ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് യഷ് നായകനായ ബ്രഹ്മാണ്ഡ ചിത്രം 'ടോക്സിക്' തിയറ്ററുകളിൽ വലിയ തിരിച്ചടി നേരിടുന്നതിനിടെ, ചിത്രത്തിന്റെ അണിയറയിൽ കഥയിലും ചിത്രീകരണത്തിലും ഇടപെടലുകള്‍ നടന്നുവെന്ന ആരോപണങ്ങളുമായി സംവിധായകനും നിര്‍മാതാവുമായ ആലപ്പി അഷ്റഫ്. സംവിധായികയെ പൂർണ്ണമായും ഒറ്റപ്പെടുത്തിക്കൊണ്ട് നിർമ്മാതാക്കളും വിതരണക്കാരും ചിത്രത്തിൽ നടത്തിയ കൈകടത്തലുകളാണ് വലിയ പരാജയത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
മലയാള സിനിമാചരിത്രത്തിൽ വമ്പൻ സംവിധായകർക്ക് പോലും ലഭിക്കാത്ത വലിയൊരു അവസരമാണ് നിർമ്മാണ പങ്കാളി കൂടിയായ യഷിലൂടെ ഗീതു മോഹൻദാസിന് ലഭിച്ചത്. എന്നാൽ, ലോകമെമ്പാടുമായി റിലീസ് ചെയ്ത ചിത്രത്തെ നിരൂപകരും പ്രേക്ഷകരും ഒരുപോലെ തള്ളിക്കളയുകയായിരുന്നു. കഥയിൽ വ്യക്തതയില്ലെന്നും അമിതമായ അക്രമരംഗങ്ങളും സെക്സ് സീക്വൻസുകളും മാത്രമാണ് സിനിമയിലുള്ളതെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.
ആലപ്പി അഷ്റഫിന്‍റെ വാക്കുകള്‍
മലയാള സിനിമ ചരിത്രത്തിൽ വമ്പൻ സംവിധായകർക്ക് പോലും ലഭിക്കാത്ത ഒരു അവസരമാണ് കൈവന്നുചേർന്നത്. ഇവിടെ ഗീതു മോഹൻദാസിന് ഇതുപോലുള്ള ഒരു നിർമാതാവിനെയും യഷ് എന്ന സൂപ്പർ നായകനെയും ഒന്നിച്ചു ലഭിക്കുക എന്നത് ഒരു മഹാസംഭവമാണ്, ഒരു മഹാഭാഗ്യവുമാണ്. കൂടാതെ പടത്തിന്റെ മേൽ യഷിനുള്ള അമിത വിശ്വാസം മൂലം അദ്ദേഹവും ചിത്രത്തിന്റെ നിർമാണ പങ്കാളിയാവുകയും ചെയ്തു. മാത്രമല്ല, യഷ് ഗീതുവിനോടൊപ്പം തിരക്കഥാരചനയിലും പങ്കുചേർന്നിട്ടുണ്ട്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് 2024 ഓഗസ്റ്റിലാണ് ബെംഗളൂരുവിൽ ആരംഭിച്ചത്. നയൻതാര ഉൾപ്പെടെ ഒരു വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. എല്ലാ അഭിനേതാക്കളും വലിയ താരമൂല്യമുള്ളവർ. അങ്ങനെ പണം വാരി ചെലവാക്കി ഒരു ബ്രഹ്മാണ്ഡ ചിത്രം ഒരുക്കി. ലോകമെമ്പാടുമായി പന്തീരായിരം സ്ക്രീനുകളിലാണ് പടം റിലീസ് ചെയ്തത്.
എന്നാൽ ചിത്രത്തിന്റെ വിജയം ആഘോഷിക്കേണ്ടതിനു പകരം നിരൂപകർ വലിയ ആഘോഷമാക്കി മാറ്റി പടത്തിനെ പിച്ചിച്ചീന്തി. ചിത്രം ബോക്സ്ഓഫിസിൽ തകർന്നടിഞ്ഞു എന്ന് മാത്രമല്ല, ഈ അടുത്ത കാലത്തൊന്നും നിരൂപകർ ഒരിക്കലും ഇത്രത്തോളം ഒരു ചിത്രത്തെ അപമാനിക്കുന്നത് കേട്ടിട്ടില്ല. തമിഴിലെ ചില നിരൂപകരുടെ നിരൂപണം കേട്ടാൽ പെറ്റ തള്ള സഹിക്കില്ല; അത്രത്തോളം അവർ പടത്തെ അപമാനിച്ച് അർമാദിക്കുകയായിരുന്നു. ഗീതു മോഹൻദാസിന്റെ കഥ കേട്ട് നിർമ്മാണ കമ്പനിയും യഷും എല്ലാം ആ കഥ ഇഷ്ടപ്പെട്ടിട്ടാണല്ലോ ഇതിന്റെ സംവിധാന ചുമതല ഗീതു മോഹൻദാസിനെ ഏൽപ്പിക്കുന്നത്. കൂടാതെ ഗീതുവിനോടൊപ്പം സഹായത്തിനും ക്യാമറ ചലിപ്പിക്കുന്നതിനുമായി സംവിധായികയുടെ ജീവിതപങ്കാളിയായ രാജീവ് രവിയും ഒപ്പമുണ്ട്. സിനിമാറ്റോഗ്രാഫിക്ക് നാഷനൽ അവാർഡ് വാങ്ങിയിട്ടുള്ള വ്യക്തിയും, മലയാളത്തിൽ 'അന്നയും റസൂലും', 'കമ്മട്ടിപ്പാടം' മുതലായ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ആളുമാണ് രാജീവ് രവി.
