മകൾ അലംകൃതയുടെ പന്ത്രണ്ടാം പിറന്നാൾ ദിനത്തിൽ ആശംസകളുമായി പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. മകളുടെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേർന്നത്.

‘പിറന്നാൾ ആശംസകൾ, ഞങ്ങളുടെ വെളിച്ചമേ! നീ നീയായിരിക്കുന്ന രീതിയിലും, നീ ഒരു നല്ല വ്യക്തിയായി വളരുന്നതിലും അമ്മയ്ക്കും അച്ഛനും അളവറ്റ അഭിമാനമുണ്ട്. ചുറ്റുമുള്ളവരോടുള്ള നിന്‍റെ ആർദ്രത ഒരു വലിയ പ്രചോദനമാണ്. കേവലം നിന്‍റെ സാന്നിധ്യം കൊണ്ടുതന്നെ ജീവിതത്തിന്‍റെ എത്രയോ മനോഹരമായ പാഠങ്ങളാണ് നീ ഞങ്ങളെ പഠിപ്പിച്ചത്! ചിറകുകൾ വിടർത്തി ഇനിയും ഉയരങ്ങളിലേക്ക് പറക്കുക,’ പൃഥ്വിരാജ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

മകൾ വളർന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സുപ്രിയയുടെ ആശംസ കുറിപ്പ്. ‘എന്‍റെ ആലിക്കുട്ടിക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ! ആശുപത്രിയിൽ നിന്ന് നിന്നെ വീട്ടിലേക്ക് കൊണ്ടുവന്നത് ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു. ഞങ്ങളുടെ എല്ലാ നല്ല ഗുണങ്ങളും നിന്നിലാണ് ഉള്ളതെന്ന് തോന്നിപ്പോകും. ഒപ്പം ഈ വാക്സാമാർഥ്യവും കുറുമ്പും ആരിൽ നിന്നാണ് കിട്ടിയതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!

എപ്പോഴും സ്നേഹവും കരുണയും ഉള്ളവളായിരിക്കുക, കാരണം ഈ ലോകം പലപ്പോഴും അത്രമേൽ വിചിത്രമാണ്! നീ എങ്ങനെയുള്ള ആളാണെന്നതിലും, ഏതു രീതിയിലാണ് വളർന്നുവരുന്നതെന്നതിലും അമ്മയ്ക്കും ഡാഡയ്ക്കും ഒരുപാട് അഭിമാനമുണ്ട്! ഒത്തിരി സ്നേഹം.’,’ സുപ്രിയ കുറിച്ചു.

സാധാരണയായി അലംകൃതയുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങൾ പൃഥ്വിരാജും സുപ്രിയയും പങ്കുവെക്കാറില്ല. അതുകൊണ്ടുതന്നെ, കുടുംബസമേതമുള്ള പുതിയ ചിത്രങ്ങൾ നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി. സിനിമാ മേഖലയിലെ പ്രമുഖരടക്കം നിരവധി പേരാണ് അലംകൃതയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

ENGLISH SUMMARY:

Actor Prithviraj Sukumaran and Supriya Menon celebrated their daughter Alankrita's twelfth birthday by sharing heartfelt notes on social media. Expressing immense pride in her compassionate nature and growth, the parents posted lovely pictures alongside touching tributes. Supriya humorously noted that Alankrita's sharpness and mischief clearly run in the family. Although the couple rarely shares pictures showing their daughter's face, this special post quickly went viral across platforms.