k-bhagyaraj-cinema

TOPICS COVERED

ശിവാജി ഗണേഷനും കമല്‍ഹാസനും രജനികാന്തും അടങ്ങുന്ന തമിഴ് സിനിമയിലെ നായകന്മാര്‍ വെള്ളിത്തിരയില്‍നിന്നും ആള്‍ക്കൂട്ടത്തിലേക്ക് ആരവങ്ങളും ആര്‍പ്പുവിളികളും സൃഷ്ടിക്കുന്ന എണ്‍പതുകളുടെ ആരംഭം. കേരളത്തിലെ തിയറ്ററുകളിലും തമിഴ് സിനിമകള്‍ക്ക് വലിയ സ്വീകാര്യത അന്നുണ്ട്. ആരാധാക പ്രീതികൊണ്ട് തമിഴ് സിനിമയുടെ മന്നന്മാര്‍ വലിയ വിജയങ്ങള്‍ സൃഷ്ടിച്ച ആ സമയത്താണ് ആദ്യമായി ഒരു തമിഴ് ചിത്രം തിരുവനന്തപുരത്ത് സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നത്.

bhagyaraj-urvashi

നടികര്‍ തിലകം ശിവാജി ഗണേഷനും അഭിനയ മികവുകൊണ്ട് വിസ്മയിപ്പിക്കുന്ന കമല്‍ഹാസനും സ്റ്റൈലും മാസുമായി രജനികാന്തും വലിയ ഹിറ്റുകള്‍ സൃഷ്ടിക്കുന്നിടത്താണ് ഒരു നാടന്‍ നായകന്‍റെ സിനിമ, മദ്രാസിനു പുറമേ തിരുവനന്തപുരം അടക്കം ദക്ഷിണേന്ത്യയിലെ മറ്റ് 10 കേന്ദ്രങ്ങളില്‍ 25 ആഴ്ച പ്രദര്‍ശനം നേടുന്ന ആദ്യ തമിഴ് ചിത്രമായി മാറുന്നത്. 1983 ല്‍ ഭാഗ്യരാജ് രചനയും സംവിധാനവും നിര്‍വഹിച്ച് നായകനായെത്തിയ 'മുന്താനൈ മുടിച്ച്'.

മലയാളത്തിന്റെ പ്രിയപ്പെട്ട ഉര്‍വശിയുടെ അരങ്ങേറ്റ ചിത്രമായിരുന്നു മുന്താനൈ മുടിച്ച്

മലയാളത്തിന്റെ പ്രിയപ്പെട്ട ഉര്‍വശിയുടെ അരങ്ങേറ്റ ചിത്രമായിരുന്നു മുന്താനൈ മുടിച്ച്. അന്ന് തിരക്കേറിയ നടി കലാരഞ്ജിനിയെ നായികയായി കാസ്റ്റ് ചെയ്തു. എന്നാല്‍ ഡേറ്റ് ക്ലാഷ് സംഭവിച്ചതോടെ മറ്റൊരു നായികയെ അന്വേഷിക്കേണ്ട സാഹചര്യം വന്നു. കലാരഞ്ജിനിയുടെ സഹോദരി ഉർവശിക്ക് ആ വേഷം വാഗ്ദാനം ചെയ്തു. അങ്ങനെ 13–ാം വയസില്‍ ഭാഗ്യരാജിന്‍റെ നായികയായി മുന്താനൈ മുടിച്ച് സിനിമയിലൂടെ ഉര്‍വശിയുടെ അരങ്ങേറ്റം. ഗ്രാമത്തിലെത്തുന്ന വിഭാര്യനും ഒരു കുട്ടിയുടെ പിതാവുമായ അധ്യാപകനെ പ്രണയിക്കുന്ന പരിമളം എന്ന കഥാപാത്രം.

