കന്നഡ സൂപ്പർതാരം യഷ് നായകനായി തിയറ്ററുകളിലെത്തിയ 'ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്പ്‌സ്' കഴിഞ്ഞ ദിവസമണ് റിലീസ് ചെയ്തത്. ചിത്രം കടുത്ത വിമർശനം നേരിടുമ്പോഴും ബോക്‌സ് ഓഫീസിൽ ആദ്യദിനം ആഗോളതലത്തിൽ 150 കോടി രൂപയിലേറെയും ഇന്ത്യയിൽ നിന്ന് മാത്രം 120 കോടിയോളം രൂപയും വാരി. എന്നിരുന്നാലും നെഗറ്റീവ് റിവ്യൂകളാലും വിമർശനങ്ങളാലും വലയുകയാണ് 'ടോക്സിക്'. ഇതിനിടയില്‍ ചിത്രത്തിന്റെ സംവിധായിക ഗീതു മോഹൻദാസിന്റെ പഴയൊരു അഭിമുഖം സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്. 

ഫിലിം കമ്പാനിയൻ സൗത്തിന് നൽകിയ പഴയ അഭിമുഖത്തിൽ തന്റെ തിരക്കഥാ രചനയെക്കുറിച്ചും സിനിമാ നിർമ്മാണത്തെക്കുറിച്ചും ഗീതു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുന്നത്. 'ഞാൻ എഴുതുന്നത് ഒന്നായിരിക്കും, ചിത്രീകരിക്കുന്നത് മറ്റൊന്നായിരിക്കും, എഡിറ്റ് ചെയ്ത് പുറത്തുവരുമ്പോൾ അത് വേറൊരു സിനിമയായിരിക്കും. അതിനുശേഷമാണ് ഞാൻ സന്തോഷവതിയാകുന്നത്. ഞാൻ ഒരിക്കലും എഴുതിയ സ്ക്രിപ്റ്റിൽ ഉറച്ചു നിൽക്കാറില്ല,' എന്നായിരുന്നു ഗീതു അന്ന് വെളിപ്പെടുത്തിയത്. 

താഴെത്തട്ടിലുള്ള മാറ്റങ്ങൾ വരുത്തുമെന്നും ആദ്യത്തെ സ്ക്രിപ്റ്റ് ആയിരിക്കില്ല സിനിമയാകുമ്പോൾ കാണാൻ കഴിയുക എന്ന് താൻ നിർമ്മാതാക്കളോട് മുൻകൂട്ടി പറയാറുണ്ടെന്നും ഗീതു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ടോക്സിക്കിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാവുമ്പോള്‍ ഗീതുവിന്‍റെ വാക്കുകള്‍ വൈറലാവുകയാണ്. 

ഗീതു മോഹൻദാസും യഷും ചേർന്നാണ് ഈ ടോക്സിക്കിന്‍റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, താരാ സുതാരിയ, രുക്മിണി വസന്ത് തുടങ്ങിയ വൻ താരനിര അണിനിരന്ന ചിത്രം യാഷിന്റെ മോൺസ്റ്റർ മൈൻഡ്സും കെ.വി.എൻ പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.  

ENGLISH SUMMARY:

Kannada superstar Yash's latest release, 'Toxic: A Fairy Tale for Grown-Ups', has crossed a massive 150 crores globally on its opening day despite facing severe criticism and negative reviews. Amidst the intense backlash, an old interview of director Geetu Mohandas discussing her fluid scriptwriting and filmmaking process has resurfaced and gone viral on social media. In the past interview with Film Companion South, Geetu admitted that she never sticks to her original script, noting that the final edited film often turns out entirely different from what was initially written. Co-written by Geetu and Yash, the high-profile action drama features a stellar star cast including Nayanthara, Kiara Advani, and Huma Qureshi.