മലയാളത്തിൽ വൻ വിജയം നേടിയ 'പ്രേമലു'വിന്റെ ഹിന്ദി പതിപ്പായ 'പ്രേം കീടാണു'വിന്റെ ടീസർ പുറത്തിറങ്ങി. മലയാളം ചിത്രത്തിലെ ഐടി കമ്പനി പശ്ചാത്തലത്തിലുള്ള സുഹൃദ്ബന്ധമല്ല ഹിന്ദിയിലെത്തുമ്പോൾ ഒരുക്കിയിരിക്കുന്നത്. കോളജ് പശ്ചാത്തലമാക്കിയുള്ള റൊമാന്റിക് കോമഡി എന്റർടെയ്നറാണ് ഈ ചിത്രം.
'പ്രേമലു'വിന്റെ അതേ കഥയല്ല ഹിന്ദിയിലുള്ളത്. കഥയിലെ പ്രധാന ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്താണ് ഈ റീമേക്ക് ഒരുക്കിയിരിക്കുന്നത്. അവനിക ഫിലിംസിന്റെ ബാനറിൽ അപൂർവ് സിങ് കർക്കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'സിർഫ് ഏക് ബന്ദാ കാഫി ഹൈ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അപൂർവ് സിങ് കർക്കി. ഭാവന സ്റ്റുഡിയോസ് നിർമാണ പങ്കാളിയാണ്. ചിത്രം ഒക്ടോബർ രണ്ടിനു തിയറ്ററുകളിലെത്തും.
2024ൽ തിയറ്ററുകളിലെത്തിയ 'പ്രേമലു' മലയാള സിനിമയിലെ വലിയ വിജയങ്ങളിലൊന്നായിരുന്നു. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രത്തിൽ നസ്‌ലൻ, മമിത ബൈജു, സംഗീത് പ്രതാപ്, ശ്യാം മോഹൻ, അഖില ഭാർഗവൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നായിരുന്നു നിർമാണം.