mundhanai-mudichu

സിനിമ വലിയ വിജയമായതിനൊപ്പം ഭാഗ്യരാജിനും ഉര്‍വശിക്കും പ്രകടനംകൊണ്ടും പെരുമ നേടിക്കൊടുത്തു ചിത്രം. തമിഴകത്തിനു പുറത്ത് ഭാഗ്യരാജ് എന്ന തിരക്കഥാകൃത്തിനും പ്രത്യേകമായി സ്വീകാര്യത ലഭിച്ചു തുടങ്ങിയതും ആ കാലത്താണ്. ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് അന്ന് വിറ്റു പോയത് അന്ന് അഞ്ചു ലക്ഷം രൂപയ്ക്കായിരുന്നു. അതുവരെ ഒരു തമിഴ് സിനിമയുടെ റീമേക്കിന് ലഭിച്ച ഏറ്റവും ഉയർന്ന വില. താരപ്രഭയക്കും വെള്ളിത്തിരയിലെ വിസ്മയ കാഴ്ചയ്ക്കും അപ്പുറം പ്രേക്ഷകരുടെ ഹൃദയത്തെ സ്പര്‍ശിക്കുന്ന സിനിമകള്‍ക്കാണ് എല്ലാ ഭാഷയിലും സ്വീകാര്യത എന്ന് തെളിയിക്കുന്നതായിരുന്നു ഭാഗ്യരാജിന്റെ തിരക്കഥ. പിന്നീട് ഭാഗ്യരാജിന്റെ ഒരുപിടി സിനിമകളാണ് പൊന്നുംവിലയിക്ക് ഇതരഭാഷകളിലേക്ക് വിറ്റുപോയത്.

ഹിന്ദിയിലെ സൂപ്പര്‍ സ്റ്റാര്‍ രാജേഷ് ഖന്നയും ശ്രീദേവിയും ജോഡികളായി 'മാസ്റ്റര്‍ ജീ' എന്ന പേരിലിറങ്ങിയ മുന്താനൈ മുടിച്ച് ഹിന്ദി പതിപ്പ് 1985 ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ബോളിവുഡ് ചിത്രമായി മാറി. തെലുങ്ക് പതിപ്പ് 'മൂഡു മുള്ളു', കന്നഡ റീമേക്കായ 'ഹള്ളി മേഷ്ട്രു' എന്നിവയും നേടി ശ്രദ്ധേയ വിജയങ്ങള്‍. നായകന്‍ എന്നതിനൊപ്പം രചയിതാവായുള്ള ഭാഗ്യരാജ് സിനിമകളുടെ മികച്ച കാലഘട്ടമായിരുന്നു അത്.

urvashi-bhagyaraj

സിനിമ സ്വപ്നം കണ്ട് നടന്ന്, ജൂനിയര്‍ ആര്‍ട്ടിസ്റ്റായും സംവിധാന സഹായിയായും അലഞ്ഞ് താന്‍ ആഗ്രഹിച്ച ഇടത്തെത്തിയ ഒരു ചെറുപ്പക്കാരന്റെ അഭിലാഷങ്ങളുടെ പൂര്‍ത്തീകരണങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഓരോ സിനിമകളും. അതുകൊണ്ടു തന്നെ പതിവു ‌സൂപ്പര്‍ താരങ്ങളുടെ അനുകരണങ്ങളോ അമാനുഷികനായ നായകനെയോ ഭാഗ്യരാജ് സിനിമകളില്‍ പ്രേക്ഷകര്‍ കണ്ടില്ല. ജീവിത പരിസരങ്ങളിലുള്ള മുഖമായിരുന്നു ഭാഗ്യരാജിന്റെ ഓരോ കഥാപാത്രങ്ങളുടേതും.

2020 ല്‍ ഭാഗ്യരാജ് തന്നെ എഴുതി മുന്താനൈ മുടിച്ചിന് തമിഴില്‍ റീമേക്ക് ചെയ്യാനുള്ള ചര്‍ച്ചകളും നടത്തിയിരുന്നു

മുന്താനൈ മുടിച്ച് എന്ന സിനിമയും തന്റെ ജീവിതാനുഭവങ്ങളിലൂടെയായിരുന്നു ഭാഗ്യരാജ് വെള്ളിത്തിരയിലേക്ക് പകര്‍ത്തിയത്. എണ്‍പതുകളുടെ ആരംഭത്തോടെ ഭാഗ്യരാജ് തമിഴകത്ത് തന്റേതായ മേല്‍വിലാസം സൃഷ്ടിച്ച സമയം. അന്ന്, ഭാര്യ മരിച്ച ഒരു സുഹൃത്ത് ഭാഗ്യരാജിനുണ്ടായിരുന്നു. പുനർവിവാഹം കഴിക്കാനും ആ സുഹൃത്ത് വിസമ്മതിച്ചു. എന്നാല്‍ ഒരു സ്ത്രീ അദ്ദേഹവുമായി പ്രണയത്തിലായി. ആ സുഹൃത്തിനെ വിവാഹം കഴിക്കാൻ സ്ത്രീ ആഗ്രഹിക്കുന്നത് ഭാഗ്യരാജിന് അറിയാമായിരുന്നു. എന്നാല്‍ ആളുകൾ അവരെക്കുറിച്ച് ഗോസിപ്പുകൾ പ്രചരിപ്പിക്കാൻ തുടങ്ങി.

