ആത്മാര്‍ഥ സൗഹൃദം നല്ലതാണ്. പക്ഷെ അത് ഒരേസമയം നിയമവിരുദ്ധവും അതിലുപരി ആനമണ്ടത്തരവുമാകുമ്പോള്‍ എന്താണ് ചെയ്യുക. തന്‍റെ ജയിലിലെ സുഹൃത്തുക്കള്‍ക്കായി ലഹരി എറിഞ്ഞ് കൊടുക്കാന്‍ ശ്രമിച്ച് ജയിലിലായ ഒരു യുവാവിന്‍റെ വാര്‍ത്തയാണ് യുകെയില്‍ നിന്ന് പുറത്തുവരുന്നത്. ജൂലൈ 11ന് നടന്ന സംഭവമാണെങ്കിലും ഇപ്പോഴാണ് സംഭവത്തിന്‍റെ രസകരമായ വിഡിയോ പുറത്തുവരുന്നത്. 

ജോഷ്വ സ്മിത്ത് എന്ന 30കാരനാണ് തന്‍റെ അതിസാഹസികത കൊണ്ട് പിടിയിലായത്. 12000 യൂറോ (13 ലക്ഷം രൂപയിലധികം) വിലമതിക്കുന്ന ലഹരിയാണ് ജോഷ്വ ജയിലിലെ മതിലിന് മുകളിലേക്ക് വലിച്ചെറിഞ്ഞത്. അര്‍ധനഗ്നനായി ജോഷ്വ ജയിലിന് സമീപമുള്ള റോഡിലൂടെ നടന്ന് വരുന്നത് ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് തന്‍റെ പോക്കറ്റില്‍ സൂക്ഷിച്ച കവര്‍ ഇയാള്‍ ജയിലിലെ മതിലിന് മുകളിലൂടെ വലിച്ചെറിയാന്‍ ശ്രമിക്കുകയാണ്. മൂന്ന് തവണ ഏറിന്‍റെ ലക്ഷ്യം പിഴച്ച് മതിലില്‍ തട്ടി കവര്‍ നിലത്ത് വീണു. എന്നാല്‍ നാലാം തവണ ജോഷ്വയുടെ ഏറ് മതിലിനപ്പുറം കടന്നു. തുടര്‍ന്ന് തന്‍റെ ഷര്‍ട്ടും തോളത്തിട്ട് ജോഷ്വ സംതൃപ്തനായി നടന്നുപോകുന്നതാണ് വിഡിയോയുടെ ഹൈലൈറ്റ്.

ജോഷ്വ എറിഞ്ഞ പാക്കറ്റ് പക്ഷെ വന്നുവീണത് ജയില്‍ സുരക്ഷാസേന ജീവനക്കാരുടെ മുന്നിലായിരുന്നു. ഉടന്‍ തന്നെ കവര്‍ തുറന്ന് പരിശോധിച്ച ഇവര്‍ക്ക് സംഭവം മനസിലായി. കവറില്‍ ഒരു ഫോണും ഒളിപ്പിച്ച് വച്ചിരുന്നു.

 തുടര്‍ന്ന് ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ജോഷ്വയെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിയമവിരുദ്ധവും അതീവ ഗുരുതരവുമായ തെറ്റാണ് ജോഷ്വ ചെയ്തതെന്ന് കേസിന്‍റെ വാദത്തിനിടെ കോടതി കണ്ടെത്തുകയും ജോഷ്വയ്ക്ക് മൂന്ന് വര്‍ഷവും എട്ട് മാസവും തടവുശിക്ഷ വിധിക്കുകയുമായിരുന്നു. ജോഷ്വയുടെ കുറ്റകൃത്യത്തിന്‍റെ വിഡിയോ വന്‍തോതിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇനി എന്തായാലും ജയിലിനകത്ത് സുഹൃത്തുക്കള്‍ക്കൊപ്പം ചില്‍ ചെയ്യാമല്ലോ എന്നതടക്കം രസകരമായ കമന്‍റുകളുമുണ്ട്. 

ENGLISH SUMMARY:

Joshua Smith was jailed for throwing drugs over a prison wall to his inmate friends. This illegal and foolish act was caught on camera, leading to his arrest and a prison sentence.