യഷിന് ഗീതു എന്ന സംവിധായികയിൽ വലിയ പ്രതീക്ഷയും വിശ്വാസവും ഒക്കെ ഉണ്ടായിരുന്നു. എന്നാൽ ആ വിശ്വാസപ്രമാണങ്ങൾക്കും പ്രതീക്ഷകൾക്കും റിലീസ് വരെ ആയുസ്സുണ്ടായിരുന്നുള്ളൂ. ഒരു ബ്രഹ്മാണ്ഡ ചിത്രം ചില്ലുകൊട്ടാരം പോലെ തകർന്നടിഞ്ഞപ്പോൾ എല്ലാ നിരൂപകരും തിരിഞ്ഞത് ഗീതു മോഹൻദാസ് എന്ന സംവിധായകയ്ക്ക് നേരെയാണ്.
അശ്വന്ത് കോക്ക് സാധാരണ സിനിമാ നിരൂപണം പറയുമ്പോൾ ആ ചിത്രത്തിലെ കഥാപാത്രത്തെ അനുകരിച്ചുകൊണ്ട് ഫാൻസി ഡ്രസ്സിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഈ പ്രാവശ്യത്തെ 'ടോക്സിക്' നിരൂപണത്തിൽ അശ്വന്ത് കോക്ക് തുണിയില്ലാതെ പ്രത്യക്ഷപ്പെടുമെന്ന് കരുതിയതായി ധാരാളം കമന്റുകൾ വായിക്കാൻ ഇടയായി. അത്രത്തോളം സെക്സ് സീക്വൻസുകളുള്ള ഒരു പടമായിട്ടാണ് ഇതിനെ കാണുന്നത്. സിനിമ കണ്ടവരെല്ലാം അന്തംവിട്ടു ചോദിക്കുന്ന ഒരു ചോദ്യമുണ്ട്—ഗീതു മോഹൻദാസിന് ഇതെന്തു പറ്റി എന്ന്! സിനിമകളിൽ ചിലതൊക്കെ കലക്ഷനിൽ മോശമാകുമ്പോഴും സിനിമയ്ക്ക് ഒരു അഭിപ്രായം ഉണ്ടാകാറുണ്ട്. ഇത് കണ്ടവരെല്ലാം ഒരേപോലെ പറയുന്നത്, 'ടോക്സിക്' കണ്ടിട്ട് ഒന്നും മനസ്സിലാകുന്നില്ലെന്നും കുറെ വെടിയൊച്ചകൾ മാത്രമാണുള്ളതെന്നുമാണ്.
ഇവിടെ നിരൂപകർ ഒന്നടങ്കം ഗീതു മോഹൻദാസിനെ എയറിൽ നിർത്തുമ്പോൾ, അധികം ആർക്കും അറിയാൻ പാടില്ലാത്ത ഒരു പിന്നാമ്പുറ കഥയുണ്ട് ഈ ചിത്രവുമായി ബന്ധപ്പെട്ട്. ഒരുപക്ഷേ, കുറച്ചധികം നാളുകൾ കഴിയുമ്പോൾ ഞാൻ പറയാൻ പോകുന്ന സംഭവകഥ അവർ തന്നെ വെളിയിൽ വിടുമായിരിക്കും. ഒരു സംവിധായകനോ സംവിധായികയോ ഒരു കഥയുണ്ടാക്കി അവരുടെ ഭാവനയ്ക്കനുസരിച്ച് അതിനെ പരിപോഷിപ്പിച്ച് മനസ്സിലിട്ട് താലോലിച്ചു വളർത്തി എങ്ങനെ മനോഹരമായ ഒരു കലാരൂപം സൃഷ്ടിക്കാം എന്നത് തികച്ചും ആ സംവിധായകന്റെ അല്ലെങ്കിൽ സംവിധായികയുടെ മനസ്സിൽ മാത്രം ഉടലെടുക്കുന്ന ഒന്നാണ്. അതിനെ മറ്റു ടെക്നീഷ്യന്മാരെല്ലാം ചേർന്ന് മൂല്യചോർച്ച സംഭവിക്കാതെ മനോഹരമായി ചിത്രീകരിച്ചെടുക്കുന്നു. അതിലെ നല്ലത് മാത്രം എഡിറ്റ് ചെയ്ത് സംഗീതവും എഫക്റ്റുമൊക്കെ കൊടുത്തുകൊണ്ട് കൂടുതൽ മോടിപിടിപ്പിക്കുന്നു. ശരിക്കും ഗീതു മോഹൻദാസ് അങ്ങനെ തന്റെ മനസ്സിൽ താലോലിച്ച ആ കഥയെ രാജീവ് രവിയുമായി ചർച്ച ചെയ്ത്, വളരെ ഭംഗിയായി അവർ ഉദ്ദേശിച്ച കഥയെ മനോഹരമാക്കി ചിത്രീകരിച്ചു. സംവിധായികയ്ക്കും ക്യാമറാമാനും എന്തിന് യഷിനു പോലും അവരെടുത്തു വച്ച സിനിമയിൽ സംതൃപ്തി ഉണ്ടായിരുന്നു.
