ക്രിയേറ്റീവ് ഫ്രീഡം എല്ലാവര്‍ക്കുമുണ്ടെന്നും ഗീതു മോഹന്‍ദാസിന് ഇഷ്ടമുള്ള സിനിമ എടുക്കാമെന്നും പാര്‍വതി തിരുവോത്ത്. സിനിമയിൽ ഇരുപത് വർഷം പൂർത്തിയാക്കിയ പാർവതി 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' എന്ന പുതിയ ചിത്രത്തിന്‍റെ പ്രചരണാർഥം മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘കസബ’ വിവാദവുമായി ബന്ധപ്പെട്ട് ഏറെ ചർച്ചയായ ഗീതു മോഹൻദാസിന്‍റെ ‘സേ ഇറ്റ്’ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു പാര്‍വതിയുടെ മറുപടി. കസബ ചിത്രത്തിനെതിരെ പറഞ്ഞ നിലപാടില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്നും താന്‍ പറഞ്ഞത് തന്‍റെ നിലപാടാണെന്നും പാര്‍വതി. ഗീതു ഒരിക്കലും താന്‍ പറഞ്ഞത് ഏറ്റുപറഞ്ഞിട്ടില്ലെന്നും താരം വ്യക്തമാക്കി.
പാര്‍വതിയുടെ വാക്കുകളിങ്ങനെ, ഞാന്‍ പറഞ്ഞത് എന്‍റെ അഭിപ്രായമാണ്. ഇപ്പോള്‍ ചോദിച്ചാലും ആ സിനിമയെ കുറിച്ച് തന്‍റെ അഭിപ്രായം അതുതന്നെയാണെന്നും വേറെ ആരു എന്തുപറഞ്ഞാലും സത്യം സത്യമല്ലാതായിരിക്കില്ല. ഗീതുവിന് ഇഷ്ടമുള്ള സിനിമയെടുക്കാം. എന്‍റെ ഒരു അഭിപ്രായം ഗീതുവിന്‍റെ അടുത്തിരുന്ന് പറഞ്ഞു. ഇക്കാരണത്താല്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളോ സിസ്റ്റമോ വച്ച് സിനിമയെടുക്കണമെന്ന കടിഞ്ഞാണ്‍ ഞങ്ങള്‍ അനോന്യം ഇട്ടുകൊടുത്തിട്ടില്ല. ക്രിയേറ്റീവ് ഫ്രീഡം എല്ലാവര്‍ക്കുമുണ്ട്. ഗീതുവിന് ഇഷ്ടമുള്ള ആശയങ്ങള്‍ വച്ച് സിനിമ എടുക്കട്ടെ. അതും ഇതും തമ്മില്‍ ബന്ധിപ്പിക്കുന്നത് തന്നെ പെണ്ണാണ് പെണ്ണിന്‍റെ ഏറ്റവും വലിയ ശത്രു എന്ന് കേട്ടിരുന്ന അവസ്ഥയിലേക്കാണ് കൊണ്ടുപോകുന്നത്. അതിന് താന്‍ തയാറല്ലയെന്നും പാര്‍വതി പറഞ്ഞു.