Image: youtube.com/@anumolanukuttyofficial
വളരെ അപ്രതീക്ഷിതമായാണ് തങ്ങളുടെ പ്രിയങ്കരിയായ റിയാലിറ്റി ഷോ– മിനിസ്‌ക്രീന്‍ താരം അനുമോള്‍ വിവാഹിതയായത് ആരാധകര്‍ അറിഞ്ഞത്. തമിഴ്‌നാട് സ്വദേശിയും നടനുമായ ഭുവനേഷാണ് വരൻ. മുൻകൂട്ടി സൂചനകളൊന്നും നൽകാതെ പെട്ടെന്നാണ് താരം വിവാഹവാർത്ത പുറത്തുവിട്ടത്. ഇപ്പോളിതാ വിവാഹക്കാര്യം മുൻകൂട്ടി അറിയിക്കാതിരുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കുകയാണ് അനുമോൾ. ചടങ്ങുകൾക്ക് ശേഷം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വിഡിയോയിലൂടെയാണ് ഭർത്താവിനെ അനുമോൾ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതും.
സന്തോഷകരമായ ഒരു കാര്യം മുൻകൂട്ടി കൊട്ടിഘോഷിക്കുമ്പോൾ അതിൽ തടസ്സങ്ങളും നെഗറ്റിവിറ്റിയും ഉണ്ടാകാൻ സാധ്യതയുണ്ട്. നമ്മെ ഇഷ്ടപ്പെടാത്തവരും കാര്യങ്ങൾ മോശമാകണമെന്ന് ആഗ്രഹിക്കുന്നവരും ഉണ്ടാകാം. അതുകൊണ്ടാണ് അവസാന നിമിഷം മാത്രം ഇത് തുറന്നുപറയാൻ തീരുമാനിച്ചത്. ഇതിൽ ആർക്കും വിഷമം തോന്നരുതെന്ന് അനുമോള്‍ പറയുന്നു. ഇപ്പോൾ തങ്ങൾ വളരെ സന്തോഷത്തിലാണ്. ഇതൊരു ലവ് മാറേജാണോ അറേഞ്ച്ഡ് മാറേജാണോ എന്നൊക്കെ ഒരുപാട് ചോദ്യങ്ങൾ ഉണ്ടാകാം. അവയെല്ലാം വഴിയേ പറയാം. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും വേണമെന്നും അനുമോൾ കൂട്ടിച്ചേര്‍ത്തു. ALSO READ: അനുമോള്‍ വിവാഹിതയായി; വരന്‍ തമിഴ് നടന്‍; കൈ പിടിച്ചേല്‍പ്പിച്ച് സുരേഷ് ഗോപി ...
‘ഞാൻ എന്റെ ഭർത്താവിനെ ഇതുവരെ പരിചയപ്പെടുത്തിയില്ല. ഇത് ഭുവനേഷ്, വിശേഷങ്ങളെല്ലാം വരുന്നവഴിക്ക് പറയാം. എന്താണ്, എങ്ങനെയാണ്, അറേഞ്ച് ആണോ ലവ് മാരേജ് ആണോ, എങ്ങനെ കണ്ടുപിടിച്ചു, എങ്ങനെയാ തമിഴ്– മലയാളം എന്നിങ്ങനെ നിറയെ ചോദ്യങ്ങള്‍ ആയിരിക്കും. അതൊക്കെ വഴിയേ പറയാം. എന്തായാലും ഞങ്ങൾ ഭയങ്കര ഹാപ്പിയാണ്. നിങ്ങൾ എല്ലാവരുടെയും പ്രാർഥനയും അനുഗ്രഹവും എപ്പോഴും വേണം.
കല്യാണം, നേരത്തെ പറയാത്തതെന്തെന്നൊക്കെ ഒരുപാട് പേര് ചിന്തിക്കും. പറയാത്തതെന്താണെന്ന് വച്ചാല്‍ ഇത് ഭയങ്കര സന്തോഷമുള്ളൊരു കാര്യമല്ലേ. അപ്പോള്‍ അത് കൊട്ടിഘോഷിച്ച് നടന്നുകഴിഞ്ഞാ ചിലപ്പോള്‍ അറിയില്ല, നമ്മളെ ഇഷ്ടമില്ലാത്ത, എന്നെ ഇഷ്ടമില്ലാത്ത ഒരുപാട് പേരുണ്ടാകും. ഇപ്പോൾ തന്നെ ഓരോന്നും എഴുതി ഉണ്ടാക്കി ഇടുന്നുണ്ടല്ലോ. ആദ്യമേ എല്ലാവരോടും പറയാണ്ട് അവസാനം പുറത്തു പറയാൻ വിചാരിച്ചിരിക്കുകയായിരുന്നു. അതുകൊണ്ടാണ് ഒന്നും പറയാതിരുന്നത്. നേരത്തെ പറയാത്തതിൽ ഒന്നും വിചാരിക്കരുത്, എന്റെ നല്ലതിനു വേണ്ടിയിട്ട്... നല്ലത് ആഗ്രഹിക്കുന്ന ഒത്തിരി പേരുണ്ട്, മോശം വിചാരിക്കുന്ന ആൾക്കാരും മോശം നടക്കണമെന്ന് വിചാരിക്കുന്ന ഒത്തിരി പേരുമുണ്ട്. അപ്പൊ അതുകൊണ്ടാണ് കേട്ടോ’– അനുമോൾ പറയുന്നു.
ഗുരുവായൂരില്‍ വച്ച് പുലര്‍ച്ചെയായിരുന്നു അനുമോളുടേയും ഭുവനേഷിന്‍റെയും വിവാഹം. സൂപ്പര്‍താരവും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപിയും വിവാഹത്തിനെത്തിയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. ഭുവനേഷ് രാജേന്ദിര്‍ എന്നാണ് വരന്റെ മുഴുവന്‍ പേര്. നടനും മോഡലുമാണ്.