haiwaan-1-
  • ഒപ്പത്തിന്‍റെ പത്താം വാര്‍ഷത്തില്‍ ഹിന്ദി റീമേക്കുമായി പ്രിയദര്‍ശന്‍
  • സെയ്ഫ് അലി ഖാന്‍ നായകയാകും അക്ഷയ് കുമാര്‍ വില്ലനായും എത്തുന്നു
  • 'ഹൈവാന്‍' സെപ്റ്റബര്‍ 10 ന് വേള്‍ഡ് വൈഡ് റിലീസ്

മോഹന്‍‌ലാല്‍ അന്ധകഥാപാത്രം ജയരാമനായെത്തിയ സിനിമ 'ഒപ്പം' മറക്കാനാകുമോ മലയാളികള്‍ക്ക്? സൈക്കോ കില്ലറില്‍ നിന്നും നന്ദിനിയെ രക്ഷിക്കാന്‍ വളര്‍ത്തച്ഛന്‍ ജയരാമന്‍ നടത്തുന്ന പോരാട്ടം വെള്ളിത്തിരയിലെത്തിയിട്ട് ഒരു പതിറ്റാണ്ടാവുകയാണ്. മലയാളി പ്രേക്ഷകരുടെ ഇഷ്ട കൂട്ടുകെട്ട് മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശനും ഒന്നിച്ച ചിത്രത്തില്‍ സൈക്കോ കില്ലര്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് തമിഴ് നടന്‍ സമുദ്രക്കനിയും. ഇപ്പോള്‍, ഒപ്പം റിലീസായതിന്‍റെ പത്താം വാര്‍ഷികത്തില്‍ ഹിന്ദി റീമേക്കുമായി എത്തുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍.

'ഹൈവാന്‍' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവന്നിട്ടുണ്ട്. അന്ധ കഥാപാത്രമായി ലീഡ് റോളിലെത്തുന്നത് സെയ്ഫ് അലി ഖാനാണ്. ബോളിവുഡില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍റെ ഹിറ്റ് നായകന്‍ അക്ഷയ് കുമാര്‍ ഈ ചിത്രത്തിലെത്തുന്നതാകട്ടെ കൊടൂര വില്ലന്‍ റോളിലും. ‌ഭൂത് ബംഗ്ലാവിന്‍റെ വിജയത്തിനു ശേഷം ഇരുവരും ഒന്നിക്കുമ്പോള്‍ അക്ഷയ് കുമാറി‍ന്‍റെ വില്ലന്‍ റോളാണ് ചിത്രത്തിന്‍റെ ഹൈലൈറ്റാകുന്നത്. തന്‍റെ കഥാപാത്രത്തിന് ഗ്രേ ഷെയ്ഡുകളൊന്നുമില്ലെന്നും സ്ക്രീനില്‍ ഒരു സൈക്കോ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നും അക്ഷയ് കുമാര്‍ പറയുന്നു. ആക്ഷന്‍‌, കോമഡ‍ി, ഹൊറര്‍, ഡ്രാമ തുടങ്ങിയ വ്യത്യസ്ത സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും, പൂര്‍ണ അര്‍ഥത്തില്‍ ഒരു വില്ലനാകുന്നത് ആദ്യമായാണെന്നും അക്ഷയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, വില്ലന്‍ കഥാപാത്രം അക്ഷയ് കുമാര്‍ ചോദിച്ചുവാങ്ങിയതാണെന്ന് സംവിധായകന്‍ വെളിപ്പെടുത്തുന്നു. ഇരുവരും ഒന്നിച്ച അവസാന ചിത്രം ഭൂത് ബംഗ്ലായുടെ സെറ്റില്‍‌വെച്ചാണ് പുതിയ സിനിമയുടെ കഥ അക്ഷയ് കുമാറിനോട് പറയുന്നത്. ഹൈവാന്‍റെ കഥ പറഞ്ഞതിനു ശേഷം, 'വില്ലന്‍ റോള്‍ ആര് ചെയ്യണം?' എന്ന നിര്‍ദേശം ചോദിച്ചു. 'ആ കഥാപാത്രം ഞാന്‍ ചെയ്യട്ടേ' എന്ന് അക്ഷയ് ചോദിച്ചപ്പോള്‍ താന്‍ അത്ഭുതപ്പെട്ടുപോയെന്ന് പ്രിയദര്‍ശന്‍ പറയുന്നു. അക്ഷയ് കുമാറിലെ നടന്‍റെ പൂർണമായ കഴിവ് പുറത്തെടുക്കാൻ ഇതൊരു അവസരമായി ഞാൻ കണ്ടെന്നായിരുന്നു പ്രിയദര്‍ശന്‍റെ ഭാഷ്യം.

സെയ്ഫ് അലി ഖാന്‍ നായകനും അക്കി വില്ലനുമായി സ്ക്രീന്‍ പങ്കിടുമ്പോള്‍, ഇരുവരും 17 വര്‍ഷങ്ങള്‍ക്കു ശേഷം വെള്ളിത്തിരയില്‍ ഒന്നിക്കുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബൊമൻ ഇറാനി, സയാമി ഖേർ, ശ്രിയ പിൽഗോങ്കർ എന്നിവരാണ് ഹൈവാനിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. മലയാളത്തില്‍ നിന്നും മോഹന്‍ലാലും ഒരു നിര്‍ണായക കഥാപാത്രമായി അതിഥി വേഷത്തില്‍ ഹൈവാനിലെത്തുന്നുണ്ട്. പ്രിയദര്‍ശന്‍റെ 99–ാം ചിത്രമെന്ന വിശേഷണത്തോടെയാണ് സെപ്റ്റംബര്‍ 11 ന് ഹൈവാന്‍ തിയറ്ററിലേക്കെത്തുന്നത്.

ENGLISH SUMMARY:

Malayala Manorama Online News highlights the 10th anniversary of the Malayalam film Oppam, which featured Mohanlal as a visually impaired character. The article further discusses its Hindi remake, Hayvan, directed by Priyadarshan and starring Saif Ali Khan and Akshay Kumar in a villainous role, marking a reunion for the actors after 17 years.