23 വർഷം മുമ്പ് ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 50 ലക്ഷം രൂപ വിലവരുന്ന സ്വർണ-വെള്ളി ആഭരണങ്ങൾ കാണാതായി. പരാതിയുമായെത്തിയ ഇടപാടുകാരിക്കു മുന്നില്‍ കൈമലര്‍ത്തി ബാങ്ക് അധികൃതര്‍. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം .
2003 ഫെബ്രുവരി 26-നാണ് രശ്മി അറോറയും ഭർത്താവും ചേർന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ സേവിങ്സ് അക്കൗണ്ട് ആരംഭിച്ചത്. ഇവർക്ക് 23-ാം നമ്പർ ലോക്കർ അനുവദിക്കുകയും അതിൽ ഏകദേശം 50 ലക്ഷം രൂപ വിലവരുന്ന സ്വർണ-വെള്ളി ആഭരണങ്ങൾ സൂക്ഷിക്കുകയും ചെയ്തു. തുടർന്നുള്ള വർഷങ്ങളിൽ ഇടയ്ക്കിടെ ബാങ്കിലെത്തി ലോക്കർ പരിശോധിച്ചിരുന്നതായും അവർ പറയുന്നു. എന്നാൽ ഭർത്താവിന്റെ മരണശേഷം രശ്മി അറോറ കാൺപൂരിലെ സ്വരൂപ് നഗറിലെ വീട്ടിൽ നിന്ന് ലഖ്നൗവിലേക്ക് മാറി മകളുടെയും മരുമകന്റെയും കൂടെ താമസമാക്കി. ദൂരം കൂടുതലായതിനാൽ പിന്നീട് ബാങ്കിൽ പോകുന്നത് നിർത്തിയെങ്കിലും ലോക്കറിലെ ആഭരണങ്ങൾ സുരക്ഷിതമാണെന്നായിരുന്നു അവരുടെ വിശ്വാസം.
നാല് മാസം മുൻപ് ഇളയമകൾക്കൊപ്പം ബാങ്കിലെത്തിയപ്പോഴാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഇനി പ്രത്യേക ബാങ്കായി നിലവിലില്ലെന്നും അത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി (എസ്‌ബിഐ) ലയിച്ചെന്നും അറിയുന്നത്. എന്നാൽ എസ്‌ബിഐയുടെ രേഖകളിൽ അവരുടെ പേരിൽ ലോക്കറില്ലെന്നായിരുന്നു ബാങ്കിന്റെ മറുപടി. തുടർന്ന് അക്കൗണ്ടും ലോക്കർ അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകളുമായി വീണ്ടും ബാങ്കിലെത്തിയ രശ്മിയോട്, ലോക്കർ വാടക അവരുടെ അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക്കായി ഈടാക്കിയിരുന്നതിനാൽ അക്കൗണ്ടിലെ ബാലൻസ് പൂജ്യമായെന്നായിരുന്നു ബ്രാഞ്ച് മാനേജറുടെ വിശദീകരണം. ജൂലൈ 21-ന് അക്കൗണ്ട് വീണ്ടും സജീവമാക്കാൻ അവർ പണം നിക്ഷേപിച്ചെങ്കിലും ലോക്കറിന്റെ താക്കോൽ കൊണ്ടുവരാൻ മറന്നു. തുടര്‍ന്ന് ജൂലൈ 27-ന് വീണ്ടും ബാങ്കിലെത്തി ലോക്കർ തുറന്നപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. 23-ാം നമ്പർ ലോക്കർ പൂർണമായും ശൂന്യമായിരുന്നു.
ആഭരണങ്ങൾ തട്ടിയെടുത്തെന്ന് ആരോപിച്ച് ബാങ്ക് മാനേജ്മെന്റിനും ജീവനക്കാർക്കുമെതിരെ രശ്മി അറോറ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ബ്രാഞ്ച് മാനേജർക്കും ബന്ധപ്പെട്ട ജീവനക്കാർക്കുമെതിരെ പൊലീസ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തു. "കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ബന്ധപ്പെട്ട ബാങ്ക് ജീവനക്കാരെ ചോദ്യം ചെയ്യുകയാണ്. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്," കാൺപൂർ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (ഡിസിപി) അതുൽ ശ്രീവാസ്തവ പറഞ്ഞു. ലോക്കറുമായി ബന്ധപ്പെട്ട രേഖകൾ, ബാങ്ക് രേഖകൾ, ജീവനക്കാരുടെ പങ്ക് എന്നിവ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.