ട്രാൻസ് വുമൺ ദീപ്തി കല്യാണിക്കെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി യുട്യൂബറും ഇൻഫ്ലുവൻസറുമായ ഹെലൻ ഓഫ് സ്പാർട്ട എന്ന എസ്.ആർ. ധന്യ. താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവുകളുണ്ടെന്നും അവ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറാൻ തയ്യാറാണെന്നും ധന്യ മനോരമ ന്യൂസിനോട് പറഞ്ഞു.

താൻ ഉന്നയിച്ചത് കൃത്യമായ ആരോപണങ്ങളാണെന്നും അതിന് തെളിവുകൾ കൈവശമുണ്ടെന്നും ധന്യ വ്യക്തമാക്കി. സംഭവത്തിന്റെ പേരിൽ പലരിൽനിന്നും ഭീഷണിയുണ്ടായിട്ടും കേസിൽനിന്ന് പിന്മാറില്ലെന്നും അവർ പറഞ്ഞു.

ഞാൻ ഈ കേസുമായി മുന്നോട്ടുപോകും. അന്വേഷണ ഉദ്യോഗസ്ഥരുമായി പൂർണമായി സഹകരിക്കാനും തയ്യാറാണ്. ഏഴ് വർഷമായി സോഷ്യൽ മീഡിയയിൽ റിയാക്ഷൻ വീഡിയോകൾ ചെയ്യുന്നയാളാണ് ഞാൻ. അതിന്റെ എല്ലാ വശങ്ങളും എനിക്ക് അറിയാം.

സോഷ്യൽ മീഡിയയിൽ ഒരു കാര്യം പോസ്റ്റ് ചെയ്യുമ്പോൾ അതുകൊണ്ട് എന്തൊക്കെ സംഭവിക്കാമെന്ന് ആലോചിച്ച ശേഷമാണ് ഞാൻ പോസ്റ്റ് ചെയ്യാറുള്ളത്. തെറ്റുകൾ സംഭവിക്കാറുണ്ട്. ഇല്ലെന്ന് ഞാൻ പറയുന്നില്ല. അത് മനുഷ്യസഹജമാണ്. എന്നാൽ ദീപ്തി കല്യാണിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഞാൻ കൃത്യമായ ആരോപണമാണ് ഉന്നയിച്ചിട്ടുള്ളത്. അതിനുള്ള  തെളിവുകൾ എന്‍റെ കയ്യിലുണ്ട്. അത് കോടതിക്ക് മുൻപാകെയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെയും സമർപ്പിക്കാൻ ഞാൻ പൂർണമായും തയ്യാറാണ്. എന്നെ വിരട്ടിയിട്ട് കേസിൽനിന്ന് പിന്തിരിപ്പിക്കാമെന്ന് ആരും കരുതേണ്ട. നിയമത്തിൽ ഞാൻ വിശ്വസിക്കുന്നു. കേസ് അതിന്റെ വഴിക്ക് പോകട്ടെ.

ഞാൻ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. 'തെളിവുകൾ എന്‍റെ കൈയിലുണ്ട്, നിങ്ങൾ കേസ് പിൻവലിക്കണം’ എന്നൊന്നും ആരോടും പറഞ്ഞിട്ടില്ല” — ധന്യ പറഞ്ഞു. ദീപ്തി കല്യാണിയെയും സുഹൃത്തിനെയും അധിക്ഷേപിച്ച് ഹെലൻ ഓഫ് സ്പാർട്ട സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയാണ് പരാതിക്ക് കാരണമായത്. തുടർന്ന് ദീപ്തി തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ സിറ്റി സൈബർ പൊലീസ് കേസെടുത്തു. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നാണ് വിവരം.

ENGLISH SUMMARY:

YouTuber Helen of Sparta (Dhanya) asserted that she stands firm on her allegations against trans woman Deepti Kalyani, stating she possesses concrete evidence and will submit it to investigating authorities. Thrissur City Cyber Police have registered a case carrying up to two years of imprisonment following a formal complaint filed by Deepti over an abusive social media video.