Image Credit:X/Ramoss18

Image Credit:X/Ramoss18

  • 'വെറുതേ നഗ്നരംഗങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ അനിമലിന്‍റെ ക്വാളിറ്റി കിട്ടണമെന്നില്ല'

യഷ് ചിത്രം ടോക്സികിന്‍റെ ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ കോപ്പിയടി ആരോപണം ഉയര്‍ത്തി ആരാധകര്‍. ചിത്രത്തില്‍ യഷ് നഗ്നനായി പ്രത്യക്ഷപ്പെടുന്ന രംഗമുള്‍പ്പടെയുള്ളവ റണ്‍ബീര്‍ കപൂറിന്‍റെ അനിമലിനെ ഓര്‍മിപ്പിക്കുന്നുവെന്നും കോപ്പിയടിയില്‍ പിഎച്ച്ഡി കിട്ടുമെന്നുമാണ് സൈബറിടത്ത് നിറയുന്ന കമന്‍റുകള്‍. എന്നാല്‍ യഷിന്റെ ഗ്യാങ്സ്റ്റര്‍ ലുക്കിനെ പ്രശംസിക്കുന്ന ആരാധകരും കുറവല്ല. 'റണ്‍ബീറിനെ കോപ്പിയടിക്കുന്നതില്‍ യഷ് പിഎച്ച്ഡി എടുത്തു'വെന്ന് ഒരാള്‍ കുറിച്ചപ്പോള്‍, 'ഇതാ അനിമലിലെ റണ്‍ബീറിനെ ഓര്‍മ വരുന്നത് എനിക്ക് മാത്രമാണോ' എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്. 'അനിമലിന്‍റെ ചീപ്പ് കോപ്പി'യാണിതെന്ന് വേറെയും കമന്‍റുകളുണ്ട്. രണ്ട് ചിത്രങ്ങളിലെയും സീനുകള്‍ സഹിതമാണ് ആളുകളുടെ കമന്‍റുകള്‍. 

എന്നാല്‍ ' ശരിക്കും അനിമല്‍ എങ്ങനെയിരിക്കുമെന്ന് യഷ് റണ്‍ബീറിന് കാണിച്ച് കൊടുക്കും' എന്നും 'വെറുതേ നഗ്നരംഗങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ അനിമലിന്‍റെ ക്വാളിറ്റി കിട്ടണമെന്നില്ല' എന്നും കമന്‍റുകളുണ്ട്. 

2023 ല്‍ റിലീസ് ചെയ്ത അനിമല്‍ റെക്കോര്‍ഡ് കലക്ഷനാണ് അക്കാലത്ത് നേടിയത്. സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത ചിത്രത്തില്‍ അച്ഛന്‍ ബല്‍ബീര്‍ സിങുമായുള്ള രണ്‍വിജയ് (റണ്‍ബീര്‍ കപൂര്‍)യുടെ സങ്കീര്‍ണമായ ബന്ധമാണ് ചിത്രീകരിച്ചിരിക്കുന്നത്. അച്ഛന് വേണ്ടി പ്രതികാരത്തിനിറങ്ങുന്ന മകന്‍റെ കഥ പറഞ്ഞ ചിത്രം ടോക്സിക് മസ്കുലിനിറ്റിയെ ആഘോഷിക്കുകയാമെന്നും ചിത്രത്തിലെ വയലന്‍സ് താങ്ങാന്‍ പറ്റില്ലെന്നും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 900 കോടി രൂപയാണ് ചിത്രം ലോകമെങ്ങും നേടിയത്. 

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ഫാന്‍റസി ഗ്യാങ്സ്റ്റര്‍ ചിത്രം ടോക്സികും അച്ഛനും മകനും തമ്മിലുള്ള സങ്കീര്‍ണമായ ബന്ധം തന്നെയാണ് പറയുന്നത്. യഷ് ഇരട്ട വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ കിയാര അദ്വാനി, നയന്‍താര, താര സുതാരിയ, ഹുമ ഖുറേഷി, രുക്മിണി വാസന്ത് എന്നിവരാണ് പ്രധാന വേഷങ്ങളില്‍. വയലന്‍സും, കുടുംബ വഴക്കും, ചതിയും, അധികാരത്തര്‍ക്കവുമെല്ലാം ചിത്രത്തിലുണ്ടെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നു. മാര്‍ച്ചിലാണ് ആദ്യം ചിത്രം റിലീസ് ചെയ്യാനിരുന്നതെങ്കിലും പശ്ചിമേഷ്യന്‍ പ്രതിസന്ധിയെ തുടര്‍ന്ന് റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. പിന്നീട് ജൂണില്‍ റിലീസ് ചെയ്യുമെന്ന് പറഞ്ഞുവെങ്കിലും റിലീസ് വീണ്ടും നീട്ടി. ഓഗസ്റ്റ് 26ന് ചിത്രം തിയേറ്ററുകളിലെത്തും. 

ENGLISH SUMMARY:

Following the release of the trailer for Yash's upcoming film 'Toxic', social media users have sparked a plagiarism controversy, comparing several scenes—including a nude sequence featuring Yash—to Ranbir Kapoor's blockbuster 'Animal'. While some critics dismissed the Geetu Mohandas directorial as a "cheap copy" of Sandeep Reddy Vanga's film, fans defended Yash and praised his intense gangster look. Like 'Animal', the fantasy gangster movie explores a complex father-son dynamic mixed with violence and power struggles, featuring an ensemble cast including Kiara Advani, Nayanthara, and Huma Qureshi. Originally delayed due to geopolitical crises, 'Toxic' is now officially scheduled to hit theaters on August 26.