ഇതില്‍ അസ്വസ്ഥത തോന്നിയ ഭാഗ്യരാജ് സ്വയം ചോദിച്ചു, ഒരു സ്ത്രീ വിധവയായ ഒരാളെ സ്നേഹിക്കുന്നത് തെറ്റാണോ? ആ ചോദ്യവും അതിന് ഭാഗ്യരാജ് കണ്ടെത്തിയ ഉത്തരവും ഒരു സിനിമാ കഥയ്ക്കുള്ള സാധ്യത സൃഷ്ടിച്ചു. കൗമാരക്കാരനായ ഭാഗ്യരാജ് 1966 ല്‍ കൊട്ടകയില്‍ കണ്ട് ഇഷ്ടപ്പെട്ട ചിത്രമായിരുന്നു ജെമിനി ഗണേഷന്‍ നായകനായി 'രാമു'. 14 വയസുള്ള മകനെ വികാരവായ്പോടെ നില്‍ക്കുന്ന ജെമിനി ഗണേഷന്‍റെ ചിത്രമായിരുന്നു അതിന്‍റെ പോസ്റ്ററില്‍. തന്റെ ചിന്തകളും അനുഭവങ്ങളും ഭാവനയില്‍ കോര്‍ത്തിണക്കി മനസില്‍ ഒരു കഥ സൃഷ്ടിച്ച സമയത്ത് രാമു എന്ന ചിത്രത്തിലെ പോസ്റ്ററില്‍ കണ്ണുടക്കി. അമ്മയില്ലാത്ത മകനൊപ്പമുള്ള നായകന്റെ ചിത്രം. താൻ തന്നെ ആ സ്ഥാനത്താണെങ്കിൽ എങ്ങനെയിരിക്കുമെന്ന് അന്ന് ഭാഗ്യരാജ് ചിന്തിച്ചു. അതായിരുന്നു മുന്താനൈ മുടിച്ച് എന്ന ചിത്രത്തിന് അടിത്തറ പാകിയത്.

ഭാര്യ മരിച്ചു പോകുന്ന കഥാപാത്രത്തെ ക്യാമറക്കു മുന്നില്‍ പകര്‍ന്നാടിയ ഭാഗ്യരാജിന് അതേ ദുര്‍വിധി ജീവിതത്തിലും സംഭവിച്ചു

ഒടുവില്‍ ഒരു കൊച്ചുകുട്ടിയുടെ പിതാവായ വാധ്യാര്‍ കഥാപാത്രത്തെ ഭാഗ്യരാജ് സൃഷ്ടിച്ചു. അയാളെ പ്രണയിക്കുന്ന, വിവാഹം കഴിക്കാന്‍ അതിയായി ആഗ്രഹിക്കുന്ന പരിമളത്തെയും അണിനിരത്തി ഭാഗ്യരാജ് കഥ ചിട്ടപ്പെടുത്തി. 'ചിന്ന വീട്' എന്ന് ആദ്യം പേരിട്ട ചിത്രം നിര്‍മാതാവിന്റെ താല്‍പ്പര്യത്തില്‍ 'മുന്താനൈ മുടിച്ച്' എന്ന് മാറ്റി തിയറ്ററിലെത്തി. പിന്നീട് നടന്നത് ചരിത്രം.

2020 ല്‍ ഭാഗ്യരാജ് തന്നെ എഴുതി മുന്താനൈ മുടിച്ചിന് തമിഴില്‍ റീമേക്ക് ചെയ്യാനുള്ള ചര്‍ച്ചകളും നടത്തിയിരുന്നു. ശശികുമാറിനെയും ഐശ്വര്യ രാജേഷിനെയും ജോഡികളാക്കി ചിത്രം അനൗണ്‍സും ചെയ്തു. കാഴ്ചാനുഭവത്തില്‍ മുന്താനൈ മുടിച്ച് ഓരോ പുതിയ ആസ്വാദകന്‍റെയും ഹൃദയഭിത്തിയില്‍ ഇന്നും ചേര്‍ന്നുനില്‍ക്കുന്ന സൃഷ്ടിയാണ്. അതുകൊണ്ടു തന്നെയാകും ഒരു പുനര്‍സൃഷ്ടി എന്ന ഉദ്യമത്തില്‍ പിന്നീട് നിന്നും ഭാഗ്യരാജ് സ്വയം പിന്മാറിയതും.

