ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച 'മിസ' എന്ന നാടകത്തിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി നടി ലാലി പി.എം. നാടകത്തിൽ സ്നേഹലതാ റെഡ്ഡിയായി വേഷമിട്ട ചിന്നൂസ് ചിലങ്കയ്ക്കെതിരെ ഉയരുന്ന അധിക്ഷേപങ്ങളിൽ തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് ലാലി പി.എം പ്രതിഷേധം രേഖപ്പെടുത്തിയത്.
കഥയും സാഹചര്യങ്ങളും ആവശ്യപ്പെടുന്ന രീതിയിൽ വസ്ത്രം ധരിക്കാൻ പോലും അനുവദിക്കാത്ത രീതിയിലുള്ള സദാചാരബോധമാണ് സമൂഹത്തിനുള്ളതെന്ന് ലാലി പ്രതികരിച്ചു. 'എത്ര ഓ ടി ടി പ്ലാറ്റ്ഫോമുകൾ വന്നിട്ടും കാര്യമില്ല. ഒരു കഥയും അതിലെ കഥാസന്ദർഭങ്ങളും ആവശ്യപ്പെടുന്ന രീതിയിൽ വസ്ത്രം ധരിക്കാൻ ഇവിടുത്തെ സദാചാര സമൂഹം സമ്മതിക്കില്ല.
നമ്മൾ ബെഡ്റൂം സീനിൽ പോലും മുഴുവൻ വസ്ത്രവും ഇട്ടേ അഭിനയിക്കൂ. അഭിനയം ഒക്കെ മുഖത്ത് മാത്രം മതി എന്നതാണ് സമൂഹത്തിന്റെ തിട്ടൂരം. ഇങ്ങനെയൊരു നാടകം സ്റ്റേജിൽ കാണിക്കാൻ ധൈര്യം കാണിച്ച നാടകത്തിന്റെ അണിയറ പ്രവർത്തകർക്കും ഡിവൈഎഫ്ഐക്കും അഭിവാദ്യങ്ങൾ'. എന്നിങ്ങനെയായിരുന്നു ലാലി സമൂഹമാധ്യത്തില്‍ കുറിച്ചത്.
അടിയന്തരാവസ്ഥക്കാലത്ത് ഏകാധിപത്യത്തിനെതിരെ പോരാടിയ വിപ്ലവകാരി സ്നേഹലതാ റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി കോഴിക്കോട് ചിലങ്ക ഫ്ലോട്ടിങ് തിയറ്റേഴ്സ് ഒരുക്കിയ നാടകമാണ് 'മിസ'. നാടകത്തിൽ ജയിലിലടയ്ക്കപ്പെട്ട പ്രമുഖ നാടകപ്രവർത്തകയും എഴുത്തുകാരിയുമായ സ്നേഹലതാ റെഡ്ഡിയുടെ കഥാപാത്രത്തെയാണ് നടി ചിന്നൂസ് ചിലങ്ക അവതരിപ്പിച്ചത്.
നാടകത്തിലെ ചില രംഗങ്ങൾ മാത്രം അടർത്തിമാറ്റി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചതിനെത്തുടർന്നാണ് ചിന്നു ചിലങ്കയ്ക്കെതിരെയും ഡിവൈഎഫ്ഐക്കെതിരെയും സൈബർ ആക്രമണം ഉണ്ടായത്. സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.