മലയാള സിനിമയിൽ ബോക്സ് ഓഫീസ് തരംഗം സൃഷ്ടിച്ച 'പ്രേമലു'വിന്റെ രണ്ടാം ഭാഗം ഉപേക്ഷിക്കാന്‍ കാരണം നടന്‍ നസ്‌ലിൻ ഗഫൂർ ഭീമമായ പ്രതിഫലം ആവശ്യപ്പെട്ടതാണെന്ന് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ്. സംവിധായകൻ ഗിരീഷ് എ.ഡിയുടെ തിരക്കഥയിൽ അതൃപ്തി തോന്നിയതിനാലാണ് നസ്‌ലിൻ സിനിമയിൽ നിന്ന് പിന്മാറിയതെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് ആലപ്പി അഷ്‌റഫ് ചൂണ്ടിക്കാട്ടി. തിരക്കഥയിൽ അഭിനയിക്കാൻ നസ്‌ലിൻ തയ്യാറായിരുന്നുവെങ്കിലും ചിത്രത്തിനായി താരം ആവശ്യപ്പെട്ട തുക കേട്ട് നിർമ്മാതാക്കളും സംവിധായകനും അമ്പരന്നു. തങ്ങളെ കൈപിടിച്ചുയർത്തിയ നിർമ്മാണ കമ്പനികളോടും സംവിധായകരോടും അഭിനേതാക്കൾ പുലർത്തേണ്ട മാന്യതയും പ്രതിബദ്ധതയും നസ്‌ലിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.

'ഇപ്പോൾ നസ്‌ലിനെക്കുറിച്ചുള്ള ചൂടേറിയ വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇടംപിടിച്ചിരിക്കുകയാണ്. ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രം തിയേറ്ററുകളെ ഇളക്കിമറിച്ച് ഓടിക്കൊണ്ടിരിക്കുമ്പോഴാണ് നസ്‌ലിനെക്കുറിച്ചുള്ള ചർച്ചകൾ ഉയർന്നു വരുന്നത്. നസ്‌ലിന്റെ സിനിമാ ജീവിതയാത്രയിൽ നാഴികക്കല്ലായ ചിത്രമാണല്ലോ ‘പ്രേമലു’. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും ഒക്കെ ‘പ്രേമലു’ ചരിത്ര വിജയം നേടി. 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം 150 കോടിയിലേറെയാണ് കലക്ട് ചെയ്തത്. പ്രേമലുവിന്റെ നിർമാണ കമ്പനി ഭാവനാ സ്റ്റുഡിയോസ് ആണ്. ഈ ബാനർ തന്നെയാണ് ‘ബെത്ലഹേം കുടുംബ യൂണിറ്റും’ നിർമിച്ചിരിക്കുന്നത്.

പ്രേമലുവിന്റെയും ബെത്ലഹേം കുടുംബ യൂണിറ്റിന്റെയും സംവിധായകൻ എ.ഡി. ഗിരീഷ് ആണ്. ഗിരീഷിന്‍റെ സംവിധാനത്തിലുള്ള ‘തണ്ണീർമത്തൻ’, ‘സൂപ്പർ ശരണ്യ’, ‘അയാം കാതലൻ’ എന്നീ ചിത്രങ്ങളിലും നസ്‌ലിൻ അഭിനയിച്ചിട്ടുണ്ട്. പ്രേമലുവിനു ശേഷം വന്ന ‘അയാം കാതലൻ’ എന്ന ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അതിനുശേഷമാണ് പ്രേമലുവിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ആലോചനകൾ വരുന്നത്.

ഈ വിവരം അറിഞ്ഞപ്പോള്‍ പ്രേമലുവിന്റെ ഒന്നാം ഭാഗത്തിൽ അഭിനയിച്ചവരൊക്കെ അത്യധികം സന്തോഷിക്കുകയും അതിൽ അഭിനയിക്കുവാനുള്ള തയ്യാറെടുപ്പ് ആരംഭിക്കുകയും ചെയ്തു എന്നാണ് അറിയാൻ കഴിഞ്ഞത്. അതിന്റെയും നിർമാണം ഭാവനാ സ്റ്റുഡിയോസ് തന്നെ ഏറ്റെടുക്കുന്നു എന്ന വാർത്തയും സ്ഥിരീകരിച്ചിരുന്നു.

