സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച കലാമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്കാരം നേടി ഗിരീഷ് എഡി ചിത്രം ‘പ്രേമലു’. നസ്‌ലിന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രേമലു ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും അണിനിരക്കുന്നു. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഫെബ്രുവരി ഒൻപതിനാണ് ചിത്രം തിയറ്ററുകളിൽ റിലീസിനെത്തിയത്. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് സിനിമയ്ക്കു ലഭിച്ചത്. ബാഹുബലി, ആർആർആർ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ എസ്.എസ്. രാജമൗലിയുടെ മകന്‍ എസ്.എസ്. കാര്‍ത്തികേയയുടെ ഉടമസ്ഥതയിലുള്ള ഷോയിങ് ബിസിനസ് എന്ന വിതരണ കമ്പനിയാണ് പ്രേമലുവിന്റെ തെലുങ്ക് റൈറ്റ്സ് സ്വന്തമാക്കിയത്. ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസാണ് പ്രേമലുവിന്റെ തമിഴ് റിലീസ് റൈറ്റ്സ് സ്വന്തമാക്കിയത്.

കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് ശേഷം യുകെയിൽ പോയി രക്ഷപ്പെടണം എന്ന ആ​ഗ്രഹമുള്ള യുവാവാണ് സച്ചിൻ. പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ നടക്കാതെ വരുന്നതോടെ നാട്ടിൽ നിന്ന് എങ്ങനെയെങ്കിലും മാറിനിൽക്കണമെന്നതായി പിന്നെ സച്ചിന്റെ ചിന്ത. ഒടുവിൽ അയാൾ എത്തിച്ചേരുന്നതാകട്ടെ ഹൈദരാബാദിലും. അപ്രതീക്ഷിതമായി അവന്റെ ജീവിതത്തിലേയ്ക്ക് ഒരു പെൺകുട്ടി കടന്നുവരികയാണ്. അവളോട് തോന്നുന്ന പ്രണയം അവനെ പുതിയ ലക്ഷ്യങ്ങളിലേയ്ക്ക് എത്തിക്കുകയാണ്. തുടർന്നുണ്ടാകുന്ന പ്രണയത്തിൽ ചാലിച്ച സംഭവവികാസങ്ങളാണ് ചിത്രം.

വിഷ്ണു വിജയ് ഒരുക്കിയ സംഗീതമാണ് ചിത്രത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന്. പശ്ചാത്തല സംഗീതവും ​ഗാനങ്ങളും മികച്ചുനിന്നു. ഒരിടവേളയ്ക്ക് ശേഷം മാർക്കോസ് ​ഗാനം ആലപിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സുഹൈല്‍ കോയയുടെ രചനയിൽ മാർക്കോസ് പാടിയ 'തെലങ്കാന ബൊമ്മലു' എന്ന ഗാനം റിലീസിന് മുന്നെ ശ്രദ്ധ നേടിയിരുന്നു.

ENGLISH SUMMARY:

Premalu wins the award for best film with artistic value at the State Film Awards. This romantic comedy entertainer stars Naslen and Mamitha and is directed by Girish AD.