ഉർവശി, ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സഫർ സനൽ സംവിധാനം ചെയ്ത 'ആശ' തിയേറ്ററുകളിൽ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടി മുന്നേറുകയാണ്. അതിനിടെ ചിത്രത്തിലെ ഉർവശിയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി സംവിധായകൻ എം.എ. നിഷാദ് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധ നേടുന്നു. ‘ഉർവശി മലയാളത്തിന്റെ അൽ പച്ചീനോ’ എന്നാണ് അദ്ദേഹം പോസ്റ്റിലൂടെ വിശേഷിപ്പിച്ചത്.

ആശ പൂർണ്ണമായും ഒരു ഉർവശി ചിത്രമാണെന്നും അഭിനയമോഹിയായ ഏതൊരാൾക്കും പഠിക്കാൻ ഒരു അക്കാഡമിയിലോ ആക്റ്റിംഗ് സ്കൂളിലോ പോകേണ്ടതില്ലെന്നും പകരം സ്‌ക്രീനിൽ ഉർവശിയുടെ കഥാപാത്രങ്ങൾ കണ്ട് മനസ്സിലാക്കിയാൽ മതിയെന്നും അദ്ദേഹം കുറിച്ചു.

എം.എ. നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്:

ഉർവ്വശി മലയാളത്തിന്റെ അൽ പച്ചീനോ...അൽഫ്രെദോ ജയിംസ് അൽ പച്ചീനോ എന്ന വിശ്വ വിഖ്യാതനായ നടനെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടാവും എന്ന് ഞാൻ വിശ്വസിക്കുന്നു...ലോക പ്രശസ്തനായ അമേരിക്കൻ ആക്റ്റർ...ദ ഗോഡ് ഫാദർ, സ്കാർഫേസ്, സെന്റെ ഓഫ് എ വുമൺ, ഏഞ്ചൽസ് ഇൻ അമേരിക്ക പോലെയുളള ചിത്രങ്ങളിലെ പ്രകടനത്തിന് ഒരേ സമയം പ്രേക്ഷക പ്രശംസയും പുരസ്ക്കാരങ്ങളും നേടിയ അഭിനേതാവ്...സൂക്ഷ്മാഭിനയത്തിന്റെ താളലയങ്ങളിൽ ലോകത്തെ വിസ്മയിപ്പിച്ച നടൻ..

ഇങ്ങ് നമ്മുടെ കൊച്ച് കേരളത്തിൽ സ്വാഭാവിക അഭിനയത്തിലൂടെ നമ്മെ വിസ്മയിപ്പിക്കുന്ന നമ്മുടെ മാത്രം ഉർവ്വശി, അൽ പച്ചീനയുടെ വെളളിത്തിരയിലെ പ്രകടനത്തെ ഓർമ്മപ്പെടുത്തുന്നു ''ആശ'' എന്ന ചിത്രത്തിലൂടെ.. എല്ലാ വാദ്യങ്ങളും ചെണ്ടക്ക് താഴെ എന്ന ചൊല്ല് അന്വർത്ഥമാക്കുന്ന പ്രകടനം... അതെ ഉർവ്വശിയോളം, ഉർവ്വശി മാത്രം.. അഭിനയമോഹിയായ ഏതൊരാൾക്കും പഠിക്കാൻ ഒരു അക്കാഡമിയിലോ, ആക്റ്റിങ് സ്ക്കൂളിലോ പോകണ്ട...സ്ക്രീനിൽ ഉർവ്വശിയുടെ കഥാപാത്രങ്ങൾ കണ്ട് മനസ്സിലാക്കിയാൽ മാത്രം മതി...ആശ പൂർണ്ണമായും ഒരു ഉർവ്വശി ചിത്രമാണ്. ജോജുവും, ഐശ്വര്യ ലക്ഷ്മിയും അവരവരുടെ ഭാഗം മികച്ചതാക്കി എന്നുളള സത്യം വിസ്മരിക്കുന്നില്ല... 

വിരസമാകുമെന്ന് തോന്നുന്ന നിമിഷങ്ങൾ പോലും സംവിധായകന്റെ ക്രാഫ്റ്റിലും ഉർവ്വശിയുടെ പ്രകടനത്തിലും പ്രേക്ഷകരുടെ ശ്രദ്ധ സിനിമയിൽ നിന്നും മാറാതെ അവരെ അതിൽ ലയിപ്പിച്ചു. സഫർ സനൽ എന്ന സംവിധായകനും അജിത് വിനായക എന്ന നിർമാതാവിനും അഭിമാനിക്കാവുന്ന ചിത്രം. ആശ നൽകുന്ന സന്ദേശം മലയാളത്തിന് മാത്രമല്ല ലോകമെമ്പാടുമുളള പ്രേക്ഷർക്കാണ്. ഒരു നായികാ പ്രാധാന്യമുളള ചിത്രം പ്രേക്ഷകർ സ്വീകരിക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നി... അത് ലേഡീ സൂപ്പർ സ്റ്റാർ എന്ന പദവിയല്ല, മറിച്ച് മികച്ച അഭിനേത്രിയെന്ന ഒറ്റ പേരിലാണ്. അതെ അത് ഉർവ്വശിയാണ്. അവരെ മലയാളത്തിന്റെ അൽ പച്ചീനോ, എന്ന് വിളിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്..., നിഷാദ് കുറിച്ചു. 

സഫർ സനൽ, ജോജു ജോർജ്, രമേഷ് ഗിരിജ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രം അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് നിർമിച്ചിരിക്കുന്നത്. വിജയരാഘവൻ, ശാരി, ജോയ് മാത്യു, പ്രശാന്ത് അലക്‌സാണ്ടർ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഒരു ആകസ്മിക അപകടവും അതിനുശേഷം നടക്കുന്ന സംഭവവികാസങ്ങളും പ്രമേഹമാകുന്ന ചിത്രം അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്തത്.

ENGLISH SUMMARY:

Director M.A. Nishad has showered high praise on veteran actress Urvashi for her stellar performance in the recently released film 'Asha'. Taking to social media, Nishad hailed her as the "Al Pacino of Malayalam cinema" and stated that aspiring actors need not attend acting schools when they can simply learn by watching her masterclass performances on screen. He also commended debutant director Safar Sanal and producer Ajith Vinayaka for delivering a compelling, woman-centric cinematic experience. The multilingual movie, which also stars Joju George and Aishwarya Lekshmi, continues to win rave reviews from audiences and critics alike.