rajanivaiaramuthu-JPG

"നടനം എന്നത് വെറും അഭിനയം മാത്രമല്ല; അതൊരു സമ്പൂർണ സമർപ്പണമാണ്" തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു ഇങ്ങനെ കുറിച്ചത് തമിഴകത്തിന്‍റെ തലൈവര്‍ രജനികാന്തിനെക്കുറിച്ചാണ്. നടനും സംവിധായകനുമൊക്കെയായിരുന്ന ഭാഗ്യരാജിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച വേളയിലാണ് വൈരമുത്തു രജനികാന്തിനെക്കുറിച്ച് പറഞ്ഞത്. 

സംവിധായകന്‍ ഭാരതിരാജയുടെ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ ഭാഗ്യരാജിനെ വൈരമുത്തുവിന് അറിയാം. 16 വയതിനിലെ എന്ന ചിത്രത്തില്‍ ഭാഗ്യരാജും ഭാരതിരാജയ്ക്കൊപ്പമുണ്ടായിരുന്നു. ഭാഗ്യരാജിന്‍റെ ആത്മകഥയ്ക്ക് ആമുഖം എഴുതിയപ്പോള്‍ അതില്‍ പരാമര്‍ശിച്ച ഒരു സംഭവമാണ് രജനികാന്തിനെക്കുറിച്ച് ഇപ്പോള്‍ വൈരമുത്തു പറയുന്നത്. 

കമലഹാസന്‍, ശ്രീദേവി, രജനികാന്ത് എന്നിവര്‍ പ്രധാന വേഷത്തിലെത്തി 1977 ല്‍ ഭാരതിരാജയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു 16 വയതിനിലെ. കമല്‍ഹാസനും ശ്രീദേവിയും ജോഡികളാകുമ്പോള്‍, വില്ലന്‍ കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. മിനിട്ടുകള്‍ മാത്രം ദൈർഘ്യമുള്ള വേഷത്തില്‍  ഭാഗ്യരാജും ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.  നായകനായി കമല്‍ഹാസനും നടനായി രജനികാന്തും തങ്ങളുടെ മേല്‍വിലാസം സിനിമാ ലോകത്ത് കുറിച്ചിടുന്ന കാലമാണ്. 14 വയസ് മാത്രമുള്ളപ്പോഴാണ് ശ്രീദേവി ആ ചിത്രത്തില്‍ അഭിനയിക്കുന്നത്. വില്ലന്‍ കഥാപാത്രം പരട്ടയ്യനായി രജനികാന്തും മയിലായി ശ്രീദേവിയും ചേര്‍ന്നുള്ള  ഒരു രംഗം ചിത്രീകരിച്ചതിനു പിന്നിലെ അനുഭവങ്ങളാണ് വൈരമുത്തു കുറിച്ചിടുന്നത്.

