ബോളിവുഡ് താരം അർജുൻ രാംപാലും ദീർഘകാലമായുള്ള പങ്കാളിയും മോഡലുമായ ഗബ്രിയേല ഡെമെട്രിയാഡും ഔദ്യോഗികമായി വിവാഹിതരായി. ഗോവയിലെ മപുസ സബ് റജിസ്ട്രാർ ഓഫീസിലെത്തിയാണ് വിവാഹം റജിസ്റ്റര്‍ ചെയ്തത്. അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
Also Read: 'ബെഡ്റൂം സീനിൽ പോലും മുഴുവൻ വസ്ത്രവും ഇട്ടേ അഭിനയിക്കൂ, മിസ നാടകത്തിന്റെ അണിയറ പ്രവർത്തകർക്ക് അഭിവാദ്യം
ഏകീകൃത സിവില്‍ കോഡ് പ്രകാരമാണ് വിവാഹം റജിസ്റ്റര്‍ ചെയ്തതെന്ന് സബ് റജിസ്ട്രാര്‍ സൂരജ് വെര്‍ണേക്കര്‍ പിടിഐയോട് പറഞ്ഞു. നിലവില്‍ പനാജിക്ക് സമീപത്തുള്ള സുക്കോറോ ഗ്രാമത്തിലാണ് അര്‍ജുനും ഗബ്രിയേലയും താമസിക്കുന്നത്. 2018 മുതൽ പ്രണയത്തിലായിരുന്നു ഇരുവരും. ഏഴും മൂന്നും വയസുള്ള രണ്ടാണ്‍മക്കളുണ്ട് അര്‍ജുനും ഗബ്രിയേലയ്ക്കും.
കഴിഞ്ഞ വർഷം ഡിസംബറിൽ നടി റിയ ചക്രവർത്തിയുടെ പോഡ്‌കാസ്റ്റിലൂടെയാണ് ഇരുവരും തങ്ങളുടെ വിവാഹനിശ്ചയം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നത്. ഫാഷൻ ഡിസൈനറും മോഡലുമായ ഗബ്രിയേല ദക്ഷിണാഫ്രിക്കൻ പൗരയാണ്. മെഹര്‍ ജെസിയയാണ് അര്‍ജുന്റെ ആദ്യഭാര്യ. 1998-ൽ വിവാഹിതരായ ഇവർ 2018-ൽ പിരിയുകയും 2019-ൽ വിവാഹമോചനം നേടുകയും ചെയ്തു. ഈ ബന്ധത്തില്‍ രണ്ടു പെണ്‍മക്കളുണ്ട്. ഇതിനു ശേഷമാണ് ഗബ്രിയേലയുമായി അര്‍ജുന്‍ പ്രണയത്തിലാകുന്നതും ഒന്നിച്ചു താമസിക്കുന്നതും. ആദിത്യ ധർ സംവിധാനം ചെയ്ത ദുരന്ധര്‍ സിനിമയിലെ മേജർ ഇഖ്ബാൽ എന്ന വേഷമാണ് അര്‍ജുന് അടുത്ത കാലത്ത് വലിയ പ്രശംസ നേടിക്കൊടുത്തത്.