ramayana

ഇന്ത്യയില്‍ ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും ചിലവേറിയ ചിത്രമായ 'രാമായണ' ട്രെയിലര്‍ പുറത്തുവന്നിരിക്കുകയാണ്. രണ്‍ബീര്‍ കപൂര്‍, യഷ്, സായ് പല്ലവി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ മികച്ച വിഷ്വല്‍ ട്വീറ്റിനാല്‍ സമ്പന്നമാണ്. ഒപ്പം ഹാന്‍സ് സിമ്മറിന്‍റേയും എആര്‍ റഹ്മാന്‍റേയും സംഗീതവും ട്രെയിലറിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തി. 

ramayana-sita

അതേസമയം ട്രെയിലര്‍ പുറത്തുവന്നതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. യഷിന്‍റെ പ്രകടനമാണ് പ്രേക്ഷകരെ ആകര്‍ഷിച്ചിരിക്കുന്നത്. ആക്ഷനിലും ഡയലോഗ് ഡെലിവറിയിലുമുള്‍പ്പെടെ ചിത്രത്തില്‍    യഷിന്‍റെ  മേധാവിത്വം വ്യക്തമെന്നാണ്  ഉയരുന്ന പ്രതികരണങ്ങള്‍.  എന്നാല്‍ രാവണനെ അതിശക്തനായി കാണിക്കുന്നത് ആ കഥാപാത്രത്തോട് യോജിക്കുന്നതാണെന്നും സിനിമയെ കൂടുതല്‍ ആസ്വാദ്യകരമാക്കുമെന്നും അഭിപ്രായമുയര്‍ന്നു. രാമനായി രണ്‍ബീര്‍ കപൂറിന് സമ്മശ്രപ്രതികരണങ്ങളാണ് ലഭിക്കുന്നത്. പ്ലാസ്റ്റിക് പോലെയും മെഴുക് പ്രതിമ പോലെയും രാമനെ കാണുമ്പോള്‍ തോന്നുന്നുവെന്നും കമന്‍റുകള്‍. വനവാസ സമയത്തും രാമനെ ഇത്ര സുന്ദരനാക്കേണ്ടിയിരുന്നില്ലെന്നും കുറച്ച് താടിയൊക്കെ ചേര്‍ത്ത് റഫ് ലുക്ക് ആക്കാമായിരുന്നുവെന്നും വിമര്‍ശനമുണ്ട്. സീതയായി അഭിനയിച്ച സായ് പല്ലവിക്ക് സീതാ ദേവിയുടെ ഓറ തോന്നുന്നില്ലെന്നും പ്രതികരണങ്ങളുണ്ട്. രാമന്‍റേയും സീതയുടേയും മേക്കപ്പ് പാളിയെന്നും നാച്ചുറല്‍ ലുക്ക് തോന്നുന്നില്ലെന്നും കമന്‍റുകളുണ്ട്. അതേസമയം ട്രെയിലര്‍ കണ്ട് മാത്രം സിനിമയെ വിലയിരുത്തരുതെന്നും സിനിമ കണ്ടിട്ട് അഭിപ്രായം പറയാമെന്നും ചിലര്‍ ഓര്‍മിപ്പിച്ചു. 

4000 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും ഡിഎൻഇജിയും യഷിന്‍റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായി ചേര്‍ന്നാണ്. രണ്ട് ഭാഗങ്ങളിലായി വരുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗമായ 'രാമായണ പാര്‍ട്ട് വണ്ണി'ന്‍റെ ട്രെയിലറാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം ഈ വര്‍ഷം ദീപാവലി റീലീസായി തിയറ്ററുകളിലെത്തും. പാന്‍ ഇന്ത്യന്‍ തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ലാറ ദത്ത, രവി ദുബെ, അജിങ്ക്യ ദേവ്, കുനാൽ കപൂര്‍, രാകുല്‍ പ്രീത്, സണ്ണി ഡിയോള്‍, വിവേക് ഒബ്റോയ്, അരുൺ ഗോവിൽ എന്നിങ്ങനെ നിരവധി താരങ്ങളാണ് രാമായണയില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. മലയാളികളുടെ പ്രിയതാരം ശോഭനയും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ENGLISH SUMMARY:

The Ramayana movie trailer has been released, showcasing Ranbir Kapoor, Yash, and Sai Pallavi in a visually stunning trailer with music by Hans Zimmer and AR Rahman. While the trailer has garnered mixed reactions, Yash's performance as Ravana has been particularly praised for its intensity and appeal.