തൊടുപുഴ ഇടവെട്ടിയിൽ ലഹരിമരുന്നുമായി ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ പിടിയിൽ. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എം. ഷിയാസ്, ആഷിഖ്, നിഹാൻ, ആർഷിത് എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇടവെട്ടിയിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഓട്ടോറിക്ഷയിലും കാറിലുമായി സഞ്ചരിച്ചിരുന്ന ഇവരുടെ കൈവശം 19 ഗ്രാം എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.
ലഹരിക്കെതിരെ നേരത്തെ ശക്തമായ പ്രചാരണം നടത്തിയിരുന്നയാളാണ് ഷിയാസ്. അതേസമയം, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് മുൻപ് ഷിയാസിനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നതായും ഡീ അഡിക്ഷൻ സെന്‍ററില്‍ ചികിത്സ തേടിയിരുന്നതായും വിവരമുണ്ട്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ചെങ്കിലും ഷിയാസ് പരാജയപ്പെട്ടിരുന്നു. അറസ്റ്റിലായ നാലുപേരെയും കേന്ദ്രീകരിച്ച് ലഹരിമരുന്നിന്‍റെ ഉറവിടവും വിതരണ ശൃംഖലയും സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.