TAGS

'ആശ' സിനിമയുടെ ലോഞ്ച് ചടങ്ങിൽ ഇംഗ്ലീഷിൽ സംസാരിച്ച അവതാരകയോട് മലയാളത്തിൽ സംസാരിക്കാൻ നടി ഉർവശി ആവശ്യപ്പെട്ടത് വലിയ വിവാദമായിരുന്നു. ഉര്‍വശിയെ അനുകൂലിച്ചും വിമര്‍ശിച്ചും ആളുകള്‍ സംഭവത്തോട് പ്രതികരിച്ചിരുന്നു. പിന്നാലെ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ കാണികള്‍ക്കിടയില്‍ നിന്നും ഒരു അമ്മ മലയാളം പറയാന്‍ ആവശ്യപ്പെട്ടെന്നും അതിനാലാണ് താൻ അങ്ങനെ പറഞ്ഞതെന്നും ഉര്‍വശി വിശദീകരിച്ചിരുന്നു. ഉർവശിയുടെ വിശദീകരണത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പരിപാടിയുടെ അവതാരകയായ ദക്ഷ രവീന്ദ്രനാഥ്. ഉർവശിയുടെ പ്രതികരണം തന്നെ കൂടുതൽ വേദനിപ്പിച്ചുവെന്നും, കഷ്ടപ്പെട്ടുണ്ടാക്കിയ പ്രൊഫഷനെയും മാനസികാരോഗ്യത്തെയും ബാധിക്കുമെന്ന പേടികൊണ്ടാണ് ഇപ്പോൾ വിഡിയോ പങ്കുവെക്കുന്നതെന്നും ദക്ഷ വ്യക്തമാക്കി.

വേദിയിൽ നിന്ന് ബാരിക്കേഡിന് പുറത്തുനിൽക്കുന്ന കാണികളിൽ ആരോ ഒരാൾ കൈ കാണിച്ചത് കണ്ടാണ് മലയാളത്തിൽ സംസാരിക്കാൻ പറഞ്ഞതെന്ന ഉർവശിയുടെ വാദം വിശ്വസിക്കാൻ കഴിയില്ലെന്ന് ദക്ഷ പറയുന്നു. അങ്ങനെയുണ്ടെങ്കിൽ സംഘാടകർ വഴിയോ നേരിട്ടോ തന്നോട് മലയാളത്തിൽ സംസാരിക്കാൻ നിർദ്ദേശിക്കാമായിരുന്നു. 'ആശ' അഞ്ച് ഭാഷകളിൽ ഇറങ്ങുന്ന പാൻ ഇന്ത്യൻ ചിത്രമായതിനാലും, കൊച്ചി ലുലു മാളിൽ നടന്ന ചടങ്ങിൽ അന്യഭാഷക്കാരും വിദേശികളും ഉണ്ടെന്നതിനാലും ഇംഗ്ലീഷും മലയാളവും കലർത്തി സംസാരിക്കാനാണ് സംഘാടകർ നിർദ്ദേശിച്ചിരുന്നത്. ലഭിച്ച ബ്രീഫ് അനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് താൻ ചെയ്തത്.

കഴിഞ്ഞ അഞ്ച് വർഷമായി ആയിരത്തോളം ഷോകൾ ചെയ്ത പരിചയസമ്പത്തുണ്ട്. വേദിയിൽ വ്യക്തിപരമായ വികാരങ്ങൾക്ക് പ്രസക്തിയില്ലെന്നും, പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുകയാണ് എം.സി എന്ന നിലയിൽ തന്റെ കടമയെന്നതു കൊണ്ടാണ് ആ നിമിഷത്തിൽ ശാന്തമായി പെരുമാറിയതെന്നും ദക്ഷ വ്യക്തമാക്കി. ഉർവശിയോടുള്ള ബഹുമാനം കൊണ്ടും സിനിമയ്ക്ക് ലഭിക്കുന്ന പബ്ലിസിറ്റി ഓർത്തുമാണ് ഇതുവരെ ഇതെല്ലാം തമാശയായി കണ്ടത്. എന്നാൽ ഇപ്പോൾ കരിയറിനെയും ജീവനോപാധിയെയും ബാധിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയതുകൊണ്ടാണ് ഔദ്യോഗികമായി പ്രതികരിക്കുന്നത്. തനിക്ക് പിന്തുണയുമായി എത്തിയ എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് ദക്ഷ തന്റെ വിഡിയോ അവസാനിപ്പിക്കുന്നത്.

ENGLISH SUMMARY:

Anchor Daksha Ravindranath has publicly responded to veteran actress Urvashi’s recent explanation regarding the controversy at the launch event of the pan-Indian movie Asha. Urvashi had earlier urged Daksha to speak in Malayalam on stage, later clarifying in an interview that she did so after a mother in the audience requested Malayalam. Rejecting Urvashi’s claim, Daksha stated that she finds it hard to believe and noted that the organizers had specifically briefed her to use a blend of English and Malayalam to accommodate foreign visitors and non-Malayalis at Lulu Mall, Kochi. Daksha expressed that the incident affected her mental peace and professional standing, emphasizing that she handled the situation calmly out of respect for Urvashi and the event.