TAGS

പുതിയ ചിത്രമായ ‘ആശ’യുടെ പ്രമോഷനിടെ അവതാരകയുടെ ഇംഗ്ലിഷ് പ്രയോഗത്തെക്കുറിച്ചുള്ള നടി ഉർവശിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കേരളത്തിൽ നടക്കുന്ന ചടങ്ങിൽ മലയാളികളോട് മലയാളത്തിൽ സംസാരിക്കുന്നതാണ് നല്ലതെന്ന നിലപാടാണ് താരം പങ്കുവെച്ചത്. ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി, ചിത്രത്തിന്റെ സംവിധായകൻ എന്നിവർക്കൊപ്പമാണ് ഉർവശി വേദിയിലെത്തിയത്.

ഉർവശിയുടെ വാക്കുകൾ:

‘കേരളത്തിൽ നിന്നുകൊണ്ട് മലയാളികൾ അത്ര വലിയ ആൾക്കാരാണ് എന്നു കരുതി ഇംഗ്ലീഷിൽ എന്തിനാണ് ഈ കടുകു വറുക്കുന്നത്? മലയാളികളല്ലേ ഈ നിൽക്കുന്നവർ എല്ലാവരും. ഐശ്വര്യ ലക്ഷ്മി ചെന്നൈയിൽ നിന്ന് ബിസിയായി വന്നതുകൊണ്ട് അവളോട് ഇംഗ്ലീഷിൽ സംസാരിക്കുന്നതായിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്. എന്നെയും ഇംഗ്ലീഷിൽ പറഞ്ഞ് അറ്റാക്ക് ചെയ്യുകയാണ്. നിങ്ങളെന്താ റിയാക്ട് ചെയ്യാത്തെ പിള്ളേരേ, എന്നെയൊന്ന് രക്ഷപ്പെടുത്ത്,’

ഉടൻ തന്നെ 'ഐ ആം ദി സോറി ചേച്ചി' എന്ന് അവതാരക ദക്ഷ രവീന്ദ്രനാഥ് മറുപടി നൽകി. തുടര്‍ന്ന്, 'സോറി പറയാൻ അത്രയ്ക്ക് മോശമായിട്ടൊന്നുമില്ല. നമ്മൾ നമ്മുടെ നാട്ടിൽ സംസാരിക്കുമ്പോൾ നമ്മുടെ ഭാഷയിൽ സംസാരിച്ചാൽ മതി, എല്ലാവർക്കും മനസ്സിലാകും അല്ലേ,' എന്ന് ഉർവശി കൂട്ടിച്ചേർത്തു.

അവതാരകയുടെ പ്രതികരണം:

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ അവതാരക ദക്ഷ രവീന്ദ്രനാഥ് ഇത് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചു. ‘എന്നെ ആരും ബഹിരാകാശത്തേക്ക് അയക്കേണ്ടതില്ല. ഞാൻ തന്നെ എന്റെ ബാഗുകൾ പാക്ക് ചെയ്തിട്ടുണ്ട്,’ എന്ന കുറിപ്പോടെയാണ് ദക്ഷ വിഡിയോ പോസ്റ്റ് ചെയ്തത്. സിറ്റുവേഷൻ മികച്ച രീതിയിൽ കൈകാര്യം ചെയ്ത ദക്ഷയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് കമന്റ് ബോക്സിൽ എത്തുന്നത്. ഇംഗ്ലിഷിനെ അധിക്ഷേപിച്ചതല്ലെന്നും, മാതൃഭാഷയിൽ സംസാരിക്കുന്നതിന്റെ പ്രാധാന്യമാണ് ഉർവശി ചൂണ്ടിക്കാണിച്ചതെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്.

ENGLISH SUMMARY:

Renowned actress Urvashi recently made headlines for playfully pulling up an event anchor for using English during a promotional event for her upcoming film 'Asha'. Sharing the stage with Joju George and Aishwarya Lekshmi, Urvashi emphasized that interacting in the mother tongue with a local Kerala audience is much more appropriate. Anchor Daksha Raveendranath handled the lighthearted situation gracefully by offering a witty apology. The video quickly went viral on social media, sparking widespread discussions about linguistic preferences and regional communication.