Image Credit : Twitter
അപ്പാർട്ട്‌മെന്റിലെ ലിഫ്റ്റിൽ നിന്ന് ഇറങ്ങുന്നതിനിടെ ലിഫ്റ്റ് താഴേക്ക് നീങ്ങിയതിനെ തുടർന്ന് 50കാരിക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ല സ്വദേശിനിയാണ് മരിച്ചത്. മക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം ലിഫ്റ്റിൽ മുകളിലെ നിലയിലെത്തിയതിന് പിന്നാലെയായിരുന്നു അപകടം. മറ്റുള്ളവർ ലിഫ്റ്റിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ വനിത പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
കൊച്ചുമകനും മകളും ആദ്യം ലിഫ്റ്റിൽ നിന്ന് ഇറങ്ങി. പിന്നാലെ വനിതയും ഇറങ്ങാൻ കാലെടുത്തുവച്ചതോടെ ലിഫ്റ്റ് പെട്ടെന്ന് താഴേക്ക് നീങ്ങുകയായിരുന്നു. ഇതോടെ ലിഫ്റ്റിനും കെട്ടിടത്തിനുമിടയിൽ കുടുങ്ങിയ വനിതയ്ക്ക് ഗുരുതരമായി പരുക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അമ്മ അപകടത്തിൽപ്പെട്ടതോടെ മകൾ രക്ഷിക്കാൻ ശ്രമിക്കുന്നതും നിലവിളിച്ച് ആളുകളെ വിളിച്ചുകൂട്ടുന്നതും ദൃശ്യങ്ങളിൽ കാണാം.
ഗുരുതരമായി പരുക്കേറ്റ വനിതയെ ഉടൻ ആശുപത്രിയിലെത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലിഫ്റ്റിന്റെ സാങ്കേതിക തകരാറാണോ അപകടത്തിന് കാരണമെന്നത് ഉൾപ്പെടെ പരിശോധിച്ചുവരികയാണ്.