16vayathinileposter

കമല്‍ഹാസന്‍ അവതരിപ്പിച്ച ചപ്പാണിയെ പരട്ടൈയ്യന്‍ തല്ലുന്ന ഒരു രംഗമുണ്ട് ചിത്രത്തില്‍. അത് കണ്ട് ദ്വേഷ്യപ്പെടുന്ന മയില്‍ പരട്ടൈയ്യന്‍റെ മേൽ തുപ്പുതാണ് ഷൂട്ട് ചെയ്യേണ്ടത്. സോപ്പ് പത ഉപയോഗിച്ച് ആ രംഗം ചിത്രീകരിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ആദ്യ ടേക്ക് എടുത്തുകഴിഞ്ഞപ്പോള്‍ ആ രംഗം അവിശ്വസനീയമായി തോന്നി. തുടര്‍ന്ന് രജനീകാന്ത് ശ്രീദേവിയോട് പറഞ്ഞു, "അത് ചിത്രീകരിക്കുമ്പോള്‍ ശരിക്കും എന്‍റെ ദേഹത്തേക്ക് തുപ്പിയാല്‍ മതി". പക്ഷേ, ശ്രീദേവി അതിനു സമ്മതിച്ചില്ല, "ഇല്ല, എനിക്ക് അത് ചെയ്യാൻ കഴിയില്ല" എന്ന് പറഞ്ഞുകൊണ്ട് നടന്നു നീങ്ങി. തുടര്‍ന്ന് രജനികാന്ത് സംവിധായകന്‍ ഭാരതിരാജയെ സമീപിച്ച് പറഞ്ഞു, ആ രംഗം യഥാർത്ഥമായി തന്നെ പ്രേക്ഷകര്‍ക്കു തോന്നണം. അതിന് ശ്രീദേവിയോട് ശരിക്കും തുപ്പാന്‍ പറയണം.  ഭാരതിരാജ ആദ്യം മടിച്ചെങ്കിലും, ഒടുവിൽ അദ്ദേഹം സമ്മതിക്കുകയും ശ്രീദേവിയോട് പറയുകയും ചെയ്തു. പിന്നീട് രംഗം കഴിയുന്നത്ര യാഥാർഥ്യബോധത്തോടെ കാണിക്കാൻ രജനീകാന്തിന്‍റെ മുഖത്ത് ശ്രീദേവി തുപ്പുകയായിരുന്നു. 

ഷോട്ട് അവസാനിച്ച് കട്ട് പറഞ്ഞ സംവിധാകന്‍ ഭാരതിരാജ ഓടിവന്ന് രജനികാന്തിനെ കെട്ടിപ്പിടിച്ചു. തൂവാല കൊണ്ട് മുഖം തുടച്ചു, അപ്പോഴേക്കും സംവിധായകനും പൊട്ടിക്കരഞ്ഞുപോയി. അന്ന് തുടക്കക്കാരായ രജിനിയും കമലും ശ്രീദേവിയും അഭിനയിച്ച 16 വയതിനിലെ ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറി. 175 ദിവസമാണ് ചിത്രം തിയേറ്റരുകളില്‍ നിറഞ്ഞോടിയത്.  

അവിസ്മരണീയമായ സിനിമകൾ ഒരുക്കുന്നതില്‍ സമർപ്പിതനായ ഒരു നടനും സംവിധായകനും തമ്മിലുള്ള ബന്ധത്തിന്‍റെ വൈകാരിക അനുഭവമാണ് ആ രംഗമെന്ന് വൈരമുത്തു പറയുന്നു.  സിനിമയോടുള്ള രജിനികാന്തിന്‍റെ അഭിനിവേശത്തെയും സമര്‍പ്പണത്തെയും കുറിച്ച് എക്സില്‍ കുറിച്ച വേളയിലാണ് വൈരമുത്തു ഇങ്ങനെ വിശേഷിപ്പിച്ചത്, "നടനം എന്നത് വെറും അഭിനയം മാത്രമല്ല; അതൊരു സമ്പൂർണ സമർപ്പണമാണ്"

ബസ് കണ്ടക്ടറില്‍ നിന്നും സിനിമയിലെത്തി, വില്ലനായും സഹനടനായും തിളങ്ങി ഇന്ത്യയിലെ ഏറ്റവും വിലയേറിയ സൂപ്പര്‍താരമായി, സ്റ്റൈല്‍ മന്നനായി രജനികാന്ത് വളര്‍ന്നത് ഒപ്പം നിന്നു കണ്ട വൈരമുത്തു, 16 വയതിനിലെ ആ സംഭവത്തെ തമിഴ്  സിനിമയുടെ സുവർണ കാലഘട്ടത്തിലെ ഒരു അമൂല്യ സ്മരണയാണെന്നാണ് വിശേഷിപ്പിക്കുന്നത്. 

ENGLISH SUMMARY:

Acting is more than just performance; it is a complete dedication. This dedication was exemplified by Rajinikanth during the filming of a pivotal scene in the classic movie 16 Vayathinile, as recalled by lyricist Vairamuthu.