jailer-two

രജനികാന്ത് നായകനാകുന്ന ബിഗ് ബജറ്റ് തമിഴ് ചിത്രം 'ജയിലർ 2'-ലെ ആദ്യഗാനം പുറത്ത്. 'അലാ ബൊലേലൊ' എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന്റെ പ്രമോ വിഡിയോകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഇവയ്ക്ക് വൻ സ്വീകരണമാണ് സാമൂഹികമാധ്യമങ്ങളിൽ ലഭിച്ചത്. 'ജയിലർ' ആദ്യഭാഗത്തിലെ 'കാവാല'യില്‍ തമന്നയായിരുന്നെങ്കില്‍ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന രണ്ടാം ഭാഗത്തിലെ ഡാൻസ് നമ്പറിൽ നടി ഷംന കാസിം ആണ് ശ്രദ്ധാകേന്ദ്രമാകുന്നത്. ഷംനക്കൊപ്പം അപ്രതീക്ഷിതമായി രാജേഷ് മാധവനും ഗാനരംഗങ്ങളിലെത്തുന്നുണ്ട്. 

ഗാനത്തിന്റെ പ്രൊമോ പുറത്തിറങ്ങിയതിന് പിന്നാലെ പാട്ടിലെ മലയാളം വാക്കുകളുടെ ഉച്ചാരണത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായിരുന്നു. അനിരുദ്ധ് രവിചന്ദർ ഈണം നൽകി ആലപിച്ച 'അലാ ബൊലേലോ' എന്ന ഗാനത്തിന് വരികൾ കുറിച്ചിരിക്കുന്നത് അരുൺരാജ് കാമരാജാണ്. നിരഞ്ജന രാമൻ, അപർണ ഹരികുമാർ, ദീപ്തി സുരേഷ് എന്നിവരാണ് മറ്റ് ഗായകർ. പ്രൊമോയിൽ കേൾക്കുന്ന മലയാളം വരികളുടെ ഉച്ചാരണം തെറ്റാണെന്നും അത് കേൾക്കാൻ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നുമാണ് പ്രേക്ഷകരുടെ പ്രധാന പരാതി. മുൻപ് രജനികാന്തിന്റെ 'വേട്ടയ്യൻ' എന്ന ചിത്രത്തിലെ 'മനസിലായോ' എന്ന ഓണം ഗാനം വൻ ഹിറ്റായി മാറിയിരുന്നു. എന്നാല്‍ ആ പാട്ടിനെതിരെയും ഇതേ വിമര്‍ശനമുണ്ടായിരുന്നു. ഓണം സീസണിനോടനുബന്ധിച്ചാണ് ഈ ഗാനവും ഒരുക്കിയിരിക്കുന്നത്. 

സുരാജ് വെഞ്ഞാറമൂട്, അന്ന രാജൻ, കോട്ടയം നസീർ, സുനിൽ സുഖദ, സുജിത് ശങ്കർ തുടങ്ങി വലിയൊരു മലയാളി താരനിര തന്നെ രണ്ടാം ഭാഗത്തിലുമുണ്ട്. കൂടാതെ, മോഹൻലാൽ വീണ്ടും അതിഥി വേഷത്തിൽ എത്തുന്നതും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. 

ENGLISH SUMMARY:

The makers of Rajinikanth's highly anticipated action-comedy sequel Jailer 2 have released the full version of the film's first single titled "Ala Bolelo". Composed by Anirudh Ravichander, the dance number features actress Shamna Kasim alongside a surprise appearance by Malayalam actor Rajesh Madhavan. While the song has generated massive pre-release buzz, it also sparked social media debate and criticism over the Malayalam pronunciation in its lyrics. Directed by Nelson Dilipkumar, the film boasts a stellar Malayalam supporting cast, including a cameo by Mohanlal.