lissy-priyadashan

TOPICS COVERED

നീണ്ട പത്ത് വർഷത്തെ വേർപിരിയലിന് ശേഷം സംവിധായകൻ പ്രിയദർശനും നടി ലിസിയും വീണ്ടും ഒരുമിച്ചത് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ദാമ്പത്യത്തിലെ കയ്പ്പും മധുരവും നിറഞ്ഞ നിമിഷങ്ങളെക്കുറിച്ചും, തങ്ങൾക്കിടയിലുണ്ടായ അസ്വാരസ്യങ്ങളെക്കുറിച്ചും  തുറന്നുപറയുകയാണ് ഇരുവരും  മലയാള മനോരമ ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍. 

 ദാമ്പത്യജീവിതത്തിൽ പ്രിയദർശൻ ഒരു കുടുംബനാഥന്‍റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ പരാജയമായിരുന്നുവെന്ന് ലിസി ഓർക്കുന്നു. 'അപൂർവമായി മാത്രം വീട്ടിലെത്തുന്നൊരാളായിരുന്നു പ്രിയേട്ടൻ. വീട് എങ്ങനെയാണ് നടത്തിക്കൊണ്ടുപോകുന്നതെന്ന് അദ്ദേഹം അറിഞ്ഞിട്ടേയില്ല. പ്രിയേട്ടന്‍റെ മനസ്സിൽ സിനിമ മാത്രമായിരുന്നു,' ലിസി പറഞ്ഞു.

അന്ന് സിനിമയോടുള്ള കടുത്ത ആവേശമായിരുന്നെന്ന് പ്രിയദർശൻ പറഞ്ഞു. 'കുടുംബത്തോടൊപ്പം യാത്രകൾക്കോ അത്താഴത്തിനോ പോകാൻ പോലും എനിക്ക് സമയമുണ്ടായിരുന്നില്ല. പണത്തോടുള്ള ആർത്തിയായിരുന്നില്ല അത്. മറിച്ച്, സിനിമയോടുള്ള അമിതമായ സ്നേഹവും നാളെയെക്കുറിച്ചുള്ള ഉത്കണ്ഠയുമായിരുന്നു. ലഭിക്കുന്ന സമയം പരമാവധി സിനിമകൾക്കായി വിനിയോഗിക്കാനാണ് ഞാൻ ശ്രമിച്ചത്,' പ്രിയദർശൻ വ്യക്തമാക്കി.

തിരക്കേറിയ ഷൂട്ടിങ്ങുകൾക്ക് ശേഷം വീട്ടിലെത്തുമ്പോഴും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ പ്രിയദർശന് കഴിഞ്ഞിരുന്നില്ലെന്ന് ലിസി പറയുന്നു. ഇത്തരത്തിൽ നീണ്ടുനിന്ന അവഗണനകളും തനിച്ചായുള്ള ജീവിതവുമാണ് ഒടുവിൽ വേർപിരിയലിലേക്ക് നയിച്ചത്. പത്തിരുപതു വർഷം കഴിഞ്ഞാലെങ്കിലും പൊട്ടിത്തെറിക്കണ്ടേ. ഞാനുമൊരു മനുഷ്യ ജീവിയല്ലേ, ലിസി ചോദിച്ചു.

വേർപിരിഞ്ഞതിന് ശേഷമുള്ള കാലം തനിക്ക് ലിസിയുടെ സാന്നിധ്യത്തിന്‍റെ വില ബോധ്യപ്പെടുത്തി നൽകിയെന്ന് പ്രിയദർശൻ പറയുന്നു. 'ലിസി പോയത് അവരുടെ മാത്രം തെറ്റുകൊണ്ടാണെന്നാണ് ഞാൻ കരുതിയിരുന്നത്. എന്‍റെ ഈ വാശി തന്നെയാണ് ഞങ്ങളെ അകറ്റിയത്,' അദ്ദേഹം കൂട്ടിച്ചേർത്തു. വല്ലാത്ത സങ്കടത്തോടെയാണ് അന്ന് തങ്ങൾ പിരിഞ്ഞതെന്നും, പല സുഹൃത്തുക്കളും ഒത്തുചേരാൻ ഉപദേശിച്ചിരുന്നുവെങ്കിലും ഇരുവശത്തുമുള്ള വാശികൾ തടസ്സമായി നിന്നുവെന്നും ലിസി പറഞ്ഞു.

ENGLISH SUMMARY:

Renowned director Priyadarshan and actress Lissy have recently opened up about their past separation, marriage, and eventual reunion after a decade apart. Lissy shared that Priyadarshan's constant focus on his filmmaking career left him absent from household responsibilities and family life. Priyadarshan acknowledged that his overwhelming obsession with cinema and anxiety about the future prevented him from spending quality time with his family. After years of living apart, both reflected on how stubbornness fueled their separation before finding their way back together.