മലയാളത്തില്‍ കള്‍ട്ടായ ഒരു സിനിമയിലെ നായകനും സംവിധായകനും എഴുത്തുകാരനും ചേര്‍ന്ന് ഒരു പ്രൊഡക്ഷന്‍ കമ്പനിക്ക് തുടക്കമിടുന്നു. നായകകഥാപാത്രം നടത്തുന്ന കട്ടപ്പനയിലെ സ്റ്റുഡിയോയുടെ പേര് തന്നെ ആ പ്രൊഡക്ഷന്‍ കമ്പനിക്കും ഇടുന്നു, 'ഭാവന സ്റ്റുഡിയോസ്'. 2019ല്‍ തുടങ്ങിയ കമ്പനിക്ക് കാരണമായ സിനിമ 'മഹേഷിന്‍റെ പ്രതികാരം'. ഏഴ് വര്‍ഷത്തിനിടക്ക് എണ്ണം പറഞ്ഞ ആറ് സിനിമകള്‍. ക്വാളിറ്റിയിലും കണ്ടന്‍റിലും ഇന്ന് മിനിമം ഗ്യാരന്‍റി ഉറപ്പ് നല്‍കുന്ന മോളിവുഡിന്‍റെ ബ്രാന്‍ഡ് പ്രൊഡക്ഷന്‍ ഹൗസായിരിക്കുകയാണ് ഭാവന സ്റ്റുഡിയോസ്.

'ഭാവന' തീർത്ത സിനിമാലോകം

2019ല്‍ 'കുമ്പളങ്ങി നൈറ്റ്സിലൂടെ'യാണ് ഭാവന സ്റ്റുഡിയോസ് നിര്‍മാണ രംഗത്തേക്ക് പിച്ചവക്കുന്നത്. ശ്യാം പുഷ്കരന്‍ എഴുതിയ സിനിമയുടെ സംവിധായകനായത് മധു സി.നാരായണന്‍ എന്ന നവാഗതന്‍. തിയേറ്ററില്‍ വന്‍ഹിറ്റടിച്ച 'കുമ്പളങ്ങി നൈറ്റ്സ്' കേരളത്തിന് പുറത്തേക്കും വലിയ ജനപ്രീതിയാണ് നേടിയത്. ഒടിടി വ്യാപകമായപ്പോള്‍ ഇതരഭാഷക്കാരെ മലയാളത്തിലേക്ക് ആകര്‍ഷിക്കുന്നതില്‍ 'കുമ്പളങ്ങി നൈറ്റ്സ്' വലിയ പങ്കാണ് വഹിച്ചത്. മാത്യു തോമസ്, ഗ്രേസ് ആന്‍റണി തുടങ്ങിയ പ്രതിഭകളേയും കുമ്പളങ്ങി നൈറ്റ്സ് മലയാളത്തിന് സമ്മാനിച്ചു. 

ഏതൊരു സിനിമ ഇന്‍ഡസ്ട്രിയെ പോലെ മലയാളം സിനിമയും പ്രതിസന്ധി നേരിട്ട കൊവിഡ് കാലത്തും ഒടിടിയില്‍ റിലീസായ 'ജോജി'യിലൂടെ ഭാവന സ്റ്റുഡിയോസ് വീണ്ടും പ്രേക്ഷകരെ അമ്പരിപ്പിച്ചു. 'മഹേഷിന്‍റെ പ്രതികാര'ത്തിന്‍റെ അതേ ടീം വീണ്ടും ഒന്നിച്ചു. നായകനായി ഫഹദ് ഫാസില്‍. ശ്യാം പുഷ്കരന്‍റെ എഴുത്തില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത 'ജോജി', ഷേക്സ്​പിയറിന്‍റെ 'മാക്ബെത്തി'നെ പുതിയ കാലത്തിലേക്ക് പുനര്‍വിഭാവനം ചെയ്യുകയായിരുന്നു. മികച്ച സംവിധായകന്‍, സ്വഭാവ നടി, അഡാപ്റ്റഡ് സ്ക്രീന്‍ പ്ലേ, പശ്ചാത്തല സംഗീതം എന്നിങ്ങനെ നാല് സംസ്ഥാന അവാര്‍ഡുകളാണ് ചിത്രം നേടിയത്. 