എന്നാൽ ചിത്രം പൂർത്തിയായി കണ്ടതിനു ശേഷം കാര്യങ്ങളെല്ലാം തലകീഴായി മറിഞ്ഞു. സിനിമ കണ്ട ബിസിനസ് ഗ്രൂപ്പിലെ ഭൂരിപക്ഷം പേരും ഒരേ അഭിപ്രായത്തിൽ എത്തി, ഈ ചിത്രത്തിന് നല്ല അഭിപ്രായം ലഭിച്ചേക്കാം, പക്ഷേ പണം കിട്ടില്ല! അങ്ങനെ ചർച്ചകൾ ചൂടുപിടിച്ചു. പണം നഷ്ടപ്പെടുമെന്ന് കേട്ട നിർമ്മാതാവും വിതരണക്കാരും മറ്റൊരു തീരുമാനത്തിലെത്തി: പല സീനുകളും വീണ്ടും മാറ്റി ഷൂട്ട് ചെയ്യുക. ആ തീരുമാനത്തോട് എല്ലാവരും ഒന്നുചേർന്നു. അവിടെ ഗീതുവിനെ ഒറ്റപ്പെടുത്തി, ഗീതു ആകെ ധർമ്മസങ്കടത്തിലുമായി. ഒരു സംവിധായികയുടെ മനസ്സിൽ ഉണ്ടായിരുന്ന ആ സിനിമയെ അതുമായി ബന്ധമില്ലാത്ത ഒരുകൂട്ടം ആൾക്കാർ കൈയേറി അതിനെ റീഷഫിൾ ചെയ്തു.
അങ്ങനെ അതിൽ നിരവധി പേരുടെ കൈകടത്തലുകൾ ഉണ്ടായി. ഗീതുവിന്റെ നിസ്സഹായ അവസ്ഥയിൽ ചിത്രം മറ്റൊരാളെ വച്ച് 40 ദിവസത്തോളം വീണ്ടും ഷൂട്ട് ചെയ്തു. ചുരുക്കം പറഞ്ഞാൽ, എല്ലാവരും ചേർന്ന് മഹത്തായ ഒരു കലാരൂപത്തെ വികൃതമാക്കി; കലക്ഷന് വേണ്ടി ഹോട്ട് സീക്വൻസുകളും വെടിവപ്പുകളും ധാരാളം തിരുകിക്കേറ്റി.
എല്ലാം കണ്ടും കേട്ടും നിസ്സഹായയായി സങ്കടമുള്ളിൽ ഒതുക്കി ഗീതു മോഹൻദാസ് മൗനം പാലിച്ചു നിന്നു എന്നാണ് പറയപ്പെടുന്നത്. കൊട്ടിഘോഷിച്ചുകൊണ്ട് ലോകം മുഴുവൻ ചിത്രം റിലീസ് ചെയ്യുന്നു. ചിത്രം എട്ടു നിലയിൽ പൊട്ടി നിലംപരിശാകുന്നു. ഇതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്. രണ്ടാമത് ഷൂട്ട് ചെയ്തതിനുശേഷം ഗീതുവിന്റെ കഥയുമായിട്ട് ഇതിന് വലിയ സാമ്യം ഒന്നും ഇല്ലായിരുന്നു. ഇനി ഗീതുവിന്റെ സിനിമ ആയിരുന്നുവെങ്കിൽ ഒരിക്കലും ആ സിനിമയ്ക്ക് ഈ ഒരു ഗതി വരില്ലായിരുന്നു; കാരണം ഗീതുവിനും രാജീവ് രവിക്കും സിനിമ എന്തെന്നും അതെങ്ങനെ എടുക്കണമെന്നും അറിയാവുന്നവരാണ്. ഇനിയും അവർക്ക് അതിന് കഴിയുമെന്ന് കാലം തെളിയിക്കും.