Image Credit : Instagram

പ്രദര്‍ശനത്തിനെത്തിയ ആദ്യദിനം തന്നെ പൃഥ്വിരാജ് - വൈശാഖ് ചിത്രം 'ഖലീഫ'യുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. 'ഖലീഫ ദ് ലെഗസി' എന്നാണ് രണ്ടാം ഭാഗത്തിന് നല്‍കിയിരിക്കുന്ന പേര്. റിലീസ് ദിനത്തില്‍ വൈകുന്നേരം കൊച്ചിയിൽ നടന്ന ചടങ്ങിലാണ് ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പൃഥ്വിരാജ്, മോഹന്‍ലാല്‍, സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങിന്‍റെ ഭാഗമായി. ഖലീഫയില്‍ മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന അതിഥി കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തിയതെങ്കില്‍ രണ്ടാം ഭാഗത്തില്‍ മോഹന്‍ലാല്‍ ആയിരിക്കും പ്രധാനകഥാപാത്രമായെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

ഖലീഫയ്ക്ക് റിലീസ് ചെയ്ത് ആദ്യദിനം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഖലീഫയില്‍ പൃഥ്വിരാജിന്‍റെ മാസും ആക്ഷനും ജേക്സ് ബിജോയിയുടെ സംഗീതം കൂടിച്ചേര്‍ന്നപ്പോള്‍ ചിത്രം മികച്ച ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നതെന്നും ഖലീഫ കണ്ടിറങ്ങിയവര്‍ പറയുന്നു. വൈശാഖിന്‍റെ സംവിധാനമികവും ജോമോൻ ടി ജോണിന്റെ ഛായാഗ്രഹണവും ചമൻ ചാക്കോയുടെ എഡിറ്റിങ്ങും ചിത്രം ബോക്സ് ഓഫീസ് ഹിറ്റ് ആക്കുമെന്നും അഭിപ്രായങ്ങളുണ്ട്. 

അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തെ വലിയ ആകാംക്ഷയോടെ ആരാധകര്‍ നോക്കിക്കാണുന്നത്. മാമ്പറയ്ക്കൽ അഹമ്മദ് അലിയുടെ ലെഗസിയായിരിക്കും ചിത്രം പറയാന്‍ പോകുന്നത് എന്ന സൂചനയും ചടങ്ങില്‍ പൃഥ്വിരാജ് ഇതിനോടകം നല്‍കിക്കഴിഞ്ഞു. ഓണം റിലീസായി എത്തിയ ഖലീഫയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിനു എബ്രഹാമാണ്. 

ENGLISH SUMMARY:

Khalifa 2, also known as Khalifa The Legacy, has been officially announced on the same day as the first part's release. This sequel promises to be a significant development in Malayalam cinema, with expectations high for its plot and performances.