ramayana-trailer

Image Credit : Facebook

ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിതേഷ് തിവാരി ചിത്രം 'രാമായണ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. രണ്‍ബീര്‍ കപൂര്‍ രാമനായും സായ് പല്ലവി സീതയായും എത്തുന്ന ചിത്രത്തില്‍ രാവണനായി എത്തുന്നത് കന്നട സൂപ്പര്‍താരം യഷ് ആണ്. മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നിങ്ങനെ അഞ്ചുഭാഷകളിലായാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. മികച്ച ദൃശ്യവിസ്മയമായിരിക്കും ചിത്രം സമ്മാനിക്കുക എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. 

4000 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും ഡിഎൻഇജിയും യഷിന്‍റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായി ചേര്‍ന്നാണ്. രണ്ട് ഭാഗങ്ങളിലായി വരുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗമായ രാമായണ പാര്‍ട്ട് വണ്ണിന്‍റെ ട്രെയിലറാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം ഈ വര്‍ഷം ദീപാവലി റീലീസായി തിയറ്ററുകളിലെത്തും. രാമനെ കേന്ദ്രീകരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നതെങ്കിലും ട്രെയിലറില്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ചിരിക്കുന്നത് രാവണനായെത്തിയ യഷ് ആണെന്നാണ് കമന്‍റുകള്‍ വ്യക്തമാക്കുന്നത്.

അസാധ്യ പ്രകടനമാണ് യഷിന്‍റേതെന്നും രാവണനായിരിക്കും ചിത്രത്തിലൂടെ ആരാധകഹൃദയം കവരാന്‍ പോകുന്നതെന്നും കമന്‍റുകളുണ്ട്. സീതയായി എത്തുന്ന സായ് പല്ലവി സിനിമയുടെ ചിത്രീകരണവേളയിലുടനീളം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. സീതയായി സായ് പല്ലവി പോരാ എന്നായിരുന്നു തുടക്കത്തിലേയുണ്ടായിരുന്ന വിമര്‍ശനങ്ങള്‍. എന്നാല്‍ ട്രെയിലര്‍ പുറത്തുവന്നതോടെ സീതയ്ക്കും കയ്യടികളേറെയാണ്. ചിത്രത്തില്‍ രാമന്‍ വിസ്മയിപ്പിക്കുമോ എന്നറിയാന്‍ ചിത്രത്തിന്‍റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പാന്‍ ഇന്ത്യന്‍ തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ലാറ ദത്ത, രവി ദുബെ, അജിങ്ക്യ ദേവ്, കുനാൽ കപൂര്‍, രാകുല്‍ പ്രീത്, സണ്ണി ഡിയോള്‍, വിവേക് ഒബ്റോയ്, അരുൺ ഗോവിൽ എന്നിങ്ങനെ നിരവധി താരങ്ങളാണ് രാമായണയില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. മലയാളികളുടെ പ്രിയതാരം ശോഭനയും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. സംഗീത ഇതിഹാസങ്ങളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

ENGLISH SUMMARY:

The trailer for Nitesh Tiwari's highly anticipated Indian cinema film 'Ramayana' has been released, featuring Ranbir Kapoor as Ram, Sai Pallavi as Sita, and Kannada superstar Yash as Ravan. The film, a grand spectacle made with a budget of 4000 crores, will arrive in theaters this Diwali as a two-part release, with the first part's trailer now out.