പ്രണയബന്ധത്തെ പറ്റി തുറന്നുസംസാരിച്ച് നടി അനുപമ പരമേശ്വരന്‍. ആ ബന്ധത്തിലുണ്ടായിരുന്നത് സ്നേഹമായിരുന്നില്ലെന്നും തന്നെ നിയന്ത്രിക്കാനായിരുന്നു ശ്രമമെന്നും അനുപമ പറഞ്ഞു. ബന്ധം തുടങ്ങി അല്‍പനാളുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ വിവാഹത്തിന് നിര്‍ബന്ധിച്ചുവെന്നും താനായിരുന്നു അത് തുടര്‍ച്ചയായി മുടക്കിയതെന്നും ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അനുപമ പറഞ്ഞു.
'ഏതാനും ഡേറ്റുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ വീട്ടിലേക്ക് കൊണ്ടുപോയി. കുടുംബത്തെ കണ്ടു, അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചു. മൂന്നു മാസത്തില്‍ വിവാഹനിശ്ചയത്തെ പറ്റി സംസാരിക്കാന്‍ തുടങ്ങി. എവിടെ വച്ച് വേണം, ആരെയൊക്കെ വിളിക്കണം എന്ന് ചോദിക്കാന്‍ തുടങ്ങി. വിവാഹം കഴിച്ചിരുന്നെങ്കില്‍ ആ ബന്ധം ഡിവേഴ്സില്‍ കലാശിച്ചേനെ, വിവാഹ നിശ്ചയം ഇപ്പോള്‍ വേണ്ടെന്ന് ഞാന്‍ തന്നെയാണ് പറഞ്ഞത്. കാരണം അത് സ്നേഹമല്ലെന്ന് എനിക്കറിയാമായിരുന്നു, എന്നെ നിയന്ത്രിക്കാനുള്ള വഴിയായിരുന്നു. ആദ്യം ഇതൊന്നും മനസിലായില്ലെങ്കിലും എന്തോ ശരിയല്ലെന്ന തോന്നല്‍ അന്നേയുണ്ടായിരുന്നു. അതുകൊണ്ട് പല തവണ വിവാഹനിശ്ചയം ഞാന്‍ തന്നെ വേണ്ടെന്ന് വച്ചു.
കുറച്ചുകഴിഞ്ഞപ്പോള്‍ നിയന്ത്രണം കൂടുവന്നു. ഞാന്‍ എന്തുകൊണ്ടാണ് 'ഡ്രാഗണ്‍' സിനിമയുടെ പ്രമോഷന് പോവാതിരുന്നത്? എന്‍റെ കരിയറിലെ ഏറ്റവും വിജയകരമായി സിനിമകളിലൊന്നാണത്. ഒരുപാട് സിനിമകള്‍ ഉപേക്ഷിക്കേണ്ടിവന്നു. എല്ലാത്തിലും നിയന്ത്രണമായി. നല്ലതും മോശമായ സമയമുണ്ട്. ഒരു അന്ന്യന്‍ ജീവിതത്തില്‍ ഉള്ളതുപോലെ ആയിരുന്നു. ഒരു ദിവസം റെമോയെ പോലെയാവും. ഭയങ്കര സ്നേഹമായിരിക്കും, ഞാന്‍ എത്ര ഭാഗ്യവതിയാണന്ന് തോന്നും, സ്വപ്നം പോലെ. അടുത്ത ദിവസം അന്ന്യനായിരിക്കും. ആരെങ്കിലും നിങ്ങളെ കുത്തിക്കൊന്നാലും തിരിഞ്ഞുനോക്കില്ല എന്നൊക്കെ പറയുന്ന തരത്തില്‍ ക്രൂരത കാണിക്കും. പിന്നെ കാണുന്നത് അമ്പിയെ ആയിരിക്കും, ക്ഷമ പറയും, യാചിക്കും, കൊച്ചുകുട്ടിയെ പോലെ കരയും. ഇനി ഒരിക്കലും ആവര്‍ത്തിക്കില്ല എന്ന് പറയും. വേദന തരുന്ന ആള്‍ തന്നെ ആശ്വാസമാവും. ആദ്യം അടുപ്പമായിരിക്കും, പിന്നെ അഡിക്ഷനാവും. അയാളില്ലാതെ പറ്റില്ല എന്ന അവസ്ഥ വരും.
വളരെ മോശമായ ഒരു കാര്യത്തിലൂടെ ഞാന്‍ കടന്നുപോയി. ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ ഒരു നാല് പേരെങ്കിലും കാണും. എന്നെ പോലെ പവര്‍ഫുള്ളായ ആള് എനിക്ക് പറ്റിയ മണ്ടത്തരത്തെ പറ്റി പറഞ്ഞില്ലെങ്കില്‍ ആര് പറയും? ആ കുറ്റബോധമാണ് എന്നെക്കൊണ്ട് ഇന്ന് ഇത് തുറന്നുപറയിച്ചത്. എന്‍റെ സ്വകാര്യ അഹങ്കാരമായിരുന്നു എന്‍റെ പ്രൊഫഷണലിസം. രണ്ട് വര്‍ഷം ഞാന്‍ അത്രയും അണ്‍പ്രൊഫഷണലായി. പേടിച്ചിട്ട് ആളുകളുടെ കണ്ണിലേക്ക് നോക്കാതായി, ചിരിക്കാതായി, എന്‍റെ സഹോദരനെ പോലും തൊടാതെയായി,' അനുപമ പറഞ്ഞു.