പ്രേമലുവിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് അതിന്റെ സംവിധായകനായ എ.ഡി. ഗിരീഷിന് വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. കലക്‌ഷനിൽ പ്രേമലു ഒന്നാം ഭാഗത്തെ കടത്തിവെട്ടുമെന്നുള്ള വിശ്വാസവും സംവിധായകൻ പ്രകടിപ്പിച്ചിരുന്നു. പ്രേക്ഷകരും ആ ചിത്രത്തിനുവേണ്ടി ഏറെ പ്രതീക്ഷയോടെ കാത്തിരുന്നു എന്ന് വേണം പറയാൻ. ഏത് സിനിമയുടെയും രണ്ടാം ഭാഗം ചിത്രീകരിക്കുമ്പോൾ അതിന്റെ ഒന്നാം ഭാഗത്തിൽ അഭിനയിച്ച നടീനടന്മാരുടെ സഹകരണം അത്യന്താപേക്ഷിതമാണ്.

സംവിധായകനും നസ്‌ലിനും തമ്മിൽ വ്യക്തിപരമായ പിണക്കങ്ങളോ വൈരാഗ്യങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. മാത്രമല്ല, അവർ തമ്മിൽ മാനസികമായി വലിയ അടുപ്പവും ഉണ്ടായിരുന്നു എന്നും പറയപ്പെടുന്നുണ്ട്. അങ്ങനെയിരിക്കുമ്പോഴാണ് ഇതിന്റെ നിർമാതാക്കളിൽ ഒരാളായ ദിലീഷ് പോത്തൻ പ്രേമലു രണ്ടാം ഭാഗം ഉപേക്ഷിക്കുന്നു എന്ന് വെളിപ്പെടുത്തുന്നത്. എന്നാൽ അന്ന് അതിന്റെ കാരണം അദ്ദേഹം പറഞ്ഞില്ല.

അടുത്തിടെ സംവിധായകനായ എ.ഡി. ഗിരീഷ് പറഞ്ഞ ചില കാര്യങ്ങളുണ്ട്. ‘ചിലർക്ക് അവരുടെ കാര്യങ്ങളാണ് നടക്കേണ്ടത്. അവരുടെ കാര്യം നടക്കണമെങ്കിൽ അവർ വേറെ പോകട്ടെ" എന്നായിരുന്നു ഗിരീഷിന്‍റെ വാക്കുകള്‍. ഇത് കേട്ട പ്രേക്ഷകർ ഉടൻ രണ്ടു പക്ഷത്തായി നിലയുറപ്പിച്ച് അഭിപ്രായങ്ങൾ പറയാൻ തുടങ്ങി. നസ്‍ലിന് സ്ക്രിപ്റ്റ് ഇഷ്ടമായില്ല, അതൃപ്തി തോന്നി, അതുകൊണ്ടാണ് അത് ഉപേക്ഷിച്ചതെന്ന് ഒരുപക്ഷം. അത് ഉപേക്ഷിക്കുക എന്നത് നസ്‍ലിന്റെ സ്വാതന്ത്ര്യമല്ലേ എന്നും അവർ ചോദിക്കുന്നുണ്ട്. എന്നാൽ സംവിധായക പക്ഷത്തുള്ളവർ പറയുന്നു: ‘ബംഗാളി മുഖമുള്ള ഇവനെ ഈ നിലയിൽ എത്തിച്ചവരോട് നന്ദികേടാണ് കാണിച്ചത്, ഇവൻ അഹങ്കാരിയാണ്’ എന്നും മറ്റും.