2022ല്‍ 'പാല്‍തൂ ജാന്‍വര്‍'. സംഗീത് പി.രാജന്‍ എന്ന നവാഗതസംവിധായകനൊപ്പം നായകനായി ബേസില്‍ ജോസഫിന്‍റേയും അരങ്ങേറ്റമായിരുന്നു 'പാല്‍തൂ ജാന്‍വര്‍'. മികച്ച അഭിപ്രായം നേടിയ ചിത്രം തിയേറ്ററില്‍ ഹിറ്റായി മാറി. 2023ല്‍ വിനീത് ശ്രീനിവാസനും ബിജു മേനോനും പ്രധാനകഥാപാത്രങ്ങളായ 'തങ്കം' റിലീസ് ചെയ്തു. ശ്യാ പുഷ്കരന്‍റെ കഥയില്‍ ഷഹീദ് അറാഫത്തിന്‍റെ സംവിധാനം. മികച്ച അഭിപ്രായം നേടിയെങ്കിലും ഈ ചിത്രത്തിന് തിയേറ്ററില്‍ വലിയ വിജയമാവാന്‍ കഴിഞ്ഞില്ല. 

എന്നാല്‍ തൊട്ടടുത്ത വര്‍ഷം ശക്തമായ തിരിച്ചുവരവാണ് ഭാവന സ്റ്റുഡിയോസ് നടത്തിയത്. നസ്​ലിനും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളായ 'പ്രേമലു' ഭാവന സ്റ്റിഡിയോസിന്‍റെ ഏറ്റവും വലിയ വിജയചിത്രമായി. 'തണ്ണീര്‍മത്തന്‍ ദിനങ്ങളി'ലൂടെയും 'സൂപ്പര്‍ ശരണ്യ'യിലൂടേയും ശ്രദ്ധേയനായ ഗിരീഷ് എ.ഡി ഭാവ സ്റ്റുഡിയോസിനൊപ്പം കൈകോര്‍ത്തപ്പോള്‍ ബ്ലോക്ബസ്റ്റര്‍ മെഗാ ഹിറ്റായ ചിത്രം ആ വര്‍ഷം ഇന്ത്യന്‍ സിനിമയില്‍ തന്നെ തരംഗമായി. 9 കോടി ബഡ്ജറ്റിൽ പുറത്തിറങ്ങിയ ചിത്രം ആഗോള ബോക്സ് ഓഫീസ് കളക്ഷനായി 130 കോടിക്ക് അടുത്താണ് സ്വന്തമാക്കിയത്.

'പ്രേമലു'വിന്റെ രണ്ടാം ഭാഗമായിരുന്നു ഇതിനുശേഷം ഭാവന സ്റ്റുഡിയോസ് നിര്‍മിക്കേണ്ടിയിരുന്നത്. എന്നാല്‍ ഈ പ്രൊജക്ട് ഉപേക്ഷിക്കുകയും പകരം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' പ്രഖ്യാപിക്കുകയുമായിരുന്നു. ചിത്രത്തിന്‍റെ വൻ വിജയത്തോടെ തങ്ങളുടെ നിർമാണ മികവും മിനിമം ഗ്യാരന്റിയും ഭാവന സ്റ്റുഡിയോസ് ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയാണ്.

ചിത്രത്തിൽ ജസ്റ്റിൻ, ആഷ്ലി എന്നീ കഥാപാത്രങ്ങളെയാണ് നിവിനും മമിത ബൈജുവും അവതരിപ്പിച്ചിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ രസകരമായ മുഹൂർത്തങ്ങളിലൂടെ കഥ പറയുന്ന ചിത്രത്തിന് ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

അടുത്തത് 'കരാട്ടെ ചന്ദ്രൻ'

ഫഹദ് ഫാസിൽ നായകനായി എത്തുന്ന 'കരാട്ടെ ചന്ദ്രൻ' ആണ് ഭാവന സ്റ്റുഡിയോസിന്റെ അടുത്ത ചിത്രം. നവാഗതനായ റോയ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് പ്രശസ്ത എഴുത്തുകാരായ എസ്. ഹരീഷും വിനോയ് തോമസും ചേർന്നാണ്. ഇതിന് പുറമേ 'പ്രേമലു'വിന്‍റേയും 'ബെത്ലഹേം കുടുംബ യൂണി'റ്റിന്‍റെ സഹതിരക്കഥാകൃത്തായ കിരണ്‍ ജോസി ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രവും അണിയറയില്‍ പുരോഗമിക്കുന്നുണ്ട്. 

സിനിമ നിർമാണത്തിന് പുറമെ മികച്ച ചിത്രങ്ങളുടെ വിതരണത്തിലും ഭാവന സ്റ്റുഡിയോസ് സജീവമാണ്. കൂടാതെ, തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ സ്വതന്ത്ര സംഗീത വിഡിയോകളും ഹ്രസ്വചിത്രങ്ങളും സ്വതന്ത്ര സിനിമകളും ഇവർ പ്രേക്ഷകരിലേക്ക് എത്തിക്കാറുണ്ട്.

ENGLISH SUMMARY:

Bhavana Studios is a Malayalam film production house that has established itself as a brand guaranteeing quality and content. Founded by the lead actor, director, and writer of the cult film 'Maheshinte Prathikaaram,' the company has produced six acclaimed films in seven years.