ഭാര്യ മരിച്ചു പോകുന്ന കഥാപാത്രത്തെ ക്യാമറക്കു മുന്നില്‍ പകര്‍ന്നാടിയ ഭാഗ്യരാജിന് അതേ ദുര്‍വിധി ജീവിതത്തിലും സംഭവിച്ചു. മുന്താനെ മുടിച്ചു പുറത്തിറങ്ങി രണ്ട് മാസത്തിന് ശേഷം, ഭാഗ്യരാജിന്റെ ഭാര്യയും നടിയുമായ 'പ്രവീണ' മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. പിന്നീട് അതീവ ദുഖത്തിലേക്ക് വീണു പോയ ഭാഗ്യരാജിനെ എംജിആര്‍ അടക്കമുള്ളവരാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതും.

ഡാർലിംഗ് ഡാർലിംഗ് ഡാർലിംഗ് എന്ന ചിത്രത്തിലെ തന്റെ നായികയായ 'പൂർണിമ ജയറാ'മിനെ പിന്നീട് അദ്ദേഹം വിവാഹം കഴിക്കുകയായിരുന്നു. ഭാഗ്യരാജിന്റെ ജീവിതത്തിലും കരിയറിലും വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു എംജിആർ. അതുകൊണ്ടു തന്നെ ഭാഗ്യരാജിന്റെ എല്ലാ സിനിമകളിലും കുറഞ്ഞത് ഒരു റഫറൻസോ മുഖ്യമന്ത്രിയുടെ ചിത്രമോ ഉണ്ടാകും. മുന്താനൈ മുടിച്ചു സിനിമയിൽ എംജിആറിന്റെ ഉച്ചഭക്ഷണ പദ്ധതി ചിത്രീകരിച്ച ഒരു രംഗമായിരുന്നു ഉള്‍പ്പെടുത്തിയത്.

വിപണിയില്‍ മുരിങ്ങയിലയുടെ വിൽപ്പന വർധിക്കുന്നതിലേക്കും സിനിമ സ്വാധീനം സൃഷ്ടിച്ചെന്ന കൗതുകകരമായ വസ്തുതയും ചിത്രത്തെ ചുറ്റിപ്പറ്റിയുണ്ട്. സിനിമയില്‍ നിര്‍ബന്ധത്തിനു വഴങ്ങി പരമളത്തെ വാധ്യാര്‍ക്ക് കല്യാണം കഴിക്കേണ്ടി വരുന്നു. എന്നാല്‍ പരിമളത്തെ ഭാര്യയായി കണാന്‍ വാധ്യാര്‍ തയ്യാറാവുന്നില്ല. വാധ്യാരെ തന്റെ വഴിയിലേക്ക് എത്തിക്കുന്നതില്‍ മുരിങ്ങയില ഉപയോഗിച്ച് ഒരു അത്താഴം തയ്യാറാക്കുന്ന പരിമളത്തിന്റെ രംഗം അന്ന് വലിയ ജനപ്രീതി നേടിയിരുന്നു. പിന്നീട് മുരങ്ങയില നേടിയ സ്വീകാര്യതയെക്കുറിച്ച് കോടമ്പാക്കത്തെ സിനിമാ ചര്‍ച്ചകളില്‍ ഏറെ കാലം ചിരിപടര്‍ത്തിയിരുന്നു.

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ഭാഗ്യരാജ് അരങ്ങൊഴിഞ്ഞിരിക്കുന്നു. എങ്കിലും അദ്ദേഹത്തിന്റെ തന്നെ ഒരു ഡയലോഗ് പോലെ, "വാഴ്ക്കൈങ്കിറതു മറുപടിയും സേര്‍തര്‍ക്കാന ഒരു പയനം താന്‍..." അതേ, ജീവിതം എന്നത് വീണ്ടും ചേരാനുള്ള ഒരു വലിയ യാത്രയാണ്... വിട, ഭാഗ്യരാജ്...

ENGLISH SUMMARY:

Bhagyaraj's film Munthanai Mudichu marked a significant milestone in Tamil cinema history, achieving a 25-week run in Trivandrum, a first for a Tamil film. This movie also featured the debut of the beloved actress Urvashi and showcased Bhagyaraj's prowess as a writer and director.