brahmanandam-brother-video

ഒട്ടേറെ സിനിമകളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയും പത്മശ്രീ പുരസ്കാരം നേടി ഇന്ത്യൻ സിനിമയിലെ തന്നെ ഐക്കോണിക് ഹാസ്യനടനായി മാറുകയും ചെയ്ത ബ്രഹ്മാനന്ദത്തിന്റെ സഹോദരന്റെ പ്രതികരണമാണ് ഇപ്പോൾ സിനിമാലോകത്ത് വാർത്തയാകുന്നത്.

സ്വന്തം നാടായ സാത്തെനപ്പള്ളിയിൽ ഒറ്റയ്ക്ക് കഴിയുന്ന ബ്രഹ്മാനന്ദത്തിന്റെ മൂത്ത സഹോദരൻ വദൻ, സഹോദരനുമായുള്ള ബന്ധത്തെക്കുറിച്ച് വൈകാരികമായി പ്രതികരിച്ചു. കുടുംബത്തിലെ ആറ് മക്കളിൽ നാലുപേരും മരിച്ചെന്നും ഇപ്പോൾ ജീവനോടെയുള്ളത് തങ്ങൾ രണ്ടുപേർ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ മറ്റൊരു ആവശ്യത്തിനായി ബ്രഹ്മാനന്ദൻ നാട്ടിലെത്തിയിരുന്നു. എന്നിട്ടും തന്നെ വന്ന് കാണാനോ ഒരു വാക്ക് സംസാരിക്കാനോ അദ്ദേഹം തയ്യാറായില്ലെന്നാണ് വദന്റെ ആരോപണം. ‘അണ്ണയ്യാ, സുഖമാണോ?’ എന്ന് ചോദിച്ചുകൊണ്ടുള്ള ഒരു ഫോൺ കോൾ പോലും തനിക്ക് ലഭിക്കാറില്ലെന്നും അദ്ദേഹം കണ്ണീരോടെ പറഞ്ഞു.

ബ്രഹ്മാനന്ദൻ തിരക്കുള്ള വലിയ നടനാണെന്ന് അറിയാം. എന്നാൽ, കുറച്ച് സമയം മാറ്റിവെച്ച് തന്നോടൊപ്പം ചെലവഴിക്കണമെന്ന ആഗ്രഹവും സഹോദരൻ പങ്കുവച്ചു.

‘അദ്ദേഹം വലിയ നടനാണ്. സിനിമാ ഷൂട്ടിങ്ങുമായി തിരക്കിലായിരിക്കാം. പക്ഷേ, എന്നെ വിളിക്കാൻ തീർച്ചയായും ഒന്നോ രണ്ടോ മിനിറ്റ് മതിയല്ലോ’, എന്നാണ് വദന്റെ വൈകാരിക പ്രതികരണം.

അതേസമയം, നാല് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിനുടമയാണ് ബ്രഹ്മാനന്ദം. ആയിരത്തിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പേരിലാണ് ഏറ്റവും കൂടുതൽ സ്ക്രീൻ ക്രെഡിറ്റുകൾ നേടിയ ജീവിച്ചിരിക്കുന്ന നടൻ എന്ന ഗിന്നസ് റെക്കോർഡും. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2009ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിക്കുകയും ചെയ്തിരുന്നു.

ENGLISH SUMMARY:

Brahmanandam brother's emotional response is currently making headlines in the film industry. He expressed his feelings about his relationship with his brother, Brahmanandam, who is living alone in their hometown.