നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ സിനിമയായ രാമായണം പാർട്ട് 1ലെ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവന്നതു മുതൽ സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാണ്. സിനിമയില്‍ സീതയുടെ റോളില്‍ എത്തുന്ന സായ് പല്ലവിയും, കൈകേയിയായി അഭിനയിക്കുന്ന ലാറ ദത്തയും ധരിച്ചിരിക്കുന്ന വസ്ത്രമാണ് പ്രശ്നം. സായ് പല്ലവിയുടെ ബ്ലൗസ് ഡിസൈനുകൾ അമിതമായി ആധുനികവൽക്കരിക്കപ്പെട്ടെന്നാണ് വിമര്‍ശനം. ചരിത്രപരമായ അപാകതയുണ്ടെന്നുമാണ് ചില സൈബര്‍പോരാളികള്‍ ആരോപിക്കുന്നത്.
വിവാദങ്ങൾ കടുത്തതോടെ സിനിമയുടെ കോസ്റ്റ്യൂം ഡിസൈനർമാരായ റിംപിൾ നരുല, ഹർപ്രീത് നരുല എന്നിവർ മറുപടിയുമായി എത്തി. രാജാരവിവർമ്മയുടെ ചിത്രങ്ങളും, ക്ഷേത്രങ്ങളിലെ ശിൽപങ്ങളും അടിസ്ഥാനമാക്കിയാണ് വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്തതെന്ന് വിശദീകരിച്ചു. ത്രേതായുഗത്തിലെ വസ്ത്രങ്ങളുടെ അവശിഷ്ടങ്ങളൊന്നും നിലവിലില്ലാത്തതിനാൽ ഇത് തങ്ങളുടെ കലാപരമായ വ്യാഖ്യാനമാണെന്നാണ് ഡിസൈനർമാരുടെ നിലപാട്. ബോളിവുഡിലെ വമ്പൻ പ്രൊജക്റ്റുകളായ പത്മാവത്, ഹീരാമണ്ഡി തുടങ്ങിയവയ്ക്ക് വസ്ത്രാലങ്കാരം നിർവഹിച്ച പ്രശസ്ത ഡിസൈനർമാരാണ് ഇവർ.
കണ്ണടച്ച് സീതാദേവിയെ ആലോചിക്കുമ്പോള്‍ പുരാവസ്തുപരമായ കൃത്യതയല്ല, മറിച്ച് മനസ്സിലുള്ള രൂപമാണ് തെളിയുന്നത്. അതൊരു ബോധപൂർവമായ തീരുമാനമായിരുന്നു എന്ന് ഡിസൈനറായ റിംപിൾ വ്യക്തമാക്കി. സിനിമ മുഴുവനായി കണ്ടതിന് ശേഷം വസ്ത്രധാരണത്തെക്കുറിച്ച് സംസാരിക്കു എന്ന് ഹർപ്രീത് നരുലയും അഭ്യർത്ഥിച്ചു.
ബ്ലൗസ് വിവാദം ചരിത്രപരമായ കൃത്യതയെക്കുറിച്ചല്ലെന്നും, മറിച്ച് സ്ത്രീകൾ എങ്ങനെ പ്രത്യക്ഷപ്പെടണം എന്ന് നിയന്ത്രിക്കാനുള്ള പ്രവണതയുടെ ഭാഗമാണെന്നും സമൂഹ മാധ്യമങ്ങളിൽ അഭിപ്രായമുണ്ട്. വിവാദങ്ങൾക്കിടയിലും രൺബീർ കപൂർ ശ്രീരാമനായി എത്തുന്ന സിനിമയുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.