തിരുവനന്തപുരം മൃഗശാലയിലെ ഹനുമാന് കുരങ്ങ് വീണ്ടും ചാടിപ്പോയി. രണ്ടു വര്‍ഷം മുമ്പ് ചാടിപ്പോയ അതേ പെണ്‍കുരങ്ങ് തന്നെയാണ് വീണ്ടും ചാടിപ്പോയത്. മൃഗശാലയിലെ കൂടിന്റെ വലിയ മതില് ചാടിക്കടന്നാണ് രക്ഷപെട്ടത്. രാവിലെ മൃഗശാലയിലെ സിസിടിവി പരിശോധിച്ചപ്പോള്‍ എട്ടരയ്ക്കാണ് കുരങ്ങ് ചാടിപ്പോയതെന്ന് വ്യക്തമായിട്ടുണ്ട്. അപ്പോള്‍ മുതല്‍ രണ്ട് കീപ്പര്‍മാരെ നിയോഗിച്ച് കുരങ്ങിനെ തിരികെയെത്തിക്കാന്‍ ശ്രമം തുടങ്ങി. മൃഗശാല വളപ്പില്‍ തന്നെയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
2023 ജൂണ്‍ 13 നാണ് അന്ന് മൂന്നു വയസുകാരിയായിരുന്ന പെണ്‍കുരങ്ങ് കൂട് വിട്ട് പോയത്. അന്ന് സമീപത്തെ മരങ്ങളിലും റോഡിലും എല്ലാം ഒാടി നടന്ന കുരങ്ങ് നഗരത്തിന്റെ പലഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും പിടികൂടാനായില്ല. ദിവസങ്ങളുടെ പരിശ്രമത്തിന് ശേഷം ജര്‍മന്‍ സാംസ്കാരിക കേന്ദ്രത്തില്‍ കയറിയ കുരങ്ങിനെ വലയിട്ട് പിടികൂടുകയായിരുന്നു. തുടര്‍ന്ന് കൂടിന്റെ ഉയരമൊക്കെ കൂട്ടിയെങ്കിലും അതെല്ലാം മറികടന്നാണ് ഇത്തവണത്തെ ചാട്ടം.