സിനിമയിൽ ശരിക്ക് വേണ്ടി നിലകൊള്ളുമ്പോൾ വില്ലനായി ചിത്രീകരിക്കാൻ ശ്രമം തുടരുന്നുവെന്ന് നടി പാർവതി തിരുവോത്ത്. സിനിമയിലെ പവർ ഗ്രൂപ്പുകൾ അനിവാര്യരാണെന്ന് അവർ തെറ്റിദ്ധരിച്ചു. അവരില്ലെങ്കിലും സിനിമയ്ക്കൊന്നും പറ്റില്ലെന്നും അത് തനിക്ക് മുൻനിരയിൽ ഇരുന്ന് കാണാൻ കഴിഞ്ഞുവെന്നും പാർവതി പറഞ്ഞു. സിനിമയിൽ ഇരുപത് വർഷം പൂർത്തിയാക്കിയ പാർവതി പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്ന പുതിയ ചിത്രത്തിന്റെ പ്രചരണാർഥം മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പാര്‍വതിയുടെ വാക്കുകള്‍.
നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവരെ ഭയപ്പെടുത്താൻ കഴിയില്ല. വിമൻ ഇൻ സിനിമ കലക്ടീവ് രൂപീകരണം എളുപ്പമുള്ള തീരുമാനമായിരുന്നില്ല. അതുമായി മുന്നോട്ടുപോയാൽ തൊഴിൽ നഷ്ടപ്പെടുമെന്ന് വ്യക്തമായിരുന്നുവെന്നും പാർവതി പറഞ്ഞു.
സിനിമയിൽ ഇതുവരെ എടുത്ത നിലപാടുകളിൽ ഒരു പശ്ചാത്താപവും ഇല്ലെന്നും പാർവതി വ്യക്തമാക്കി. കുറച്ച് കാലമായി പല കാര്യങ്ങൾക്കുമുള്ള മൈക്കായിരുന്നു താൻ. സംവിധായകരും നടന്മാരും ഉൾപ്പെടെയുള്ളവർക്ക് തുടർപരാജയങ്ങളിലും അവസരം നൽകാൻ ആളുണ്ട്. എന്നാൽ ഒരു സിനിമ മോശമായാൽ മാറ്റി നിർത്തപ്പെടുന്ന സ്ത്രീകൾ ഏറെയാണെന്നും പാർവതി പറഞ്ഞു.