kanchana-sita

TOPICS COVERED

സീതയ്ക്ക് സൗന്ദര്യമില്ല, ശൂർപ്പണഖയ്ക്ക് സൗന്ദര്യം കൂടിപ്പോയി, വനവാസത്തിലെ രാമന് താടിയില്ല. നിതീഷ് തിവാരിയുടെ രാമായണം ട്രെയിലര്‍ പുറത്തുവന്നതുമുതല്‍ സോഷ്യൽ മീഡിയയിലടക്കം ഉയരുന്ന ചർച്ചകളാണിവ. പക്ഷേ, ഒന്നാലോചിച്ച് നോക്കൂ, കറുത്ത നിറമുള്ള, കല്ലുമാല ധരിച്ച, തലയിൽ തൂവൽ കിരീടം ചൂടിയ, ഗോത്രവർഗക്കാരനായ ഒരു രാമനെ ഇന്നത്തെ ഇന്ത്യൻ സിനിമയിൽ നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുമോ? എന്നാല്‍ അങ്ങനെയൊരു രാമായണം മലയാളം സിനിമയില്‍ നിന്നുമുണ്ടായിട്ടുണ്ട്. ഇന്ത്യൻ സമാന്തര സിനിമയിലെ ക്ലാസിക് എന്ന് വാഴ്ത്തപ്പെട്ട ജി. അരവിന്ദന്‍റെ 'കാഞ്ചന സീത'. 

1977-ൽ പുറത്തിറങ്ങിയ 'കാഞ്ചന സീത', സി.എൻ.ശ്രീകണ്ഠൻ നായരുടെ അതേപേരിലുള്ള നാടകത്തെ ആസ്പദമാക്കിയുള്ള ഒരു രാമായണ പുനർവായനയാണ്. ഇവിടെ കഥ തുടങ്ങുന്നത് രാവണവധത്തിന് ശേഷമാണ്. 'ഉത്തരകാണ്ഡ'ത്തിലെ ശ്രീരാമന്റെ ജീവിതം. ഇവിടെ രാമൻ ദൈവമല്ല. രാജധർമ്മത്തിനും വ്യക്തിപരമായ വികാരങ്ങൾക്കുമിടയിൽ പെട്ടുപോകുന്ന ഒരു മനുഷ്യരാജാവാണ്. സിനിമയില്‍ രാമൻ ഉൾപ്പെടെയുള്ള പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ആന്ധ്രാപ്രദേശിലെ പുരാതന ആദിവാസി വിഭാഗമായ  ചെഞ്ചു ഗോത്രവര്‍ഗക്കാരായിരുന്നു. തങ്ങൾ ശ്രീരാമന്റെ വംശപരമ്പരയിൽപ്പെട്ടവരാണെന്നാണ് ഈ വിഭാഗക്കാർ വിശ്വസിക്കുന്നത്. ആന്ധ്രാപ്രദേശിലെ വനപ്രദേശങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളും ചിത്രീകരിച്ചത്.

അധികം മേക്കപ്പോ ആഡംബരങ്ങളോ ഇല്ലാതെ, തികച്ചും സ്വാഭാവികവും പ്രകൃതിയോട് ഇണങ്ങിനിൽക്കുന്നതുമായ ഭാവമാണ് കഥാപാത്രങ്ങൾക്ക് അരവിന്ദൻ നല്‍കിയത്. ഇതിലൂടെ പുരാണത്തെ കൂടുതൽ മാനുഷികവും ഭൂമിയോട് ചേർന്നുനില്‍ക്കുന്നതുമാക്കി. പുരാണ കഥാപാത്രങ്ങളെ ഇത്തരത്തിൽ അവതരിപ്പിച്ചത് ഇന്ത്യൻ സിനിമയിൽ വലിയ പരീക്ഷണമായിരുന്നു. പ്രകൃതിയോട് പൊരുതി ജീവിക്കുന്ന, കറുത്ത കാന്തിയുള്ള, ദൃഢഗാത്രരായ ആദിവാസികളുടെ ശാരീരിക ഘടന വാല്മീകി വിഭാവനം ചെയ്ത രാമന്റെ യഥാർത്ഥ രൂപത്തോട് ഏറ്റവും അടുത്തുനിൽക്കുന്നതാണെന്ന് അരവിന്ദൻ വിശ്വസിച്ചു. ഭാഷപോലും അറിയാത്ത, യാതൊരു അഭിനയ പാരമ്പര്യവുമില്ലാത്ത ആദിവാസികളാണ് 'കാഞ്ചന സീത'യിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സംഭാഷണങ്ങളെക്കാൾ ദൃശ്യങ്ങളും ശബ്ദങ്ങളും നിശ്ശബ്ദതയുമാണ് സിനിമയുടെ ഭാഷ. 

ചിത്രത്തിൽ സീതയെ നേരിട്ട് കാണിക്കുന്നില്ല. പകരം സീതയുടെ സാന്നിധ്യം പ്രകൃതിയായി, കാടായി, നദിയായി, ഭൂമിയായി അനുഭവപ്പെടുത്തുന്നു. ആ സീതയോട്, അഥവാ സര്‍വവ്യാപിയായ പ്രകൃതിയോട് ഒന്നാകുന്ന രാമനെ കാണിച്ചാണ് സിനിമ അവസാനിക്കുന്നത്. യാഗാഗ്നിയുമായി അദ്ദേഹം നദിയിലേക്ക് നടക്കുന്നു. സീതയെ വിളിച്ചുകൊണ്ട് ജലത്തിന്റെ ആഴങ്ങളിലേക്ക് അപ്രത്യക്ഷനാകുന്നു. 

ഇന്ത്യൻ പുരാണങ്ങളെ യാഥാർഥ്യബോധത്തോടെയും പ്രതീകാത്മകതയോടെയും പുനർവായിച്ച ഒരു ചലച്ചിത്രസൃഷ്ടിയാണ് 'കാഞ്ചന സീത'. 1977-ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഈ സിനിമ സ്വന്തമാക്കി. അരവിന്ദന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. ഇന്ന് രാമായണത്തിലെ കഥാപാത്രങ്ങളുടെ രൂപത്തെക്കുറിച്ച് ചർച്ചകൾ നടക്കുമ്പോൾ, അന്‍പത് വർഷം മുമ്പ്, പതിവ് സങ്കൽപ്പങ്ങളെ ചോദ്യം ചെയ്തുകൊണ്ട് മലയാള സിനിമയിൽ ഒരു രാമൻ കടന്നുപോയിരുന്നു.

ENGLISH SUMMARY:

An article on 'Kanchana Seetha', directed by G. Aravindan, based on the play by C.N. Srikanthan Nair. This discusses the special features of this classic film, which transformed tribal people into Ramayana characters. This film, which overturned traditional concepts, was a great experiment in Indian parallel cinema. The film's unique feature is the narrative of Rama and Sita in harmony with nature. This film won the National Film Awards in 1977.