• ഭാവന സ്റ്റുഡിയോസ് നിര്‍മിച്ച് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റ് ആഗോളതലത്തിൽ മൂന്നു ദിവസങ്ങൾ കൊണ്ട് 61.37 കോടി രൂപയാണ് കളക്ട് ചെയ്തത്

നിവിന്‍ പോളി മലയാളത്തിനും അപ്പുറം തമിഴ് ആരാധകര്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ചു തുടങ്ങുന്നത് 2015 ല്‍ പ്രേമത്തിലൂടെയാണ്. ക്യാരക്ടര്‍ റോളുകളിലൂടെ നായിക നിരയിലേക്കെത്തിയ മമിത ബൈജു, സൗത്തിന്ത്യയില്‍ സെന്‍സേഷണല്‍ നായികയാകുന്നത് 2024 ല്‍ പ്രേമലുവിന്‍റെ റിലീസിനു ശേഷവും. മലയാളത്തിനൊപ്പം തെലുങ്കിലും പ്രേമലു ഹിറ്റായതോടെ, പിന്നീട് മമിതയെ തേടിയെത്തിയത് വിജയ്, സൂര്യ, ധനുഷ് തുടങ്ങിയ തമിഴ് സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍. ഈ ഓണക്കാലത്ത്, നിവിന്‍ പോളിയും മമിത ബൈജുവും ആദ്യമായി ജോഡികളായെത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് ബോക്സോഫീസല്‍ ഓണം ബംബര്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ഇനി,  പ്രേമത്തിനും പ്രേമലുവിനും ശേഷം തമിഴകവും തെലുങ്ക് ദേശവും കീഴടക്കാൻ നിവിനും മമിതയും ഒന്നിച്ച 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' മൊഴിമാറ്റി റിലീസ് ചെയ്യാനൊരുങ്ങുകയാണ്  അണിയറപ്രവര്‍ത്തകര്‍. 

ഭാവന സ്റ്റുഡിയോസ് നിര്‍മിച്ച് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റ് ആഗോളതലത്തിൽ വെറും മൂന്നു ദിവസങ്ങൾ കൊണ്ട് 61.37 കോടി രൂപയാണ് കളക്ട് ചെയ്തത്. നിവിന്‍ പോളി വീണ്ടും ബോക്സോഫീസില്‍ മാജിക് സൃഷ്ടിക്കുന്ന ചിത്രം മമിതയ്ക്ക് മറ്റൊരു ബ്ലോക്ക്ബസ്റ്റര്‍ സമ്മാനിക്കുന്നു. കോമഡിയും പ്രണയവും ഇഴചേര്‍ത്ത് കുടുംബ പ്രേക്ഷകരുടെ ഇഷ്ടം നേടിയ ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക് പതിപ്പ് സെപ്റ്റംബര്‍ നാലിന് റിലീസ് ചെയ്യും.  

സൂപ്പര്‍ ശരണ്യ, പ്രേമലു എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം സംവിധായകന്‍ ഗിരീഷ് എ.ഡിയും മമിത ബൈജുവും ഒന്നിച്ച ചിത്രം കേരളത്തിനു പുറത്തും മികച്ച അഭിപ്രായം നേടിയതോടെയാണ് തമിഴ്, തെലുങ്ക് ഭാഷകളിലും മൊഴിമാറ്റി റിലീസ് ചെയ്യുന്നത്. നിവിന്‍ പോളിയുടെയും മമിത ബൈജുവിന്‍റെയും തമിഴ്‌നാട്ടിലെ ജനപ്രീതി കണക്കിലെടുത്ത് ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസാണ് തമിഴ് പതിപ്പ് പ്രദർശനത്തിനെത്തിക്കുന്നത്. തെലുങ്കിലെ പ്രമുഖ നിർമാണ - വിതരണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സും ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസും ചേർന്നാണ് തെലുങ്ക് റിലീസ് ഏറ്റെടുത്തിരിക്കുന്നത്. 

ഗിരീഷ് എ.ഡിയുടെ മികച്ച മേക്കിംഗും ഭാവന സ്റ്റുഡിയോസിന്‍റെ നിർമ്മാണ മികവും ഒത്തുചേർന്ന ചിത്രം, ഇതര ഭാഷകളിലും പ്രേക്ഷക ഇഷ്ടം നേടിയെടുക്കുമെന്നാണ് പ്രതീക്ഷ. 

ENGLISH SUMMARY:

Bethlehem Kudumbam Unit, starring Nivin Pauly and Mamitha Baiju, has become an Onam bumper at the Kerala box office, marking a significant collaboration. This film, building on the success of Premalu and Premam, is now set for a dubbed release in Tamil and Telugu, aiming to capture audiences in the South Indian market.