എന്നാൽ കാരണമായി ഞാൻ അറിഞ്ഞത് ഇതൊന്നുമല്ല. ഗിരീഷിന്റെ സ്ക്രിപ്റ്റിനെ നസ്‍ലിൻ കുറ്റപ്പെടുത്തിയിട്ടില്ല, അദ്ദേഹം അഭിനയിക്കുവാനും തയാറായിരുന്നു. എന്നാൽ അതിനായി നസ്‍ലിൻ ആവശ്യപ്പെട്ട പ്രതിഫലം കേട്ട് അവരെല്ലാം ഞെട്ടിപ്പോയി. സാധാരണ, നടീനടന്മാർ അവരെ കൈപിടിച്ചുകയറ്റിയ കമ്പനികളോട് പ്രതിഫലത്തിന്റെ കാര്യത്തിൽ അനുഭവപൂർവ്വമായ സമീപനമാണ് സ്വീകരിക്കാറുള്ളത്.

ഇവിടെ പ്രേമലുവിന്റെ രണ്ടാം ഭാഗത്തിലേക്ക് നസ്‍ലിൻ എന്ന അഭിനേതാവ് ഒരു അവിഭാജ്യ ഘടകമാണെന്നുള്ള ബോധ്യമായിരിക്കാം വൻതുക പ്രതിഫലം ചോദിക്കാന്‍ കാരണം. അതുകൊണ്ടാകണം സംവിധായകൻ പറഞ്ഞത് ‘അവരുടെ കാര്യം നടക്കണമെങ്കിൽ അവർ വേറെ പോകട്ടെ’ എന്ന്. പ്രതിഫല തർക്കത്തെക്കുറിച്ചുള്ള വിവരം ഞാൻ അറിഞ്ഞത് കമ്പനിയുമായി അടുത്ത ബന്ധം പുലർത്തുന്ന ചിലരിൽ നിന്നാണ്. ഈ കേട്ടത് സത്യമാണെങ്കിൽ ഒരു കലാകാരൻ എന്ന നിലയിൽ നസ്‍ലിന് ഉയരങ്ങൾ താണ്ടാൻ ചവിട്ടുപടി പണിതു തന്നവരോട് ഒരു പ്രതിബദ്ധതയൊക്കെ ഉണ്ടായിരിക്കേണ്ടതല്ലേ?

‘പ്രേമലു’ രണ്ടാം ഭാഗത്തെക്കുറിച്ച് വലിയ സ്വപ്നങ്ങള്‍ വച്ചുപുലർത്തുന്ന ആളാണ് ഗിരീഷ് എ.ഡി. അദ്ദേഹത്തിന്റെ പ്രതീക്ഷകൾക്ക് നിറം പകരാൻ നസ്‍ലിൻ കുറച്ച് വിട്ടുവീഴ്ചകൾക്ക് തയ്യാറായാൽ അതൊരു നല്ല കാര്യമല്ലേ? നസ്‍ലിൻ ഒരു പുനർചിന്തനത്തിന് തയ്യാറായാൽ നല്ലൊരു കലാസൃഷ്ടി കണ്ടസ്വദിക്കുവാൻ പ്രേക്ഷകർക്ക് സാധിക്കും. മാത്രമല്ല, നിങ്ങൾ തമ്മിലുള്ള ബന്ധത്തിനും അടുപ്പത്തിനും കൂടുതൽ ദൃഢതയും വരും. അത് നസ്‍ലിൻ എന്ന പുതുതലമുറ നായകനോടുള്ള പ്രേക്ഷകരുടെ ഇഷ്ടവും സ്നേഹവും വർദ്ധിക്കുവാനുള്ള കാരണമാവുകയും ചെയ്യും. അങ്ങനെ സംഭവിക്കട്ടെ,' ആലപ്പി അഷ്റഫ് പറഞ്ഞു.

ENGLISH SUMMARY:

Veteran director Alleppey Ashraf has revealed that the sequel to the blockbuster movie Premalu was shelved primarily due to actor Naslen Gafoor demanding an exorbitant remuneration. Dismissing rumors that Naslen backed out because he was dissatisfied with director Girish A.D.'s script, Ashraf clarified that the actor was willing to perform but his financial demands shocked the producers. He noted that the production house Bhavana Studios and Girish A.D. were pivotal in shaping Naslen's career through multiple successful projects. Calling for a reconsideration, Ashraf suggested that a compromise from Naslen regarding his fee could revive the highly anticipated project for moviegoers.