റോബിൻ രാധാകൃഷ്ണൻ എട്ടു ലക്ഷം രൂപ തിരിച്ചു നൽകാനുണ്ടെന്ന് ഇൻഫ്ളുവൻസർ വേദ് ലക്ഷ്മി. സാമ്പത്തിക തട്ടിപ്പിന് പൊലീസ് എഫ് ഐ ആർ ഇടുമെന്നായപ്പോൾ മാപ്പ് പറഞ്ഞ് കേസിൽനിന്ന് ഒഴിവായതായും ലക്ഷ്മി മനോരമ ന്യൂസിനോട് പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണെന്ന് റോബിന്‍ പ്രതികരിച്ചു.
റോബിൻ രാധാകൃഷ്ണൻ ബി.ജെ.പിയിൽ ചേർന്നത് കേവലം സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ടാണെന്നും, മറ്റ് വ്യക്തികളിൽ നിന്ന് വാങ്ങിയ ലക്ഷക്കണക്കിന് രൂപ തിരിച്ചുനൽകിയില്ലെന്നും ആരോപിച്ച് വേദ ലക്ഷ്മി രംഗത്തെത്തിയതോടെയാണ് ആരോപണ പ്രത്യാരോപണങ്ങളുടെ തുടക്കം. എട്ടു ലക്ഷം തിരിച്ചു ചോദിച്ചപ്പോൾ മോശമായി പെരുമാറിയെന്നും റോബിനെതിരെ പുതിയ പരാതി പൊലീസിൽ നൽകുമെന്നും ലക്ഷ്മി മനോരമ ന്യൂസിനോട് പറഞ്ഞു.
ലക്ഷ്മിയും കേരള ഫാഷൻ ലീഗ് ഉടമ അഭിൽ ദേവും ചേർന്ന് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് എഡിറ്റ് ചെയ്ത ഓഡിയോ ക്ലിപ്പുകളാണ് പ്രചരിപ്പിക്കുന്നതെന്നും വ്യാജ ഓഡിയോകളും ഫോൺ സംഭാഷണങ്ങളും കാണിച്ച് തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യുകയാണെന്നുമാണ് റോബിന്‍ പറയുന്നത്. എല്ലാം നിഷേധിക്കുന്നുണ്ടെങ്കിലും പലരോടായി റോബിൻ പണം ആവശ്യപ്പെടുന്ന വീഡിയോയും ഓഡിയോകളും പുറത്തുവന്നിട്ടുണ്ട്. പൊലീസിൽ പരാതിപ്പെടാനാണ് റോബിൻ പണം തിരിച്ചു നൽകാനുള്ളവരുടെ തീരുമാനം.