Image Credit: facebook.com/realradikaa
വർഷങ്ങളായി സൂര്യയെ അടുത്തറിയുന്ന വ്യക്തിയാണ് രാധിക ശരത്കുമാർ. വർഷങ്ങളായി ഇരുവരും വളരെ അടുത്ത സൗഹൃദം സൂക്ഷിക്കുന്നുണ്ട്. ഇരുവരും ഒന്നിച്ചഭിനയിച്ച 'വിശ്വനാഥ് ആൻഡ് സൺസ്' കഴിഞ്ഞാഴ്ചയാണ് പുറത്തിറങ്ങിയത്. നേരിട്ടറിയുന്ന സൂര്യയുടെ മാനസിക വേദനകളെ പറ്റി തുറന്നുപറയുകയാണ് രാധിക.
സൂര്യ ജീവിതത്തിലെ കഠിനമായ ഘട്ടത്തിലൂടെ കടന്നുപോയെന്നും അതിനെ മനോഹരമായി അതിജീവിച്ചെന്നും രാധിക പറഞ്ഞു. 'കുടുംബാംഗമെന്ന നിലയില്‍ അദ്ദേഹത്തോടുള്ള അടുപ്പം വളരെ കൂടുതലാണ്. കാരണം അദ്ദേഹത്തിന്റെ കഷ്ടപ്പാടുകളും വേദനകളും ഞാൻ കണ്ടിട്ടുണ്ട്. സിനിമയിൽ പലരും വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്, എന്നാൽ യഥാർത്ഥ മാനസിക പോരാട്ടങ്ങൾ മറ്റൊരു തലത്തിലുള്ളതാണ്. ആ ബുദ്ധിമുട്ടുകളെല്ലാം സൂര്യ തരണം ചെയ്തു. അദ്ദേഹത്തെ അടുത്തറിഞ്ഞ ഒരാളെന്ന നിലയിൽ, സൂര്യയെ കാണുമ്പോൾ ആത്മാർത്ഥമായി അഭിമാനം തോന്നാറുണ്ട്' എന്നാണ് രാധികയുടെ വാക്കുകള്‍.
'സൂര്യ അധികം സംസാരിക്കുന്നൊരാളല്ല, അപൂര്‍വമായി മാത്രമെ മനസ് തുറയ്ക്കാറുള്ളൂ. ചുരുക്കം ചിലരോട് മാത്രമാണ് നന്നായി സംസാരിക്കുന്നത്. സൂര്യയോട് ഏറെ സംസാരിക്കാന്‍ കഴിഞ്ഞ ഒരാളായിരുന്നു ഞാന്‍. 'ഇങ്ങനെ ചെയ്യരുത്, അങ്ങനെ ചെയ്യണം' എന്നൊക്കെ ഞാൻ അദ്ദേഹത്തോട് പറയാറുണ്ടായിരുന്നു' എന്നും രാധിക പറഞ്ഞു.
ചിത്രത്തിന്റെ വിജയമാഘോഷ ചടങ്ങിൽ സംസാരിക്കവെയാണ് രാധികയുടെ വാക്കുകള്‍. ചിത്രത്തിൽ സൂര്യയുടെ അമ്മയായാണ് രാധിക അഭിനയിച്ചത്. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത് ചിത്രമാണ് 'വിശ്വനാഥ് ആൻഡ് സൺസ്'. കരിയർ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന സഞ്ജയ് വിശ്വനാഥ് എന്ന പ്രൊഫഷണൽ പിസ്റ്റൾ ഷൂട്ടറുടെ വേഷമാണ് ചിത്രത്തിൽ സൂര്യയുടേത്. അദ്ദേഹത്തെ സ്നേഹിക്കുന്ന മാഡി എന്ന യുവതിയായി മമിത ബൈജുവും ചിത്രത്തിലുണ്ട്.