സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തെച്ചൊല്ലിയുള്ള വിവാദങ്ങളില്‍ പരസ്യപ്രതികരണം പാടില്ലെന്ന നിലപാടില്‍ ചലച്ചിത്ര അക്കാദമി. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ പരസ്യപ്രതികരണം ഒഴിവാക്കണമെന്നും ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മന്ത്രി സജി ചെറിയാന്‍ അപമാനിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വേടന്‍ നിഷേധിച്ചതോടെ തര്‍ക്കങ്ങള്‍ അവസാനിച്ചുവെന്നാണ് അക്കാദമിയുടെ നിലപാട്.
വേടനുപോലും പുരസ്കാരം നല്‍കിയെന്ന് മന്ത്രി സജിചെറിയാന്‍ കോഴിക്കോട് വച്ച് പറഞ്ഞതാണ് വിവാദത്തിലേക്ക് നയിച്ചത്. മന്ത്രി പറഞ്ഞത് ശ്രദ്ധയില്‍പ്പെടുത്തിയതോടെ ഇത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വേടന്‍ പ്രതികരിച്ചു. വിവാദപരാമര്‍ശത്തില്‍ മന്ത്രി പിന്നീട് വിശദീകരിക്കുകയും ചെയ്തു. ഗാനരചയിതാവല്ലാത്ത വേടന് അവാര്‍ഡ് നല്‍കിയതിനാലാണ് അങ്ങനെ പറഞ്ഞതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
എന്നാല്‍ മന്ത്രി തന്നെ അപമാനിച്ചതായി കരുതുന്നില്ലെന്നും മന്ത്രിക്കെതിരെ താന്‍ പറഞ്ഞുവെന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും വേടന്‍ വിഡിയോയില്‍ വ്യക്തമാക്കി. ഈ വിശദീകരണത്തിന് പിന്നാലെയാണ് തര്‍ക്കങ്ങള്‍ അവസാനിച്ചുവെന്ന നിലപാടിലേക്ക് അക്കാദമി ഭാരവാഹികള്‍ എത്തിയത്. വേടന് പുരസ്കാരം നിര്‍ണയിച്ചത് ചര്‍ച്ചകളിലൂടെയാണെങ്കിലും തീരുമാനം ഏകകണ്ഠമായിരുന്നു.
വേടന്‍റെ വരികള്‍ പരിഗണിച്ചാല്‍ മതിയെന്നും മറ്റൊന്നും ശ്രദ്ധിക്കേണ്ടതില്ലെന്നും ഭൂരിഭാഗം അംഗങ്ങളും നിലപാടെടുത്തുവെന്നാണ് അറിയുന്നത്. വേടന് പുരസ്കാരം നല്‍കിയതിനെതിരെ ദീദി ദാമോദരനും കെ.പി. വ്യാസനും പ്രതികരിച്ചിരുന്നു. ദിലീപിനായിരുന്നു പുരസ്കാരം പ്രഖ്യാപിച്ചിരുന്നതെങ്കില്‍ എന്തുമാത്രം ബഹളമുണ്ടായേനെ എന്നാണ് വ്യാസന്‍ കുറിച്ചത്.