറ്റാക്ക് ചെയ്യുകയാണ്. നിങ്ങളെന്താ റിയാക്ട് ചെയ്യാത്തെ പിള്ളേരേ, എന്നെയൊന്ന് രക്ഷപ്പെടുത്ത്...’– എന്നായിരുന്നു ഉര്‍വ്വശിയുടെ വാക്കുകള്‍. ഉടൻ 'ഐ ആം ദി സോറി ചേച്ചി' എന്ന് അവതാരക ദക്ഷ രവീന്ദ്രനാഥ് മറുപടി നൽകി. തുടര്‍ന്ന്, 'സോറി പറയാൻ അത്രയ്ക്ക് മോശമായിട്ടൊന്നുമില്ല. നമ്മൾ നമ്മുടെ നാട്ടിൽ സംസാരിക്കുമ്പോൾ നമ്മുടെ ഭാഷയിൽ സംസാരിച്ചാൽ മതി, എല്ലാവർക്കും മനസ്സിലാകും അല്ലേ,' എന്നും ഉർവശി പറഞ്ഞു.

എന്നാല്‍ ഒരു അവതാരക മലയാളവും ഇംഗ്ലീഷും കലർത്തി സംസാരിക്കുന്നത് അഹങ്കാരം കാണിക്കാനോ ആളാകാനോ അല്ല എന്നാണ് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ കാൾ ലഫ്രനെയ്സ് പ്രതികരിച്ചത്. കാള്‍ പങ്കുവച്ച വിഡിയോക്ക് താഴെയാണ് സുപ്രിയ മേനോന്‍റെ പ്രതികരണം. ഇംഗ്ലീഷ് സംസാരിക്കുന്നതിനെക്കുറിച്ചുള്ള നിരന്തരമായ തർക്കം എന്തിനാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും പൊതുവേദിയിലെത്തിയ കാലം മുതല്‍ ഇതിന്റെ ബുദ്ധിമുട്ടുകൾ നേരിട്ടയാളെന്ന നിലയിൽ, ഇതെന്നെ എപ്പോഴും അമ്പരപ്പിച്ചിട്ടേയുള്ളു എന്നും സുപ്രിയ കുറിച്ചു. 

സുപ്രിയയുടെ പ്രതികരണം

‘നമ്മൾ നമ്മുടെ കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും കോളജുകളിലുമാണ് പഠിപ്പിക്കുന്നത്. അവസരം കിട്ടുമ്പോള്‍ വിദേശത്തേക്ക് ചേക്കേറുന്നു, ലോകത്തെ ഏറ്റവും വലിയ പ്രവാസി സമൂഹങ്ങളിൽ ഒന്നായി നമ്മൾ മാറുകയും ചെയ്തു. എന്നിട്ടും ആരെങ്കിലും ഇംഗ്ലീഷിൽ സംസാരിക്കുമ്പോൾ, അത് അഹങ്കാരത്തിന്റെയോ ഗർവിന്റെയോ ലക്ഷണമായി ചിത്രീകരിക്കുന്നത് എന്തുകൊണ്ടാണെന്നും സുപ്രിയ ചോദിക്കുന്നു. മറ്റൊരു ഭാഷയിൽ ആശയവിനിമയം നടത്തിയാല്‍ മലയാളത്തോടുള്ള സ്നേഹം കുറഞ്ഞുപോകുന്നത് എങ്ങനെയാണെന്നും സുപ്രിയ ചോദിച്ചു.

അവതാരകയായ ശ്രുതി മേനോനും വിഡിയോയില്‍ കമന്‍റിട്ടു. ‘ഈ നിലപാടിനോട് പൂര്‍ണമായും യോജിക്കുന്നു എന്ന് വ്യക്തമാക്കിയ ശ്രുതി ‘പൊതുവേദിയിൽ ഒരാളെ താഴ്ത്തിക്കെട്ടി നാലുപേരെ ചിരിപ്പിക്കുക എന്നത് മലയാളി പണ്ടേ പ്രയോഗിക്കുന്ന തന്ത്രമാണെന്നും ഈ രീതി അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചെന്നും കുറിച്ചു.

‘പരിപാടി നടക്കുന്നത് കേരളത്തിലായിരിക്കാം, എന്നാൽ അതിന്റെ പ്രസക്തി അത് നടക്കുന്ന ഹാളിലോ മാളിലോ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. ബെംഗളൂരുവിലോ ഡൽഹിയിലോ ഇരിക്കുന്ന ഒരാൾക്ക് ഈ സിനിമാ പ്രമോഷനും ഉള്ളടക്കവും കണ്ട് മനസ്സിലാക്കാൻ വേണ്ടിയാണ് അവതാരക ഇംഗ്ലീഷ് ഉപയോഗിക്കുന്നത്. മലയാളി എന്ന നിലയിൽ നമ്മൾ നമ്മുടെ ഭാഷയിൽ അഭിമാനിക്കുന്നവരാണ്. പൊതുവേദികളിൽ നടത്തുന്ന ഇത്തരം തമാശകൾ അവതാരകയുടെ ആത്മവിശ്വാസം തകർത്തുകളയും. ഇംഗ്ലീഷ് സംസാരിക്കുന്നത് കൊണ്ട് ഒരാൾ മലയാളിയല്ലാതാവുകയോ അഹങ്കാരിയാവുകയോ ഇല്ല.’ എന്നായിരുന്നു വിഡിയോ പങ്കുവച്ച ഇന്‍ഫ്ലുവന്‍സര്‍ കാളിന്‍റെ നിലപാട്.

ദക്ഷ വിശ്വനാഥ്

വിഡിയോക്ക് താഴെ അവതാരക ദക്ഷയും മറുപടി നല്‍കി. ‘നിങ്ങൾ പറയുന്ന ആ അവതാരക, ദക്ഷയാണ് ഞാൻ. ആ നിമിഷത്തെ അനുകമ്പയോടെ കാണുകയും അതിന് പിന്നിലെ ഉദ്ദേശ്യം മനസ്സിലാക്കുകയും ചെയ്തതിന് വളരെ നന്ദി. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന കലാകാരിയോട് എനിക്ക് അളവറ്റ ബഹുമാനമുണ്ട്, എങ്കിലും ഞാൻ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കി ആളുകൾ നൽകിയ സ്നേഹവും പിന്തുണയും എനിക്ക് യഥാർഥത്തിൽ വളരെ വിലപ്പെട്ടതാണ്. ഇത്രയും മാന്യമായി ഇതിനെക്കുറിച്ച് സംസാരിച്ചതിന് നന്ദി’- ദക്ഷ കുറിച്ചു.

നേരത്തേയും വിഷയത്തില്‍ ദക്ഷ പ്രതികരിച്ചിരുന്നു, വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ഇത് തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചായിരുന്നു ദക്ഷയുടെ പ്രതികരണം. ‘എന്നെ ആരും ബഹിരാകാശത്തേക്ക് അയക്കേണ്ടതില്ല. ഞാൻ തന്നെ എന്റെ ബാഗുകൾ പാക്ക് ചെയ്തിട്ടുണ്ട്,’ എന്ന കുറിപ്പോടെയാണ് ദക്ഷ വിഡിയോ പോസ്റ്റ് ചെയ്തത്. സിറ്റുവേഷൻ മികച്ച രീതിയിൽ കൈകാര്യം ചെയ്ത ദക്ഷയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് കമന്റ് ബോക്സിൽ എത്തുന്നത്. അതേസമയം, ഇംഗ്ലിഷിനെ അധിക്ഷേപിച്ചതല്ലെന്നും, മാതൃഭാഷയിൽ സംസാരിക്കുന്നതിന്റെ പ്രാധാന്യമാണ് ഉർവശി ചൂണ്ടിക്കാണിച്ചതെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്.

ENGLISH SUMMARY:

Veteran actress Urvashi sparked a heated debate online after publicly criticizing an anchor for speaking in English at a promotion event in Kerala for her movie 'Asha'. While a section of the audience applauded Urvashi for emphasizing the importance of the mother tongue, many criticized her behavior as embarrassing to the anchor, Daksha Ravindranath. Producer Supriya Menon and other media personalities stepped in to support the anchor, questioning why speaking English is constantly viewed as pride or disrespect to Malayalam. The anchor, Daksha, expressed her gratitude to those who showed empathy and understood her intent behind using the language during the event.